ശാന്തസമുദ്രങ്ങളുടെ ആഴങ്ങളിൽനിന്നത്രേ ഭീകര സുനാമികൾ ഉയിർകൊള്ളുന്നത്. തിരമാലകൾ പോലെ കണ്ണീരൊഴുക്കിയ ശേഷമാകും തീരങ്ങൾ പിന്നെ ശാന്തമാകുന്നതും. ജീവിതത്തിലെ അപ്രതീക്ഷിത കീഴ്മേൽ മറിച്ചിലുകളും ഇതു പോലെയാണ്. ദുഃഖക്കയങ്ങളിലേക്ക് ആണ്ടുപോകാൻ ജീവിതത്തിന് ഒരു നൊടിനേരം മതി. അതിലേറെ വേഗത്തിൽ ആഹ്ളാദത്തിന്റെ തീരമണയുകയും ചെയ്യും.
അതിരപ്പള്ളി വെള്ളച്ചാട്ടം പോലെയുള്ള കുത്തൊഴുക്കുകളും മരണത്തിലേക്കു മാടിവിളിക്കുന്ന ചുഴികളും ശാന്തമായി ഒഴുകുന്ന പ്രദേശങ്ങളും ഒക്കെ പോലെ വളഞ്ഞു തിരിഞ്ഞും വീണും നിവർന്നും ഒഴുകി കടലിലേക്കു ചേരുന്ന നദി പോലെയാണു ചില ജീവിതങ്ങൾ. ചിലർക്കതു കാറ്റിൽ ആടിയുലയുകയും വലുതും ചെറുതുമായ ശിഖരങ്ങളും ഇലകളും പൂക്കളും കായ്കളുമായി പക്ഷികൾക്ക് ആവാസവും മനുഷ്യർക്കും മൃഗങ്ങൾക്കും തണലുമേകുന്ന വൃക്ഷം പോലെ. ഇനിയും ചിലർക്കു വേറെ പലതും പോലെയാകും ജീവിതാനുഭവങ്ങൾ. മരണം ഒഴികെ ഒന്നിനും തീർച്ചയില്ല. മരണം ആകെട്ടെ എപ്പോൾ വരുമെന്നതിനും തീർച്ചയില്ല. വായുവിലും മണലിലും വെള്ളത്തിലും ഒക്കെയായി നാം വരയ്ക്കുന്ന മനോഹര ചിത്രങ്ങൾ പോലും ഒരുനിമിഷം കൊണ്ട് ഇല്ലാതാകുമെന്ന ബോധ്യമാണത്.
നിനച്ചിരിക്കാതെയെത്തുന്ന വൻവിജയങ്ങളും സന്തോഷങ്ങളും അനുഗ്രഹങ്ങളുമൊക്കെ വരുന്നതും ഇതേ പോലെ തന്നെയാണ്. ഒന്നും ശാശ്വതമല്ലെന്നു മനസിലാക്കിയാൽ എന്തിനെയും പക്വതയോടെയും ഒരുപരിധി വരെ നിസംഗതയോടെയും നേരിടാനാകും. തകർച്ചകളിൽ നിരാശപ്പെടാതെയും ഉയർച്ചകളിൽ അഹങ്കരിക്കാതെയും ഇരിക്കുകയാണു പ്രധാനം. ജീവിതം മറ്റുള്ളവർക്കു കൂടി വേണ്ടിയാണെന്നും ആരോടും ശാശ്വതമായ ശത്രുത പാടില്ലെന്നതും പ്രധാനമാണ്.
മരണത്തെ തട്ടിത്തെറിപ്പിച്ച കുരിശ്
കയറ്റിറക്കങ്ങളുടെ, സന്തോഷ സന്താപങ്ങളുടെ, വെല്ലുവിളികളുടെ, അദ്ഭുതങ്ങളുടെ മിശ്രിതമാണു ജീവിതം. നന്മകൾ പ്രവർത്തിക്കാനും ലോകത്തിനു മാതൃകയാകാനും ചിലർക്കും മാത്രം എങ്ങനെ കഴിയുന്നുവെന്നു ചിന്തിക്കേണ്ടതുണ്ട്. അത്തരം മനുഷ്യരും നമ്മുടെയിടയിൽ ധാരാളം ഉണ്ടെന്നതിനു തെളിവാണു മലയാളിയായ കേണൽ ഡോ. ഡി.പി.കെ. പിള്ളയെന്ന ദിവാകരൻ പത്മകുമാർ പിള്ള. അത്യപൂർവമായ മനുഷ്യത്വത്തിന്റെയും ധീരതയുടെയും സ്നേഹത്തിന്റെയും പര്യായമായി മാറുകയായിരുന്നു ഏറ്റുമാനൂരിനടുത്ത് ആറുമാനൂർ സ്വദേശിയായ ഈ പട്ടാള ഉദ്യോഗസ്ഥൻ.
