സന്തോഷ് പ്രിയൻ
കൊല്ലം: സാംസ്കാരിക വകുപ്പിന് കീഴിലുള്ള ജവഹർ ബാലഭവനിലെ ജീവനക്കാർ ശന്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്നു. മിക്ക ജില്ലയിലേയും ബാലഭവനുകളിൽ മാസങ്ങളായി ശന്പളം ഇല്ലാതെയാണ് അധ്യാപകർ പരിശീലനം നടത്തുന്നത്.
പ്രതിവർഷം മൂന്നു ഗഡുക്കളായി അനുവദിക്കുന്ന തുക ശന്പള വിതരണത്തിന് മതിയാകില്ലെന്നാണ് ജീവനക്കാർ പറയുന്നത്.കുറഞ്ഞ ചെലവിൽ കലാപഠനമാണ് ബാലഭവനുകളിൽ നടക്കുന്നത്.
അഞ്ച് ജില്ലകളിലാണ് ബാലഭവനുകൾ പ്രവർത്തിക്കുന്നത്. സംഗീതവും നൃത്തവും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഇവിടങ്ങളിൽ പഠിപ്പിക്കുന്നുണ്ട്.
കൊല്ലം ജവഹർ ബാലഭവനിൽ ശാസ്ത്രീയ സംഗീതം, വീണ, വയലിൻ, മൃദംഗം, തബല, നൃത്തം, ചിത്രരചന, ഗിത്താർ, യോഗ, ലളിത സംഗീതം, ക്രാഫ്റ്റ്, തയ്യൽ, കീബോർഡ് തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നത്.
കൂടാതെ നഴ്സറി സ്കൂൾ, ലൈബ്രറി എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 250-ൽപരം വിദ്യാർഥികൾ വിവിധ കലാവിഷയങ്ങളിൽ പഠനം നടത്തുന്നു.
ഒരു വർഷം കൊല്ലം ജവഹർബാലഭവന് ശന്പളം, ഡിഎ എന്നിവയ്ക്ക് വേണ്ടത് 88 ലക്ഷം രൂപയാണ്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന ഗ്രാൻഡ് 3526000 രൂപ മാത്രമാണെന്ന് ജീവനക്കാർ പറയുന്നു.
കൊല്ലം ബാലഭവന് സ്വന്തമായി ഒരു ഹെഡ് ഓഫ് അക്കൗണ്ട് സ്ഥാപിച്ച് ബജറ്റിൽ തുക വകയിരുത്തിയാൽ മാത്രമേ ശന്പളം കൃത്യമായി ലഭിക്കുകയുള്ളൂവെന്നും ജീവനക്കാർ പറയുന്നു.
ചെയർമാൻ ഉൾപ്പെടെ അഞ്ച് ഗവ.നോമിനികൾ ആണ് ബാലഭവനിലെ മാനേജിംഗ് കമ്മിറ്റി. ഇവരുടെ കാലാവധി കഴിഞ്ഞിരിക്കുകയാണ്. 25 അധ്യാപകരാണ് കൊല്ലത്ത് പരിശീലനം നൽകുന്നത്.
2017-ൽ ജീവനക്കാരുടെ ശന്പള പരിഷ്കരണം വന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ശന്പളം കൂടിയെങ്കിലും വർധിപ്പിച്ച തുക ബജറ്റിൽ വകയിരുത്താത്തതാണ് കാരണം. അതിനാൽ ഗഡുക്കളായി അനുവദിക്കുന്ന തുക കൂടിയില്ല.
കഴിഞ്ഞ ഓണത്തിന് ശന്പളം മുടങ്ങിയതിനാൽ തൃശൂർ ബാലഭവനിലെ ജീവനക്കാർ സമരത്തിലായിരുന്നു. തുടർന്നാണ് മുടങ്ങിയ നാലു മാസത്തെ ശന്പളത്തിന് തുക സർക്കാർ അനുവദിച്ചത്.