ന്യൂഡൽഹി: സൈനികർക്കു നൽകുന്ന നിലവാരമില്ലാത്ത ഭക്ഷണത്തിന്റെ പേരിൽ നേതൃത്വത്തിനെതിരേ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ബിഎസ്എഫ് ജവാന്റെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോണ്‍സ്റ്റബിളായിരുന്ന തേജ് ബഹാദുർ യാദവിന്റെ മകനാണ് മരിച്ചത്.
ഹരിയാനയിലെ റിവാഡിയിലെ വീട്ടിൽ കൈയിൽ തോക്ക് പിടിച്ച് മരിച്ച നിലയിൽ ഇരുപത്തിരണ്ടുകാരനായ രോഹിതിനെ കണ്ടെത്തുകയായിരുന്നു. ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. കുംഭമേളയ്ക്കായി തേജ് ബഹാദൂർ ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്കു പോയ സമയത്താണ് മകൻ മരിക്കുന്നത്.
അതിർത്തിയിൽ കാവൽ നിൽക്കുന്നത് വിശപ്പു സഹിച്ചാണെന്നും ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് ലഭിക്കുന്നതുമെന്നുമായിരുന്നു തേജ് ബ ഹാദൂർ യാദവ് വീഡിയോ ദൃശ്യങ്ങളിലൂടെ ആരോപിച്ചത്. ജവാൻമാർക്ക് അനുവദിച്ചിരിക്കുന്ന ഭക്ഷണം ഉദ്യോഗസ്ഥർ കരിഞ്ചന്തയിൽ മറിച്ചുവിൽക്കുകയാണെന്നും പലപ്പോഴും പട്ടിണിയാണെന്നും ഒരു വർഷം മുന്‍പ് യാദവ് പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
വീഡിയോ വൈറലായതിനെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അന്വേഷണത്തിന് ഉത്തരവിടുകയും പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തിനൊടുവിൽ തേജ് ബഹാദൂറിനെ സൈന്യത്തിൽനിന്നു പിരിച്ചുവിട്ടു. തെറ്റായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.