തിരുവനന്തപുരം: ജവാൻ മദ്യത്തിൽ സെഡിമെന്റ്സ് (മട്ട്)അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന് ജൂലൈ 20ാം തിയതിയിലെ മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപന നിർത്തിവെച്ചെങ്കിലും വിൽപ്പന നടന്ന മേഖലകളിൽ കൂടുതൽ ദൂഷ്യമുണ്ടാക്കിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് എക്സൈസ് കമ്മീഷണർ എസ്.ആനന്ദകൃഷ്ണൻ രാഷ്ട്രദീപികയോടു പറഞ്ഞു.
ചേർത്തലയിൽനിന്നു വാങ്ങിയ ജവാൻ മദ്യക്കുപ്പികളിലാണ് മട്ട് ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് പ്രാഥമികമായി നടത്തിയ പരിശോധനയിൽ ആൽക്കഹോളിന്റെ അളവിൽ വ്യത്യാസം കണ്ടെത്തുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ ആർക്കും ദൂഷ്യഫലങ്ങളുണ്ടായതായിട്ട് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വിശദമായ പരിശോധനയ്ക്ക് വേണ്ടി കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് സാന്പിൾ അയച്ചിട്ടുണ്ട്.
ചേർത്തലയിലേക്കു പോയ രണ്ട് ബാച്ചിലാണ് ആൽക്കഹോൾ അളവിൽ വ്യത്യാസം കണ്ടെത്തിയത്. മറ്റു സ്ഥലങ്ങളിലൊന്നും ജവാൻ മദ്യം കഴിച്ചു പ്രശ്നങ്ങളുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും എക്സൈസ് കമ്മീഷണർ പറഞ്ഞു.
കേരള സർക്കാരിനു കീഴിലെ ട്രാവൻകൂർ ഷുഗേർസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ റമ്മിന്റെ നിർമാതാക്കൾ. ജൂലൈ 20ലെ 245, 246, 247 ബാച്ചുകളിലെ മദ്യത്തിന്റെ വിൽപനയാണ് മരവിപ്പിച്ചത്.