കുമളി: ബിവറേജസ് കോർപറേഷന്റെ കുമളി ചില്ലറ മദ്യവില്പനശാലയിലെ എക്സൈസ് വിൽപ്പന നിരോധിച്ച മദ്യത്തിന്റെ സ്റ്റോക്കിൽനിന്ന് രണ്ടു ലക്ഷം രൂപയുടെ ജവാൻ മദ്യം കാണാതായി. 315 ലിറ്റർ മദ്യമാണ് കാണാതായിരിക്കുന്നത്. വിൽപ്പന നിരോധിച്ച 361 കെയ്സ് സ്റ്റോക്കിൽനിന്നാണ് 2,01600 ലക്ഷം രൂപ വിൽപ്പന വിലയുള്ള മദ്യം നഷ്ടപ്പെട്ടിരിക്കുന്നത്.
ഒരു കെയ്സിനുള്ളിൽ ഒരു ലിറ്റർ വീതമുള്ള ഒൻപതു കുപ്പി മദ്യമാണുണ്ടായിരിക്കേണ്ടത്. ഒരോ കെയ്സിൽ നിന്നും മൂന്നും നാലും കുപ്പികൾ വീതമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
16 . 1 . 2019ൽ എക്സൈസ് താത്കാലികമായി വില്പന നിരോധിച്ച് ഫ്രീസ് ചെയ്തിരുന്ന 361 കെയ്സ് മദ്യത്തിൽ നിന്നാണ് 35 കെയ്സ് കാണാതായത്. മദ്യത്തിൽ കരട് ഉണ്ടെന്ന പരാതിയെ തുടർന്നാണ് എക്സൈസ് താത്കാലികമായി വില്പന തടഞ്ഞ് മദ്യം സ്റ്റോക്കു ചെയ്തിരുന്നത്. മദ്യ ശേഖരത്തിൽ നിന്ന് ആറ് കുപ്പി പരിശോധനാ സാന്പിളായി എക്സൈസ് എടുത്തിരുന്നു.
21.4.2022ൽ ചില്ലറ വില്പനശാലയുടെ ചുമതല ഏറ്റെടുത്തവർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇവരുടെ പരാതിയെ തുടർന്ന് അന്വേഷണം മുറുകിയപ്പോൾ 2022 ഏപ്രിൽ 28 ന് മദ്യത്തിന്റെ വില്പന പൂർണമായി തടയുകയും മദ്യം നശിപ്പിക്കാൻ ഉത്തരവിറക്കുകയുമായിരുന്നു.
പരിശോധനാ ഫലം വരാൻ മൂന്നു മാസമെങ്കിലും എടുക്കുമെന്നിരിക്കെ അതിനു മുന്പ് മദ്യം മുഴുവൻ നശിപ്പിക്കാൻ ഉത്തരവിറങ്ങിയതിൽ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. രണ്ടു ലക്ഷം രൂപയുടെ മദ്യത്തട്ടിപ്പ് അട്ടിമറിക്കാൻ 19 ലക്ഷത്തിന്റെ മദ്യമാണ് നശിപ്പിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.