പട്ടാളക്കാരുടെ കുടുംബത്തിലെ മൂന്നാം തലമുറക്കാരനായ പിള്ളയ്ക്കു തിരിഞ്ഞുനോക്കുന്പോൾ എല്ലാം ദൈവാനുഗ്രഹം. അച്ചൻ മേജർ എ.വി.ഡി പിള്ളയും അമ്മ വസന്തയുടെ അച്ഛൻ കണ്ണൂർ സ്വദേശിയായ മേജർ പി.വി.പി നന്പ്യാരും ആണു പട്ടാളത്തോടുള്ള ആഭിമുഖ്യത്തിനു കളമൊരുക്കിയത്. ദൈവത്തിൽ ആശ്രയിക്കുന്നവർക്കു മരണത്തിനു മുന്നിലും നന്മ ചെയ്യാനുള്ള ശക്തിയും പ്രത്യാശയും ലഭിക്കുമെന്നതിനു ജീവിക്കുന്ന സാക്ഷിയാണു താനെന്നു കേണൽ പിള്ള പറയുന്നു. പട്ടാളക്കാരനു ദൈവത്തിലാണു വിശ്വാസമെന്നും മതങ്ങളിൽ അല്ലെന്നും ഉറച്ച ഹൈന്ദവ വിശ്വാസിയും നല്ല ക്രിസ്ത്യാനിയുമായ പിള്ള സാക്ഷ്യപ്പെടുത്തുന്നു.
പഴയകാല ഹിന്ദി സിനിമ ദീവാറിലെ ഒരു രംഗം പോലെയാണു കേണൽ ഡി.പി.കെ പിള്ളയ്ക്കു ദൈവാനുഗ്രഹമെത്തിയത്. ക്രൈസ്തവർ മാത്രമുള്ള മണിപ്പൂരിലെ ഉൾനാടൻ ഗ്രാമത്തിലുള്ള പള്ളിയിൽ ചെന്നു പ്രാർഥിച്ച ശേഷമായിരുന്നു മണിപ്പൂർ വിപ്ലവകാരികളെ തുരത്താനുള്ള ദൗത്യത്തിനു പോയത്. തീവ്രവാദികളുടെ വെടിയുണ്ടകളും ഗ്രനേഡും ഏറ്റു വീഴുന്നതിടയിൽ വീണ്ടുമെത്തിയ വെടിയുണ്ട കഴുത്തിലണിഞ്ഞിരുന്ന കുരിശിൽ തട്ടിത്തെറിച്ചില്ലായിരുന്നെങ്കിൽ സ്വന്തം ജീവിതകഥ വിശദീകരിക്കാൻ പിള്ള ഇന്നുണ്ടാകുമായിരുന്നില്ല. പട്ടാളത്തിൽ ചേർന്നതിനു ശേഷം മേജർ ആയി വിരമിച്ച സ്വന്തം അച്ഛൻ എ.വി.ഡി പിള്ള (ആനന്ദനിലയം വേലായുധൻ ദിവാകരൻ പിള്ള) സമ്മാനിച്ചതായിരുന്നു വിശുദ്ധിയുടെയും സംരക്ഷണത്തിന്റെയും പ്രതീകമായ ആ കുരിശ്.
ഡൽഹിയിലെ ഒൗദ്യോഗിക വസതിയുടെ പൂന്തോപ്പിലിരുന്നു മരണം മുന്നിൽ കണ്ട നിമിഷങ്ങൾ വിവരിക്കുന്പോഴും കേണലിന്റെ മുഖത്തു ഹൃദയം നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു. സിനിമാക്കഥകളേക്കാളും ഉദ്വേഗഭരിതമാണ് പിള്ളയുടെ ജീവിതം. ജീവിതം തിരിച്ചുകിട്ടുമെന്ന് എനിക്കു തോന്നിയിരുന്നില്ല. അത്രയേറെ രക്തം വാർന്നൊഴുകിയിരുന്നു. “മനുഷ്യത്വവും ധീരതയും’ എന്ന പേരിൽ കേണൽ ഡി.പി.കെ പിള്ളയെക്കുറിച്ചു തയാറാക്കിയ ടെലി പരന്പരയുടെ തുടക്കത്തിലെ വാക്കുകളാണിത്.
