സ്കൂളിൽ പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി പതിനഞ്ച് വയസുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. ഷൂ ലേസ് കെട്ടാൻ ഹുജേഫ ദവാരെ കുനിഞ്ഞപ്പോഴാണ് തലയിലേക്ക് മറ്റൊരു വിദ്യാർഥി എറിഞ്ഞ ജാവലിൻ വീണത്.
ജില്ലയിലെ മാങ്കാവ് താലൂക്കിലെ ഗോരേഗാവിലെ പുരാറിലെ ഐഎൻടി ഇംഗ്ലീഷ് സ്കൂളിൽ ബുധനാഴ്ച ഉച്ചയ്ക്ക് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾ ജാവലിൻ ത്രോ പരിശീലിക്കുന്നതിനിടെയാണ് സംഭവം. താലൂക്ക് തല മീറ്റിന് തയ്യാറെടുക്കുന്ന ജാവലിൻ ടീമിൽ ദവെരെയും ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പരിശീലനം നടക്കുന്നതിനിടെ ഒരു സഹ വിദ്യാർത്ഥി ജാവലിൻ എറിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഷൂ ലേസ് കെട്ടാൻ കുനിഞ്ഞപ്പോൾ ജാവലിൻ തലയിൽ തുളച്ചുകയറിയതിനെത്തുടർന്ന് ദവാരെ സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു.
രക്തം വാർന്നൊഴുകിയ വിദ്യാർഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് മരിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിലെ ഗോരേഗാവ് പോലീസ് നിലവിൽ അപകട മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ജാവലിൻ എറിഞ്ഞ വിദ്യാർഥിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും അനാസ്ഥയുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പോലീസ് അന്വേഷിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.