കൊല്ലം: രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ബിവറേജ് ഔട്ലെറ്റുകളും ബാറുകളും പൂട്ടിയതോടെ അനധികൃത മദ്യവിൽപനയും തകൃതിയായി.
കൊല്ലത്ത് അനധികൃതമായി മദ്യം കടത്തി വിറ്റ രണ്ട് പേർ അറസ്റ്റിലായി. ഓച്ചിറ ആലുംപീടികയിലെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലയിലെ ചുമട്ട് തൊഴിലാളികളായ ക്ലാപ്പന പ്രയാർ സന്തോഷ് (33), ആലുംപീടിക വാവല്ലൂർ സ്വദേശി മണിലാൽ(31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മദ്യശാലകൾ അടച്ചപ്പോൾ സന്തോഷ് മദ്യം കടത്തി മണിലാലിന്റെ വീട്ടിൽ വച്ച് വിൽപ്പന നടത്തുകയായിരുന്നു.
ബുധനാഴ്ച രാത്രി മദ്യം വാങ്ങാനെത്തിയ ആളിൽ നിന്നും 2,000 രൂപ ഈടാക്കി. ഇതിൽ കുപിതനായ ഇയാൾ പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.
കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. മണിലാലിന്റെ വീട്ടില്‍നിന്ന് മൂന്ന് ലിറ്റര്‍ മദ്യവും ഒരു ലിറ്റര്‍ കള്ളും പിടിച്ചെടുത്തു.