കാഞ്ചി വലിച്ച കൈവിരൽ തേടി
ജീവിതത്തിന്റെ പുതിയ ട്വിസ്റ്റുകൾക്കും അദ്ഭുതങ്ങൾക്കും ഉള്ള തുടക്കം മാത്രമായിരുന്നു സൈനികനായ പിള്ളയ്ക്ക് മണിപ്പൂരിലെ ഏറ്റുമുട്ടൽ. സംഭവം നടന്നു 16 വർഷത്തിനു ശേഷമാണു തന്നെ വെടിവച്ചയാളെ കാണാനായി കേണൽ പിള്ള മണിപ്പൂരിലെ ലോംഗ്ഡി പാന്പ്രം ഗ്രാമത്തിലേക്കു പോയത്. സാധാരണ നാം കാണാത്ത അത്യപൂർവ ആത്മബന്ധങ്ങളിലേക്കുള്ള മടക്കയാത്രയായി അത്. പിള്ളയെ വെടിവച്ചിട്ട കൈനബോണ് എന്നയാൾ ഇന്ന് പിള്ളയുടെ ഏറ്റവും വേണ്ടപ്പെട്ട സുഹൃത്താണ്. വെടിവയ്പിൽ പരിക്കേറ്റ രണ്ടു കുട്ടികൾക്കും പിള്ള ദൈവ തുല്യനും. ഗ്രാമവാസികൾക്കാകട്ടെ കേണൽ പിള്ള സ്വന്തം കാണപ്പെട്ട ദൈവമാണ്. ഗ്രാമത്തിന്റെ സ്വന്തം കൂട്ടുപേരായ (സർനെയിം) പാമെ എന്ന ബഹുമതി ചാർത്തി അവർ നാട്ടുകാരനായി സ്വീകരിച്ചു.
’പിള്ള പാമെ’ എന്നാണു കേണൽ പിള്ളയെ സ്നേഹത്തോടെ മണിപ്പൂരികൾ വിളിക്കുന്നത്. ലോംഗ്ഡി പാന്പ്രം ഗ്രാമത്തിലെ ജനങ്ങൾ ചേർന്ന് അവിടെ നൂറ് ഏക്കർ സ്ഥലവും അവിടെയൊരു വീടും അദ്ദേഹത്തിനു സമ്മാനിച്ചു. പക്ഷേ നൂറ് ഏക്കർ ഭൂമിയല്ല, ഗ്രാമത്തിലെ പ്രിയപ്പെട്ടവരുടെ ഹൃദയത്തിലുള്ള സ്ഥലം മതിയെന്നാണു പിള്ളയുടെ മതം. ലോംഗ്ഡി പാന്പ്രത്തിലെ വീട്ടിൽ പാമെ പിള്ളയ്ക്കു മാത്രമല്ല സ്വാഗതം. അദ്ദേഹത്തിന്റെ കുടുംബത്തെയും സ്വന്തം മക്കളെ പോലെ ഗ്രാമീണർ സ്നേഹിക്കുന്നു. തിരിച്ച് പിള്ളയും. പാമെ പിള്ളയുടെയും ഭാര്യ ലക്ഷ്മിയുടെയും മക്കളായ വിക്രമാദിത്യൻ, സിദ്ധാർഥ്, ഹർഷവർധൻ എന്നിവരുടെയും പേരെഴുതി വച്ച മുറികൾ മണിപ്പൂരിലെ ഈ വീട്ടിലുണ്ട്.
ശൗര്യത്തെ രാജ്യവും ആദരിച്ചു
ശൗര്യചക്ര പുരസ്കാരം നൽകി രാജ്യം ആദരിച്ച കേണൽ ഡി.പി.കെ. പിള്ളയുടെ ധീരമായ ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ചയിലേക്കു പോകാം. സമാധാന കാലത്തു രാഷ്ട്രം നൽകുന്ന ഏറ്റവും വലിയ ധീരതാ പുരസ്കാരമാണു ശൗര്യ ചക്ര. അദ്ഭുതങ്ങളുടെ, അത്യപൂർവതകളുടെ, മായാത്ത സ്നേഹത്തിന്റെ, ഇപ്പോഴും തുടരുന്ന നന്മകളുടെ എല്ലാം പരന്പരകളുടെ തുടക്കം മാത്രമായിരുന്നു ഡി.പി.കെ. പിള്ളയെന്ന പട്ടാളക്കാരന് 1994 ജനുവരി 19ന്റെ പുലർകാലം.
മണിപ്പൂരിലെ തമെംഗ്ലോംഗ് ജില്ലയിലുള്ള ലോംഗ്ഡി പാന്പ്രം എന്ന ഉൾനാടൻ ഗ്രാമത്തിലാണു സംഭവം. ഇൻസർജന്റ്സ് എന്നു സർക്കാർ പറയുന്ന എൻഎസിഎൻ വിപ്ലവ പോരാളികൾ ആയുധങ്ങളുമായി താമസിക്കുന്ന പ്രദേശം. ഉഗ്രവാദികളെ റെയ്ഡ് ചെയ്യാൻ നിയോഗിക്കപ്പെട്ട പട്രോൾ സംഘത്തെ നയിച്ചതു പിള്ളയായിരുന്നു. അവിവാഹിതനായ പിള്ള അതുവരെ ആസാമിൽ ഉൾഫ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിലായിരുന്നു.
