തിരുവല്ല: സ്പിരിറ്റ് തിരിമറി വിവാദത്തില്‍ ഉത്പാദനം നിര്‍ത്തിവച്ച ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ മദ്യ ഉത്പാദനം പുനരാരംഭിച്ചു.
ബ്ലെന്‍ഡഡ് സ്പിരിറ്റ് ഉപയോഗിച്ചുള്ള ഉത്പാദനമാണ് ഇന്നലെ പുനരാരംഭിച്ചത്. കമ്പനിയില്‍ അവശേഷിക്കുന്ന സ്പിരിറ്റ് ഉപയോഗിച്ച് മദ്യം ഉത്പാദിപ്പിക്കാനുള്ള അനുമതി ബിവറേജസ് കോര്പറേഷന് തേടിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി എക്സൈസ് പരിശോധന പൂര്‍ത്തിയാക്കും. കമ്പനിയില്‍ സൂക്ഷിച്ചിട്ടുള്ള സ്പിരിറ്റിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു.
ജവാന് റമ്മാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സില് ഉത്പാദിപ്പിച്ചുവരുന്നത്. 25 ദിവസത്തെ ഉത്പാദനത്തിനുള്ള സ്പിരിറ്റ് അവശേഷിക്കുന്നുണ്ട്.
ഇതിനിടെ സ്പിരിറ്റ് തിരിമറി സംബന്ധിച്ച അന്വേഷണത്തിന്റെ പുരോഗതി ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി ഇന്നലെ വിലയിരുത്തി.തിരുവനന്തപുരം എക്സൈസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും അഡീഷണല്‍ കമ്മീഷണറും ഇന്നലെ പുളിക്കീഴില്‍ എത്തിയിരുന്നു.