ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ബിജെപി യുവനേതാവ് നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി സമാജ്വാദി പാർട്ടി എംപി ജയ ബച്ചൻ. ബിജെപി സർക്കാർ സ്ത്രീ സുരക്ഷയേക്കാൾ പശുക്കളുടെ സംരക്ഷണത്തിനാണ് പ്രധാന്യം നൽകുന്നതെന്ന് ജയ ആരോപിച്ചു. രാജ്യസഭയിലാണ് പശുവിനെ ആയുധമാക്കി പ്രതിപക്ഷം സർക്കാരിനെതിരേ ആഞ്ഞടിച്ചത്.
സ്ത്രീ സുരക്ഷയ്ക്കായി കർശന നടപടികൾ സർക്കാർ സ്വീകരിക്കണം. നിങ്ങൾ പശുക്കളെ സംരക്ഷിക്കുന്നു. അതേസമയം, സ്ത്രീകൾക്കു നേർക്കുണ്ടാകുന്ന അക്രമങ്ങൾ തടയാൻ കഴിയുന്നില്ല. ഇതാണോ നിങ്ങൾ ഈ രാജ്യത്തെ സ്ത്രീകൾക്ക് നൽകുന്ന സുരക്ഷ. ഇതാണ് നിങ്ങളുടെ നീതിയെങ്കിൽ സ്ത്രീകൾ ഇവിടെ അരക്ഷിതരാണ്- ജയ ബച്ചൻ പറഞ്ഞു.
യുവമോർച്ച നേതാവ് യോഗേഷ് വർഷ്ണിയാണ് മമതയ്ക്കെതിരേ പരാമർശം നടത്തിയത്. മമതയുടെ തലയെടുക്കുന്നവർക്ക് 11 ലക്ഷം രൂപ നൽകാമെന്നുമായിരുന്നു യോഗേഷിന്റെ പരാമർശം.