ജമ്മു കാഷ്മീരിലെ അതിർത്തിയിൽ പാക്കിസ്ഥാനുമായി സംഘർഷം രൂക്ഷമായതിനെ തുടർന്ന് മണിപ്പൂരിൽ നിന്നു ഭൂരിപക്ഷം പട്ടാളത്തെയും കാഷ്മീരിലേക്കു മാറ്റിയിരുന്നു. മണിപ്പൂരിലെ മിക്ക പ്രദേശങ്ങളും തീവ്രവാദി വിപ്ലവ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലായിരുന്നു. ഇതിനിടെ, മണിപ്പൂരിലേക്കുളള പ്രധാന പാലം തീവ്രവാദികൾ ബോംബുവച്ചു തകർക്കാൻ പദ്ധതിയിടുന്നതായി വിവരം കിട്ടി. തുടർന്നായിരുന്നു ആസാമിൽനിന്നു പട്ടാളക്കാരെ മണിപ്പൂരിലേക്കു മാറ്റിയത്.
ജില്ലാ ആസ്ഥാനമായ തമെംഗ്ലോംഗിലാണു പട്ടാള ക്യാന്പ്. ഇരുപത്തെട്ടു പട്ടാളക്കാരുള്ള ഗ്രൂപ്പിൽ പിള്ള അടക്കം മൂന്നു മലയാളികളുണ്ട്. കോട്ടയം സ്വദേശി സണ്ണി ജോസഫും നന്ദു എന്നു വിളിക്കുന്ന നന്ദകുമാറും. ലോംഗ്ഡി പാന്പ്രം ഗ്രാമത്തിലെ ഏതാനും വീടുകളിൽ ആയുധങ്ങളുമായി നാലു തീവ്രവാദികൾ ഒളിവിൽ കഴിയുന്നുണ്ടെന്നും അവരെ തുരത്തണമെന്നുമാണു നിർദേശം. പട്ടാളമോ, പോലീസോ ഗ്രാമത്തിൽ എത്തിയെന്ന് അറിഞ്ഞാലുടൻ പെട്ടെന്നുതന്നെ കൂവി മറ്റുള്ളവർക്കു ഗ്രാമീണർ വിവരം കൈമാറും. തീവ്രവാദികൾക്കു രക്ഷപ്പെടാനും അവരെ ഒളിപ്പിക്കാനും അവർ തയാറാകും. അതിനാൽ രാത്രി വൈകി വേണം ദൗത്യം നിറവേറ്റാൻ.
സമയം പുലർച്ചെ മൂന്നു മണിയോട് അടുക്കുന്നു. ഗ്രാമത്തിലെ കുന്നിൻമുകളിലാണ് പള്ളി. ആദ്യം ഒറ്റയ്ക്കു പള്ളിയിൽ ചെന്ന് എല്ലാം നന്മയ്ക്കാകണമെന്നു പ്രാർഥിച്ചു. ചെറുഗ്രൂപ്പുകളായി തിരിഞ്ഞു തോക്കുകളുമേന്തി ഓരോ വീടും പരിശോധിക്കാൻ തുടങ്ങി. വൈദ്യുതി പോലുമില്ലാത്ത ഗ്രാമത്തിലെ വീടുകളിൽ എല്ലാവരും ഉറക്കത്തിലാണ്. ഒരു വീട്ടിൽ ചെന്നു വാതിലിൽ മുട്ടി. വാതിൽ തുറക്കാത്തതിനാൽ ഭീകരർ അവിടെത്തന്നെയുണ്ടെന്ന് ഉറപ്പിച്ചു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. കീഴടങ്ങിയില്ലെങ്കിൽ പ്രത്യാക്രമണത്തിനു റോക്കറ്റ് ലോഞ്ചർ വരെ ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു. വീടിന്റെ വാതിൽ ചവിട്ടിത്തുറന്നു. ഉടൻ അകത്തുനിന്നു തീവ്രവാദികൾ വെടിയുതിർത്തു.
കൈയിലായിരുന്നു ആദ്യ വെടിയേറ്റത്. തിരിച്ചും വെടിവച്ചു. വെടിയൊച്ച കേട്ട് അടുത്തുണ്ടായിരുന്ന ഹർദേവ് സിംഗ്, മൻഡോൾ എന്നീ പട്ടാളക്കാരും എത്തി. തീവ്രവാദികൾക്കു നേരെ തുടരെ വെടിയുതിർത്തു. വെടിയേറ്റു നിലത്തുകിടന്നുകൊണ്ടു പിള്ളയും ഭീകരരുടെ വീടിനുള്ളിലേക്കു വെടിവച്ചു. ഇതിനിടെ വിപ്ലവകാരികൾ ഗ്രനേഡ് എറിഞ്ഞു. ഗ്രനേഡിന്റെ വലിയ ചീളുകൾ വലതുകാൽത്തണ്ടയിൽ തുളച്ചുകയറി. കൈകളിലും ചീളുകളേറ്റു. ഒരു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനിടെ വീട്ടിലുണ്ടായിരുന്ന രണ്ടു കുട്ടികൾക്കും വെടിയേറ്റു.
