വയനാട്: സഹോദരൻ രാജ്യത്തിനുവേണ്ടി പോരാടി മരിച്ചതിൽ അഭിമാനമെന്ന് പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ വി.വി. വസന്തകുമാറിന്റെ സഹോദരൻ. വസന്തകുമാറിന്റെ മരണം സ്ഥിരീകരിച്ച് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സഹോദരൻ സജീവന്.
വയനാട് ലക്കിടി സ്വദേശിയാണ് വി.വി. വസന്തകുമാർ. ഒരു മാസത്തെ അവധിക്കുശേഷം ഈ മാസം ഒന്നിനാണ് വസന്തകുമാർ കാഷ്മീരിലേക്കു മടങ്ങുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് എട്ടു മാസം മുന്പ് മരിച്ചിരുന്നു. 2001-ൽ സിആർപിഎഫിൽ ചേർന്ന വസന്തകുമാർ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകുകയായിരുന്നു. രണ്ടു കുട്ടികളാണ് വസന്തകുമാറിന്.
അവന്തിപോരയിൽ സിആർപിഎഫ് സംഘത്തിന്റെ വാഹനവ്യൂഹത്തിനു നേർക്ക് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 44 ജവാൻമാരാണു കൊല്ലപ്പെട്ടത്. ജവാൻമാർ സഞ്ചരിച്ചിരുന്ന ബസുകൾക്കു നേർക്ക് ഭീകരൻ 350 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച സ്കോർപിയോ ഇടിച്ചുകയറ്റുകയായിരുന്നു.
കാഷ്മീർ താഴ്വരയിൽ ജോലിയിൽ പ്രവേശിക്കാൻ പോയ ജവാൻമാരാണ് ആക്രമണത്തിനിരയായത്. ഇവരിലേറെയും അവധി കഴിഞ്ഞ് എത്തിയവരായിരുന്നു. സിആർപിഎഫിന്റെ 54-ാം ബറ്റാലിയൻ ബസാണ് ആക്രമിക്കപ്പെട്ടത്. 39 പേരാണു ബസിലുണ്ടായിരുന്നത്.