തിരുവല്ല: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിന് വീണ്ടും മരണമണി. ജനപ്രിയ ബ്രാന്‍ഡായ ജവാന് റമ്മിന്റെ ഉത്പാദനം ഇവിടെ നിര്‍ത്തി.
മുമ്പ് പഞ്ചസാര ഉത്പാദന കേന്ദ്രമായിരുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്സ് കരിമ്പിന്റെ ലഭ്യതക്കുറവില്‍ ഉത്പാദനം നിര്‍ത്തി അടച്ചിട്ടിരിക്കുകയായിരുന്നു.
ഇതു പിന്നീട് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ മദ്യ ഉത്പാദനത്തിനായി തുറന്നു കൊടുത്തു. കുറഞ്ഞ വിലയില്‍ ലഭിച്ചിരുന്ന നാടിന്റെ സ്വന്തം ജവാന് റമ്മാണ് ഇവിടെ ഉത്പാദിപ്പിച്ചുവന്നത്. ഇതിനെ ഏറെ വില്പനയായിരുന്നു. എന്നാല്‍ ഏറെനാളായി ജവാന് റമ്മിന്റെ ലഭ്യത കുറഞ്ഞു.
ഉത്പാദനം കുറച്ചുകൊണ്ടുവരാന്‍ ഗൂഢനീക്കം നടന്നതായി ആരോപണമുണ്ട്. പൊതുമേഖലയില്‍ ഉത്പാദിപ്പിക്കുന്ന ഈ ബ്രാന്‍ഡിനെ ഇല്ലായ്മ ചെയ്ത് വിപണി പിടിച്ചടക്കാന്‍ മറ്റുചില കമ്പനികള്‍ നീക്കങ്ങള്‍ തുടങ്ങിയിരുന്നുവെന്ന സംശയവുമുണ്ട്.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സ്പിരിറ്റ് തിരിമറി കണ്ടെത്തിയത്. ഇതോടെ ഉത്പാദനം നിര്‍ത്തിവച്ച് പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വിദേശമദ്യ ഉത്പാദനം നടത്തിവന്ന ഏക പൊതുമേഖല സംരംഭമാണ് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നത്.
2001ലാണ് കമ്പനി ജവാന് റം വിപണിയിലിറക്കുന്നത്. കമ്മീഷന് കുറവാണെന്നു പറഞ്ഞ് ബിവറേജസ് കോര്പറേഷന് തന്നെ ആദ്യം ഇതിനു പാര പണിതു. എന്നാല്‍ 2006ല്‍ എന്‍.
ശങ്കര്‍ റെഡ്ഡി ബിവറേജസ് കോര്പറേഷന് എംഡി ആയതോടെ കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡിന് വിപണി കണ്ടെത്തണമെന്ന നിര്‍ദേശം അംഗീകരിച്ചു.
ബിവറേജസ് കോര്‍പറേഷന്റെ എല്ലാ ഷോപ്പിലും കുറഞ്ഞത് 40 കെയ്സ് ജവാന് മദ്യം എടുത്തിരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇതോടെ വിപണിയില്‍ ജവാന് റം ലഭ്യമായിത്തുടങ്ങി. ആവശ്യക്കാരുമേറി.
കുറഞ്ഞവിലയ്ക്ക് കൂടിയ ലഹരി എന്നതാണ് ഇതിനെ ഏറെ ആകര്‍ഷണീയമാക്കിയത്. ഒരു ലിറ്ററിന് 600 രൂപ മാത്രമായിരുന്നു വില. പ്രതിദിനം 8000 കെയ്സ് മദ്യം ഇവിടെ ഉത്പാദിപ്പിച്ചിരുന്നു.
സ്പിരിറ്റ് കൊണ്ടുവരുന്ന വഴി
പ്രതിമാസം ശരാശരി 15 ലോഡ് സ്പിരിറ്റാണ് വിദേശമദ്യ നിര്‍മാണത്തിനായി പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്സിലേക്കെിത്തിക്കൊണ്ടിരുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കരാര്‍ വിളിച്ചാണ് ഇവ എത്തിച്ചിരുന്നത്.