മനസിനും മരണത്തിനും ഇടയിൽ
ഏറ്റുമുട്ടലിനിടെ പിള്ളയുടെ വലതുകാൽപ്പാദം ഗ്രനേഡ് ആക്രമണത്തിൽ തകർന്നു. വലതുകൈയിൽ മൂന്നും വലതുനെഞ്ചിനടത്തു ഒന്നും വെടി കൊണ്ടു. വീടിനകത്തുനിന്നു വീണ്ടും നെഞ്ചിലേക്കു വെടിയുതിർത്തപ്പോഴാണു കഴുത്തിലണിഞ്ഞ കുരിശിൽ തട്ടി അദ്ഭുതകരമായി ഉണ്ട തെറിച്ചുപോയത്. പിന്നെയും അദ്ഭുതമാണു നടന്നത്. തീവ്രവാദികൾ വീണ്ടും വെടിവയ്ക്കാൻ ശ്രമിച്ചപ്പോൾ ഉണ്ട തീർന്നു. ഇതിനിടെയാണു ചോരയിൽ കുളിച്ചു കിടന്നുകൊണ്ടു കുട്ടികൾ നിലവിളിച്ചു കരയുന്നതു കണ്ടത്. അതോടെ, വെടിവയ്പ് നിർത്തി.
ഗ്രനേഡ് ആക്രമണത്തിലും വെടിവയ്പിലും പിള്ളയുടെ ശരീരത്തിൽ അഞ്ചിടത്തു ഗുരുതരമായ പരിക്കേറ്റു. നിർത്താതെ ചോര വാർന്നൊഴുകുന്നുണ്ടായിരുന്നു. തോക്കുകൊണ്ടുള്ള ഇടിയേറ്റു നട്ടെല്ലിനും പരിക്കേറ്റിരുന്നു. കൈകളിലെ മസിലും ഞരന്പുകളും മുറിഞ്ഞു. പുലർച്ചെ അഞ്ചു മണിയോടെ ഹെലികോപ്റ്റർ എത്തി. തലസ്ഥാനമായ ദീമാപൂരിലെ സൈനിക ആശുപത്രിയിലേക്കു തന്നെ കൊണ്ടുപോകുന്നതിനു മുന്പു പരിക്കേറ്റ കുട്ടികളെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ ഇറക്കാൻ പിള്ള പറഞ്ഞു. പട്ടാളക്കാർക്ക് ആദ്യം യോജിപ്പുണ്ടായില്ല. പക്ഷേ നിരപരാധികളായ കുട്ടികളുടെ ജീവൻ രക്ഷിക്കുകയാണു പ്രധാനമെന്നു ശഠിച്ചതോടെ കുട്ടികളെയും കയറ്റി ഹെലികോപ്റ്റർ പറന്നു.
അന്ന് ആറു വയസുള്ള ദിൻഗമാംഗിനെയും 11 വയസുള്ള മാസില്യൂ എന്ന പെണ്കുട്ടിയെയും ആശുപത്രിയിലെത്തിച്ച ശേഷം തിരിച്ചെത്തി അതേ ഹെലികോപ്റ്ററിലാണു പിള്ളയെ 200 കിലോമീറ്റർ അകലെയുള്ള ദീമാപൂരിലെ സൈനിക ആശുപത്രിയിലെത്തിച്ചത്. ഗുരുതര പരിക്കേറ്റിരുന്നതിനാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ കോൽക്കത്തയിലെ കമാൻഡ് ഹോസ്പിറ്റലിലേക്കു മാറ്റി. മാസങ്ങൾ നീണ്ട ആശുപത്രി വാസം പക്ഷേ പുതിയ തിരിച്ചറിവുകളുടെയും പ്രതീക്ഷകളുടെയും ലോകമായി മാറി.
പട്ടാള ആശുപത്രിയിൽ ഗുരുതര പരിക്കേറ്റ ചിലരെ കണ്ടപ്പോഴാണു തന്റെ വേദനകൾ ഒന്നുമല്ലെന്നു തോന്നിയത്. കാൽ ഇല്ലാത്തവനെ കൈ നഷ്ടപ്പെട്ടവൻ വീൽ ചെയറിൽ തള്ളിക്കൊണ്ടു പോകുന്നു. കൈ ഇല്ലാത്തവരെ കാൽ നഷ്ടമായവർ സഹായിക്കുന്നു. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഇല്ലാത്തതിനാൽ വായനയും കഥ പറച്ചിലും കൂട്ടുകൂടലുകളുമായിരുന്നു പിള്ളയ്ക്ക് സമയംപോക്കാൻ ഉണ്ടായിരുന്നത്. സ്റ്റീൽ കന്പി ഉപയോഗിച്ച് കാൽപാദം ഏതാണ്ടു പുനഃസൃഷ്ടിക്കുകയായിരുന്നു.
