തിരുവനന്തപുരം: നാസിക്കിലെ ദേവ്ലാലിയിലെ കരസേന ക്യാമ്പിൽ മരിച്ച മലയാളി ജവാൻ റോയി മാത്യുവിന്റെ മൃതദേഹത്തോട് കടുത്ത അനാദരവ്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം അരമണിക്കൂറോളം ട്രോളിയിൽ തന്നെ കിടത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം.
മൃതദേഹത്തിനൊപ്പം എത്തിയ ഉദ്യോഗസ്ഥർ ചെക്ക് ഇൻ ചെയ്യുന്നന് വൈകിയതാണ് ഇതിനു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ജെറ്റ് എയർവെയ്സ് വിമാനത്തിൽ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങുന്നതിന് ഉന്നത സൈനിക ഉദ്യോഗസ്ഥർ ആരുംതന്നെ എത്തിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യാതെ സ്വീകരിക്കില്ലെന്ന് ബന്ധുക്കളുടെ പ്രഖ്യാപനവും ആശയക്കുഴപ്പങ്ങളുണ്ടാക്കി. ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ശ്രമമുണ്ടായതോടെ ഒപ്പമെത്തിയ ഉദ്യോഗസ്ഥർ എതിർത്തു.
ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവ് ലഭിക്കാതെ മൃതദേഹം കൊണ്ടുപോകാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കുകയായിരുന്നു. തർക്കങ്ങൾ ഒഴിവാക്കി പിന്നീട് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും റീ പോസ്റ്റ്മോർട്ടം സംബന്ധിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല.
റീ പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും നടപടികൾ പൂർത്തിയാകാതെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു ബന്ധുക്കുളുടെ നിലപാട്. റീ പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് ഭാര്യ ഫിനി മാത്യു ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.
മേലധികാരിക്കെതിരേ സ്വകാര്യ ചാനലിൽ പ്രസ്താവന നടത്തി വാർത്തകളിൽ നിറഞ്ഞ കൊട്ടാരക്കര എഴുകോണ് കാരുവേലിൽ ചെറുകുളത്ത് വീട്ടിൽ റോയി മാത്യുവിനെ ജീവനൊടുക്കിയ നിലയിൽ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ നാസിക്കിൽ ദേവ്ലാലിയിലെ സൈനിക ക്യാമ്പിനു സമീപത്ത് മൃതദേഹം കണ്ടെത്തിയെന്നാണ് വ്യാഴാഴ്ച രാവിലെ ബന്ധുക്കൾക്കു വിവരം ലഭിച്ചത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കം തോന്നിക്കുന്ന നിലയിലായിരുന്നു.
നാസിക് റെജിമെന്റ് 214 ലായിരുന്നു റോയി മാത്യുവിന് ജോലി. കഴിഞ്ഞ 24ന് ക്യാമ്പിനു പുറത്തുപോയപ്പോൾ ക്വിന്റ് എന്ന വെബ് പോർട്ടൽ ചാനലുകാർ രഹസ്യകാമറയുമായി ഇദ്ദേഹത്തെ സമീപിച്ചു. സംഭാഷണത്തിനിടയിൽ മേലധികാരിയുടെ പീഡനങ്ങളെക്കുറിച്ചും വീട്ടുവേല ചെയ്യിക്കുന്നതിനെക്കുറിച്ചും ജോലിഭാരത്തെക്കുറിച്ചും റോയിയും കൂടെയുണ്ടായിരുന്ന നാലു സൈനികരും പറഞ്ഞിരുന്നു.
ഇതിനുശേഷം രാത്രിയോടെ ക്യാമ്പിലെ മുറിയിലെത്തിയപ്പോഴാണു ചാനലിൽ താൻ പറഞ്ഞത് അടക്കം വാർത്തയായ വിവരം റോയി അറിഞ്ഞത്. ഉടൻതന്നെ വീട്ടിൽ വിളിച്ച് ഭാര്യയോട് ഉണ്ടായ സംഭവങ്ങൾ പറയുകയും തന്റെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നു പറയുകയും ചെയ്തു.
ഇതു പറഞ്ഞു തീർന്നയുടൻ കട്ടായ ഫോണ് പിന്നീട് സ്വിച്ച് ഓഫ് ആണ്. രണ്ടു ദിവസം കഴിഞ്ഞിട്ടും വിവരം ഒന്നുമില്ലാതെ വന്നതോടെ ബന്ധുക്കൾ നാസിക്കിലെ സൈനിക ക്യാമ്പിലേക്ക് ബന്ധപ്പെട്ടിരുന്നു. റോയി മാത്യു ഉൾപ്പെടെ അഞ്ച് പേരെ കാണാനില്ലെന്ന വിവരമാണ് ഇവിടെ നിന്നും ലഭിച്ചത്.