കൊച്ചി: കേരളപ്പിറവി ദിനത്തിൽ സമ്മാനമായി ലഭിച്ച ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തിനെതിരേ പ്രതിഷേധം കത്തുന്നു. അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനായി ഫിഫ നിഷ്കർശിച്ച രാജ്യാന്തര നിലവാരത്തിലുള്ള പുൽത്തകിടി (ടർഫ്) തകർത്ത് ക്രിക്കറ്റ് പിച്ച് ഒരുക്കുന്നതിനെതിരേയാണ് വിമർശനങ്ങൾ ഉയരുന്നത്.
സാമൂഹ്യ മാധ്യമങ്ങളിൽ സേവ് കൊച്ചി ടർഫ് എന്ന കാന്പയിൻ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക കൂട്ടങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന ഐഎസ്എൽ ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ് ഗ്രൂപ്പുകളിൽ കെസിഎയുടെ നിലപാടിനെതിരേ വലിയ തോതിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. മത്സരം കൊച്ചിയിൽ നടത്തിയാൽ അതു ബഹിഷ്കരിക്കണമെന്ന ആഹ്വാനവും നടക്കുന്നു.
തിരുവനന്തപുരം സ്പോർട്സ് ഹബ്ബിൽ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോൾ കൊച്ചി സ്റ്റേഡിയത്തെ ടർഫ് തകർത്ത് മത്സരം നടത്തണമെന്ന വാശി കെസിഎ വെടിയണമെന്ന് ആരാധകർ പറയുന്നു. പല പ്രമുഖരും കൊച്ചിയിൽ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരേ പരസ്യമായി രംഗത്തു വന്നിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യഘട്ടം മുതൽ കൊച്ചി സ്റ്റേഡിയത്തിനെ അടുത്തറിയാം.
അന്ന് ക്രിക്കറ്റ് മൈതാനമായിരുന്ന കലൂർ സ്റ്റേഡിയത്തിനെ ആഴ്ച്ചകളോളം എടുത്താണ് ഫുട്ബോൾ മൈതാനമാക്കി പരുവപ്പെടുത്തിയത്. ഫിഫ അണ്ടർ 17 ലോകകപ്പിനായി കോടികളും സ്റ്റേഡിയത്തിൽ മുടക്കി കഴിഞ്ഞു. ഇനി അവയെല്ലാം നശിപ്പിക്കണ്ട ആവശ്യമുണ്ടൊയെന്നാണു ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരം ഇയാൻ ഹ്യൂം പ്രതികരിച്ചത്.
ഫിഫയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആറു മൈതാനങ്ങളിൽ ഒന്നാണ് കൊച്ചിയിലേതെന്ന് സി.കെ. വിനീത് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരം കൊച്ചിയിൽ നടത്തുവാനുള്ള തീരുമാനം തെറ്റാണെന്നും അദ്ദേഹം പറയുന്നു. ഇവരെ റിനോ ആന്റോ ഉൾപ്പെടെയുള്ള താരങ്ങളും കൊച്ചിയിലെ ക്രിക്കറ്റ് മൽസരത്തിനെതിരേ രംഗത്ത് വന്നുകഴിഞ്ഞു. ആരാധകർ ആരംഭിച്ച സേവ് കൊച്ചി ടർഫ് കാന്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് താരങ്ങളും രംഗത്ത് എത്തിയത്.
മത്സരം നടത്തുന്നത് സംബന്ധിച്ച് ജിസിഡിഎ ചെയർമാനും കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റുമായുള്ള ചർച്ച നാളെ നടക്കും. എന്നാൽ, കഴിഞ്ഞ വട്ടം മത്സരം അനുവദിച്ചപ്പോൾ തിരുവനന്തപുരമായിരുന്നു വേദിയെന്നും അതുകൊണ്ട് ഇത്തവണ കൊച്ചിക്കാണ് അവസരമെന്നും കെസിഎ പ്രസിഡന്റ് റോങ്ക്ളിൻ ജോണ് പറഞ്ഞു. ക്രിക്കറ്റും ഫുട്ബോളും തടസില്ലാതെ നടക്കണമെന്ന അഭിപ്രായമാണ് ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ മുന്നോട്ടുവച്ചത്.