സൈനിക ആശുപത്രിയിലെ ശസ്ത്രക്രിയകൾക്കു ശേഷം തിരുവനന്തപുരത്തു വന്നു സിവിഎൻ കളരിയിലെ ചികിൽസയിലാണു നടക്കാനും പഴയ ജീവിതത്തിലേക്ക് ഒരുപരിധി വരെയെങ്കിലും തിരിച്ചെത്താനും കഴിഞ്ഞത്. അച്ഛനും പട്ടാളക്കാരൻ ആയിരുന്നതിനാൽ സൗജന്യമായാണ് അവർ മർമ ചികിൽസയും തിരുമ്മും നടത്തിയത്. ഗ്രനേഡ് ആക്രമണത്തിൽ ഞരന്പു മുറിഞ്ഞ് അനക്കാൻ കഴിയാതിരുന്ന രണ്ടു കൈവിരലുകളും കാലും നേരെയായി. വലതുകൈയിലെ മസിലുകളും മുറിഞ്ഞു ശോഷിച്ചിരുന്നു. എങ്കിലും സാവധാനം ആത്മവിശ്വാസം വീണ്ടെടുത്തു സാധാരണ ജീവിതത്തിലേക്കു നടന്നുകയറി.
പിള്ള പാമെയുടെ മണിപ്പൂർ യാത്രകൾ
കേരള മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ കൊച്ചുമകൾ ലക്ഷ്മിയാണു കേണൽ പിള്ളയുടെ ഭാര്യ. ബംഗളൂരുവിലെ ബിഷപ് കോട്ടൺ ബോയ്സ് സ്കൂൾ വിദ്യാർഥികളാണ് ഇവരുടെ ചുണക്കുട്ടികളായ മൂന്ന് ആണ് മക്കൾ. വേനലവധിക്കാലത്ത് അച്ഛനോടൊപ്പം കുറച്ചുദിവസം ചെലവിടുന്നതിനായി മൂന്നു പേരും ഡൽഹിയിലെ വീട്ടിലെത്തിയിട്ടുണ്ട്.
2010 മാർച്ചിൽ ലഫ്. കേണലായിരുന്ന ഡിപികെ പിള്ള ലോംഗ്ഡി പാന്പ്രം ഗ്രാമത്തിലേക്കു നടത്തിയ യാത്ര അവിസ്മരണീയവും വികാരപരവുമായ ഒരു പുനഃസമാഗമം ആയി മാറി. പിള്ളയെ മൂന്നുതവണ വെടിവച്ച കൈനബോണ് പാമെയും വെടിവയ്പിൽ പരിക്കേറ്റ ശേഷം പിള്ളയുടെ അപൂർവ ത്യാഗത്തിൽ ജീവൻ തിരിച്ചു കിട്ടിയ കുട്ടികളായ ദിംഗമാംഗ് പാമെ എന്ന ആണ്കുട്ടിയും മാസില്യൂ എന്ന മൂത്ത സഹോദരിയും അമ്മയും ഗ്രാമത്തിലെ പള്ളിയിലെ വൈദികനും നാട്ടുകാരുമെല്ലാം ചേർന്ന് കെട്ടിപ്പുണർന്നായിരുന്നു പിള്ളയെ വരവേറ്റത്. വലിയ സ്വീകരണവും അവർ ഒരുക്കിയിരുന്നു.
വെടിവയ്പു നടന്നപ്പോൾ 11 വയസുണ്ടായിരുന്ന മാസില്യൂ തെയ്മെ 16 വർഷം കഴിഞ്ഞപ്പോൾ വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായിരുന്നു.
അന്നത്തെ പുനഃസമാഗമത്തോളം ആർദ്രവും സ്നേഹമയവുമായ മറ്റൊന്നും സമീപകാലത്ത് അനുഭവിച്ചിട്ടില്ലെന്നു നാട്ടുകാരുടെ പാമെ പിള്ളയും കുട്ടികളും ഒരുപോലെ പറയുന്നു. തീവ്രവാദികളെ നേരിടുന്നത് അനിവാര്യമാകും. എന്നാൽ കുട്ടികൾ എന്തു തെറ്റാണു ചെയ്തത്. അതിനാൽ കുട്ടികളുടെ ജീവൻ രക്ഷിക്കുകയാണു പ്രധാനം. എന്റെ സ്ഥാനത്തു മറ്റാരായാലും കുട്ടികളുടെ ജീവൻ രക്ഷിക്കാനാകും ആദ്യം ശ്രമിക്കുക പിള്ള പറഞ്ഞു.