കുറഞ്ഞ തുക എഴുതുന്ന ട്രാന്‍സ്പോര്‍ട്ടിംഗ് കമ്പനിക്കാണ് സ്പിരിറ്റ് എത്തിക്കാനുള്ള ചുമതല. സ്പിരിറ്റ് പുളിക്കീഴില്‍ എത്തിക്കേണ്ടതും ട്രാന്‍സ്പോര്‍ട്ടിംഗ് കമ്പനിയാണ്. എന്നാല്‍ സ്പിരിറ്റ് എവിടെനിന്നു വാങ്ങുന്നുവെന്നോ തുക എത്രയെന്നോ കരാര്‍ കമ്പനി അറിയാറില്ല.
ഇത്തവണ മധ്യപ്രദേശില്‍ നിന്നാണ് സ്പിരിറ്റ് എത്തിച്ചിരുന്നത്. കഴിഞ്ഞദിവസം ഇത്തരത്തില്‍ എത്തിച്ച സ്പിരിറ്റില്‍ 20,687 ലിറ്റര്‍ സ്പിരിറ്റിന്റെ കുറവ് കണ്ടെത്തിയതോടെയാണ് തിരിമറി ശ്രദ്ധയില്‍പെട്ടത്. ജനറല്‍ മാനേജരടക്കം ഏഴുപേരെ പ്രതികളാക്കി പോലീസ് കേസെടുത്തു.
സ്പിരിറ്റ് എത്തിച്ച ടാങ്കര്‍ ലോറികളിലെ ഡ്രൈവര്‍മാരും അക്കൗണ്ടന്റും അടക്കം അറസ്റ്റിലായി. പ്രതി ചേര്‍ക്കപ്പെട്ട ജനറല്‍ മാനേജരടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഇവര്‍ ഒളിവിലുമാണ്.ഇതിനിടെ ദീര്‍ഘകാലമായി സ്പിരിറ്റ് തിരിമറി നടന്നിരുന്നുവെന്ന സൂചനയും അന്വേഷണ സംഘത്തിനു ലഭിച്ചു.
പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ അളവിലും കുറവാണ് എത്തുന്നതെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇതു മറച്ചുവച്ചിരുന്നതായും പറയുന്നു. തട്ടിപ്പ് മുമ്പും നടന്നിട്ടുള്ളതായി അറസ്റ്റിലായ ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്.
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ജനറല്‍ മാനേജര്‍ അലക്സ് പി. ഏബ്രഹാം, പേഴ്സണല്‍ മാനേജര്‍ ഷെഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി, ടാങ്കറിലെത്തിച്ച സ്പിരിറ്റ് മറിച്ചു വില്ക്കാന് സഹായിച്ച മധ്യപ്രദേശ് ബൈത്തുള്‍ സ്വദേശി അബു എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫാണ്.
സ്പിരിറ്റ് ചോര്‍ത്തല്‍ അതിസാങ്കേതികമായി
ട്രാവന്‍കൂര്‍ ഷുഗേഴ്സിലേക്ക് സ്പിരിറ്റുമായി എത്തുന്ന ലോറികള്‍ക്ക് ഇ ലോക്ക് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് ലോറിയുടെ യാത്രയെന്നാണ് പറയുന്നത്.
പക്ഷേ ഇതില്‍ വേണ്ടത്ര പരിശോധനകള്‍ ഇല്ലായിരുന്നുവെന്ന് വ്യക്തം. ഇ ലോക്ക് പൊളിക്കാതെയാണ് സ്പിരിറ്റ് മാറ്റിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
മാറ്റിയ സ്പിരിറ്റിനു പകരമായി മറ്റെന്തെങ്കിലും നിറച്ചിട്ടുണ്ടോയെന്നാണ് സംശയം. കമ്പനിയില്‍ എത്തിക്കുന്ന സ്പിരിറ്റിലെ അളവിലും കുറവുണ്ടാകാതെ കണക്ക് സൂക്ഷിച്ചിരുന്നു.
