ബാങ്കില്‍ നിന്ന് കാശെടുക്കുന്നതിനായി ഏതാനും സമയം ക്യൂ നില്ക്കുന്നതില് അസ്വസ്ഥരാവുകയും പ്രകോപിതരാവുകയും ചെയ്യുന്നവര്‍ ഇത് ശ്രദ്ധിച്ചു കേള്‍ക്കണം. രാജ്യ സുരക്ഷയ്ക്ക് വേണ്ടി ജോലി ചെയ്യുന്നവരോട് അധികൃതര്‍ കാണിക്കുന്ന അവഗണന തുറന്നു പറയുന്ന ഒരു വീഡിയോയാണ് ഒരു ജവാന് പുറത്തുവിട്ടിരിക്കുന്നത്. ഉന്നതാധികൃതര്‍ നടത്തിവരുന്ന അഴിമതിയിലേയ്ക്കാണ് ഈ വീഡിയോകള്‍ വിരല്‍ ചൂണ്ടുന്നതും.
കൊടുംശൈത്യത്തിലും രാജ്യസുരക്ഷയ്ക്കായി കാവല്നില്ക്കുന്ന ഒരു ഭടന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. കഴിക്കാന്‍ ആകെ ലഭിക്കുന്നത് കഷ്ടിച്ച് ജീവന്‍നിലനിര്‍ത്താനുള്ള ഭക്ഷണം മാത്രമാണ്. അതിന്റെ നിലവാരമാണെങ്കില്‍ വളരെ മോശം. ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയില്‍ കാവല്നില്ക്കുന്ന ഒരു ഭടന്റേതാണ് ഈ വാക്കുകള്‍. ബി.എസ്.എഫ് ജവാനായ ടി.ബി യാദവ് ഫെയ്സ്ബുക്കിലൂടെ തങ്ങള്‍ക്ക് കിട്ടുന്ന ഭക്ഷണമെന്താണെന്നും അതിന്റെ നിലവാരമെന്താണെന്നും വീഡിയോ സഹിതം വിശദീകരിക്കുന്നു.
നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള മൂന്നു വീഡിയോയിലൂടെയാണ് കോണ്‍സ്റ്റബിള്‍ യാദവ് യുദ്ധഭൂമിയിലെ ഭടന്മാര്ക്ക് ലഭിച്ചു വരുന്ന മോശം പരിചരണത്തെക്കുറിച്ച് വിശദീകരിക്കുന്നത്. 29 ബറ്റാലിയന്റെ ഭാഗമാണ് താനെന്നും വീഡിയോയില്‍ യാദവ് പറയുന്നു.
ഒരു പൊറാട്ടയും ചായയുമാണ് പ്രഭാതഭക്ഷണമായി കിട്ടുന്നത്. കറിയായിട്ട് അച്ചാറോ പച്ചക്കറിയോ പോലുമില്ല. ഉച്ചയ്ക്ക് കിട്ടുന്ന റൊട്ടിക്കൊപ്പം കിട്ടുന്ന ഡാലിന് ഉപ്പും മഞ്ഞളും മാത്രം. ഇതാണ് തങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണം. 11 മണിക്കൂറോളം പ്രതികൂല കാലാവസ്ഥയില്‍ കാവല്‍ നില്‍ക്കേണ്ടവരാണ് ഞങ്ങള്‍. എങ്ങനെയാണ് ഒരു ജവാന് ഇങ്ങനെ ജോലി ചെയ്യാനാകുകയാദവ് ചോദിക്കുന്നു. ചില ദിവസങ്ങളില്‍ ഒന്നും കഴിക്കാതെയാണ് ഉറങ്ങാന്‍ പോകുന്നതെന്നും യാദവ് പറയുന്നു.
തങ്ങള്‍ക്കായി സര്‍ക്കാര്‍ എല്ലാം വിതരണം ചെയ്യുന്നുണ്ട്. പക്ഷേ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുഴുവന്‍ കടത്തുകയാണ്. അധികാരികള്‍ക്കെതിരെ ശബ്ദിക്കുന്നവരുടെ ജീവന് പോലും അപകടത്തിലാകും. ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം നടത്തണമെന്നും യാദവ് ആവശ്യപ്പെടുന്നു.
ജവാന്റെ ഫെയ്സ്ബുക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ആരോപണങ്ങളെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉത്തരവിട്ടു.
ഭടന്മാരുടെ ക്ഷേമകാര്യത്തില്‍ ശ്രദ്ധിക്കുന്ന സേനാവിഭാഗമാണ് ബി.എസ്.എഫെന്നും വിഷയം അടിയന്തരമായി പരിശോധിക്കാനായി മുതിര്‍ന്ന ഉദ്യോഗസ്ഥന് സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ബി.എസ്.എഫ് ട്വിറ്ററില്‍ അറിയിച്ചു.
അതിര്‍ത്തിയില്‍ നിന്നുള്ള ഭീഷണി മാത്രമല്ല, സ്വന്തം ഉദ്യോഗസ്ഥരില്‍ നിന്നും ഇത്തരത്തില്‍ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ ഏല്‍ക്കേണ്ടി വരുന്നത് കഷ്ടമാണെന്നും ജവാന് പറയുന്നു.
ഈ അവസ്ഥയില്‍ പോലും രാജ്യസുരക്ഷയ്ക്ക് തങ്ങള്‍ ഒരു തരത്തിലുള്ള വീഴ്ചയും വരുത്തിയിട്ടില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.