പിന്നീടു പല തവണ പിള്ള പാമെ ലോംഗ്ഡി പാന്പ്രം ഗ്രാമത്തിലെത്തി. ഓരോ തവണയും ഗ്രാമീണരും പിള്ളയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഇഴയടുപ്പം കൂടിവന്നു. ഒരിക്കലും മുറിച്ചുമാറ്റാനാകാത്ത സമർപ്പണത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രാർഥനയുടെയും കൂട്ടായ്മ. പുക്കിൾക്കൊടി ബന്ധത്തേക്കാൾ അടുപ്പമുള്ള ഉൗഷ്മള ബന്ധം. ലോംഗ്ഡി പാന്പ്രത്തിന്റെ സമഗ്ര വികസനത്തിനായും അവിടത്തെ സഹോദരങ്ങളുടെ ഉന്നതിക്കുമായി സ്വജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ് കേണൽ പിള്ള.
മണിപ്പൂരിനായി മനസറിഞ്ഞ്
കുഗ്രാമമായ ലോംഗ്ഡി പാന്പ്രത്തിനായി പുതിയൊരു ദേശീയ പാത വരെ കേണൽ പിള്ള അനുവദിപ്പിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കണ്ടു പിള്ള നടത്തിയ അഭ്യർഥനയുടെ സാക്ഷാത്കാരം. മണിപ്പൂരിലെ തമെംഗ്ലോംഗിൽ നിന്നു ലോംഗ്ഡി പാന്പ്രം വഴി നാഗാലാൻഡിലെ പെരേണിലേക്കാണ് ഇരട്ടപ്പാത ഹൈവേ അനുവദിച്ച് ഉത്തരവായത്. വിശദമായ പദ്ധതി റിപ്പോർട്ടിനും കണ്സൾട്ടൻസിക്കും മറ്റുമായി കേന്ദ്രസർക്കാർ ടെൻഡർ വിളിച്ചുകഴിഞ്ഞു.
വൈദ്യുതി ഇല്ലാത്ത ഗ്രാമത്തിലെ ഗ്രാമീണർക്ക് പിള്ള പാമെയുടെ ശ്രമഫലമായി 1,000 സൗരോർജ വിളക്കുകളും 12 സ്ട്രീറ്റ് ലൈറ്റുകളും സമ്മാനിച്ചു. എല്ലാ വീടുകൾക്കും സ്വന്തം ജലസംഭരണികളും സമ്മാനിച്ചു. 25 ലക്ഷം രൂപയുടെ മിനി ഹൈഡൽ പദ്ധതി അനുവദിക്കാൻ മണിപ്പൂർ കേഡറിലെ മലയാളി സുഹൃത്ത് ബാലഗോപാൽ ചന്ദ്രശേഖരനായിരുന്നു തുണച്ചത്. സഞ്ജീവ് നായർ എന്ന ഐഎഎസ് കൂട്ടുകാരൻ ഗ്രാമത്തിലെത്തി വൊക്കേഷണൽ ട്രെയിനിംഗ് നടത്തി.
മണിപ്പൂരിൽ സുലഭമായ മുള കൊണ്ടുള്ള ഉത്പന്നങ്ങളും ജൈവ ഓറഞ്ചിൽ നിന്നുള്ള മാർമലെയ്ഡ്, ജാം തുടങ്ങിയവയും തേൻ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയും ഡൽഹിയിൽ അടക്കം ഇപ്പോൾ വിപണനം ചെയ്യുന്നുണ്ട്. സുഹൃത്തായ സാജൻ ജോർജ് നൽകിയ 10 തയ്യൽ മെഷീനുകളും ഗ്രാമീണർക്കു കൊടുത്തു. വേറൊരു അടുത്ത സുഹൃത്തായ ഡോ. അലക്സാണ്ടർ തോമസ് ആണ് ഗ്രാമത്തിലെ പള്ളിയുടെ അറ്റകുറ്റപ്പണികൾ ചെയ്തത്.