വെള്ളം കലര്‍ത്തിയാണ് സ്പിരിറ്റ് അളവ് കൃത്യമാക്കിയിരുന്നതെന്ന് സംശയിക്കുന്നു. എന്നാല്‍ പുളിക്കീഴിലും തിരുവനന്തപുരത്തുമായി നടക്കുന്ന ഗുണനിലവാര പരിശോധനയില്‍ ഇതു ശ്രദ്ധയില്‍ പെട്ടിട്ടില്ലേയെന്നതും സംശയം ജനിപ്പിക്കുന്നു.
വ്യാഴാഴ്ച അറസ്റ്റിലായ അക്കൗണ്ടന്റ് അരുണ്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്പിരിറ്റ് ചോര്‍ത്തി നല്‍കിയതെന്നാണ് ഡ്രൈവര്‍മാരുടെ മൊഴി.
മധ്യപ്രദേശിലെ ഫാക്ടറിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള സേന്തുവായിലെ ലോറി നിര്‍ത്തിയിടുന്ന സ്ഥലത്ത് അബു എന്നയാളെത്തി സ്പിരിറ്റ് വാങ്ങിയെന്നാണ് ഡ്രൈവര്‍മാര്‍ നല്‍കിയിരിക്കുന്ന മൊഴി.
രണ്ട് വാഹനങ്ങളില്‍ നിന്ന് മാത്രമാണ് സ്പിരിറ്റ് ഊറ്റിയെടുത്തത്. വാഹനങ്ങളില്‍ നിന്ന് സ്പിരിറ്റ് ഊറ്റി വിറ്റ വകയില്‍ ലഭിച്ച 10.28 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. വാഹനങ്ങളുടെ ഇ ലോക്ക് സംവിധാനം തിരുവനന്തപുരത്തുനിന്നെത്തിയ ഉന്നതതലസംഘം ഇന്നലെ വീണ്ടും പരിശോധിച്ചു.
പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന്
പുളിക്കീഴ് പമ്പ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് കമ്പനിയിലെ സ്പിരിറ്റ് കടത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവന്‍ പുറത്തു കൊണ്ടുവരണമെന്നാവശ്യവുമായി ഭരണ, പ്രതിപക്ഷ കക്ഷികള്‍ രംഗത്ത്.
ഐഎന്‍ടിയുസി നേതൃത്വത്തില്‍ ഇന്നുരാവിലെ പുളിക്കീഴില്‍ ആരംഭിച്ച സമരം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിനു സര്‍ക്കാര്‍ തയാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
2015ല്‍ ഒരു ലോഡ് സ്പിരിറ്റ് കാണാതായതിനെക്കുറിച്ചു പുനരന്വേഷണം വേണമെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണി ആവശ്യപ്പെട്ടു. കമ്പനിയിലെ ഉദ്യോഗസ്ഥ മേധാവികളുടെ സഹായത്തോടു കൂടിയാണ് സ്പിരിറ്റ് കടത്ത് നടന്നു വന്നിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സ്പിരിറ്റ് കടത്ത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി സതീഷ് ചാത്തങ്കരി ആവശ്യപ്പെട്ടു.ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന സ്പിരിറ്റ് കടത്ത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി സതീഷ് ചാത്തങ്കരി ആവശ്യപ്പെട്ടു.
എഡിജിപി റാങ്കിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന് മാനേജിംഗ്് ഡയറക്ടര്‍ ആയിരിക്കുന്ന കമ്പനിയിലെ ഉന്നതരുടെ പങ്ക് പുറത്തു കൊണ്ടുവരുവാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേത്യത്വത്തിലുള്ള അന്വേഷണത്തിന് സാധിക്കുകയില്ലായെന്നും ഉദ്യോഗസ്ഥരുടെ അറിവോ സഹായമോ കൂടാതെ സ്പിരിറ്റ് കടത്ത് നടത്തുക അസാധ്യമാണെന്നും സതീഷ് ചാത്തങ്കേരി പറഞ്ഞു.