ന്യൂഡൽഹി: വ്യോമസേന ഉദ്യോഗസ്ഥൻ ജോലിക്കിടെ സ്വയം വെടിയുതിർത്തു മരിച്ചു. ഹരിയാനയിലെ ഭിവാനി സ്വദേശി ജവീർ സിംഗ് (36) ആണു മരിച്ചത്.
നാഗ്പുരിലെ എയർ ഫോഴ്സ് മെയിന്റനൻസ് കമാൻഡിൽ സെർജന്റ് ആയിരുന്നു ജവീർ. ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിക്കിടെയാണ് സംഭവം. വെടിയൊച്ച കേട്ട് ഓടിയെത്തിയ സഹപ്രവർത്തകർ തലയ്ക്കു വെടിയേറ്റ് ചോരയിൽ കുളിച്ചുകിടക്കുന്ന ജവീറിനെയാണു കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു.
ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. രണ്ടു ദിവസമായി കടുത്ത മനോവിഷമത്തിലായിരുന്നു ജവീറെന്നു സഹപ്രവർത്തകർ പോലീസിനു മൊഴി നൽകി. പോലീസ് വിശദമായ അന്വേഷണം നടത്തുമെന്നു പ്രതിരോധ വക്താവ് അറിയിച്ചു.