നല്ല ഇംഗ്ലീഷ് പരിജ്ഞാനമുള്ള സുന്ദരന്മാരും സുന്ദരികളുമായ മണിപ്പൂരിലെ യുവതയ്ക്കും പിള്ള പാമെയാണു എല്ലാം. ലോംഗ്ഡി പാന്പ്രത്തിലെ രണ്ടു കുട്ടികൾ ഇൻഡിഗോയിൽ എയർ ഹോസ്റ്റസ് ആണിന്ന്. ഒരാൾ ഐസിഐസിഐ ബാങ്കിൽ ജോലി ചെയ്യുന്നു. വികസനം എത്തിനോക്കാതിരുന്ന, തീവ്രവാദം തഴച്ചുവളർന്നിരുന്ന കുഗ്രാമത്തിൽ ഇന്ന് എല്ലാവരും സന്തുഷ്ടരാണ്. ഗ്രാമത്തിലെ ദൈവത്തിന്റെ അവതാരമോ, പ്രത്യേക സമ്മാനമോ ആണ് പിള്ള പാമെയെന്നു നാട്ടുകാർ. എന്നാൽ താൻ ദൈവത്തിന്റെ ദാസൻ മാത്രമാണെന്നും എല്ലാം നല്ലതിനു വേണ്ടി ദൈവം ഒരുക്കുന്നതാണെന്നും കേണൽ പിള്ള ഉറച്ചു വിശ്വസിക്കുന്നു.
പിള്ള പാമെയ്ക്കായി ഗ്രാമത്തിലെ പള്ളിയിൽ പ്രത്യേക പ്രാർഥനകൾ പതിവാണ്. എല്ലാ ശനിയാഴ്ചകളിലും ഗ്രാമീണരായ ക്രൈസ്തവർ ആചരിക്കുന്ന 12 മണിക്കൂർ ഉപവാസത്തിൽ പിള്ളയും പങ്കുചേരും. തനിക്കു രക്ഷയായി മാറിയ ലോംഗ്ഡി പാന്പ്രത്തിലെ കുന്നിൽമുകളിലുള്ള ക്രൈസ്തവ ദേവാലയം കേരളത്തിലെ മനോഹരമായി പള്ളികളിലൊന്നു പോലെ പുതുക്കി പണിതു നൽകുകയാണു പിള്ളയുടെ അടുത്ത വലിയ സ്വപ്നം. ദൈവം കനിഞ്ഞാൽ അതിനുള്ള സാന്പത്തികം കിട്ടുമെന്നതിൽ കേണൽ പിള്ളയ്ക്കു സംശയമില്ല.
വിരാമവും വിശ്രമവുമില്ലാതെ
ഇന്ത്യൻ ആർമിയിലെ ബ്രിഗേഡ് ഓഫ് ദ ഗാർഡ്സിൽ കമ്മീഷൻ ചെയ്യപ്പെട്ടയാളാണ് ഡി.പി.കെ. പിള്ള. നാഷണൽ ഡിഫൻസ് അക്കാഡമിയിലെ 72ാം ബാച്ചുകാരൻ. താൻ പഠിച്ച ബംഗളൂരു മിലിട്ടറി സ്കൂളിൽ തന്നെ പിന്നീട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായും പ്രിൻസിപ്പലിന്റെ പൂർണ ചുമതലക്കാരനായും ജോലി ചെയ്യാൻ ഭാഗ്യം ലഭിച്ച അപൂർവനേട്ടവും ഇദ്ദേഹത്തിനു സ്വന്തം. 1995ലാണു രാഷ്ട്രപതിയിൽ നിന്നു ശൗര്യചക്രം സ്വീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാഷ്ട്രപതി പ്രണാബ് മുഖർജി വീണ്ടും ക്ഷണിച്ചുവരുത്തി അഭിനന്ദനം അറിയിച്ചു. ഏതൊരു സൈനിക ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം അത്യപൂർവമായ മറ്റൊരു ബഹുമതി.
സ്വയം വിരമിക്കലിനു മുന്പു ലഭിക്കാവുന്ന വലിയ അംഗീകാരത്തോടൊപ്പം നിറഞ്ഞ സന്തോഷവും അഭിമാനവും തോന്നിയ നിമിഷമായിരുന്നു സർവസൈന്യാധിപൻ കൂടിയായ രാഷ്ട്രപതിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയെന്നു രണ്ടു ദിവസം മുന്പു സർവീസിൽ നിന്ന് ഒൗദ്യോഗികമായി വിരമിച്ച കേണൽ പിള്ള പറഞ്ഞു. പക്ഷേ കേണൽ പിള്ള ഫലത്തിൽ വിരമിക്കുന്നില്ല. പ്രതിരോധ പഠനത്തിനും വിശകലനത്തിനുമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിൽ (ഐഡിഎസ്എ)യിൽ റിസർച്ച് ഫെലോ ആയി കേണൽ പിള്ളയ്ക്കു സെലക്ഷൻ കിട്ടിയിട്ടുണ്ട്. ഇനി പത്തു വർഷക്കാലം ഇവിടെ നിന്നുകൊണ്ടു മണിപ്പൂരിലെ പഴയ ഗ്രാമത്തിലെ പ്രിയപ്പെട്ടവർക്കായി സേവനം ചെയ്യുകയാണു ഭാവി പരിപാടി.
ജോർജ് കള്ളിവയലിൽ