പ്രണയത്തിനു ശേഷം ഫ്രാഗന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ സജീവ് പി.കെ., ആൻ സജീവ് എന്നിവർ ചേർന്നു നിർമിക്കുന്ന കിണർ എന്ന ചിത്രത്തിലൂടെ ജയപ്രദ വീണ്ടും മലയാളത്തിലെത്തുന്നു. എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്നു.
കാലികവും സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങളിലൂടെ നമ്മുടെ ചുറ്റുപാടുമുള്ള ജനജീവിതത്തിന് സംഭവബഹുലമായ മുഹൂർത്തങ്ങൾ വളരെ റിയലിസ്റ്റിക്കായി ദൃശ്യവൽക്കരിക്കുന്ന സംവിധായകൻ എം.എ. നിഷാദ്, ഇക്കുറി ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഒരു ദുരന്തത്തെ ഓർമിപ്പിക്കാൻ ഒരുക്കുന്ന ചിത്രമാണ് കിണർ.ജലദൗർലഭ്യം വിഷയമായ ഈ ചിത്രത്തിൽ ജയപ്രദയ്ക്കു പുറമേ രേവതി, അർച്ചന എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രണയത്തിനു ശേഷം ഏകദേശം നാലരവർഷം കഴിഞ്ഞാണ് ജയപ്രദ മറ്റൊരു ശക്തമായ കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിക്കുന്നത്.
പത്തു കൊല്ലത്തിനു ശേഷമാണ് ദേശീയ അവാർഡ് നേടിയ അർച്ചന എത്തുന്നത്. നാലുവർഷത്തിനു ശേഷം രേവതിയും നിഷാദിന്റെ കിണർ എന്ന ചിത്രത്തിൽ എത്തുന്നു.പശുപതി, രഞ്ജി പണിക്കർ, ജോയ് മാത്യു, ഭഗത് മാനുവൽ, കൈലാഷ്, സുധീർ കരമന, മധുപാൽ, ഇന്ദ്രൻസ്, സുനിൽ സുഖദ, കലിംഗ ശശി, വിജയ് മേനോൻ, കൊച്ചുപ്രേമൻ, സോഹൻ സീനുലാൽ, ബാലാജി, വി.കെ. ബൈജു, അഷ്കർ അമീർ, അനിൽ നെടുമങ്ങാട്, രാജേഷ് അന്പലപ്പുഴ, അരുണ് പുനലൂർ, രാജേഷ് പറവൂർ, അസീസ് നെടുമങ്ങാട്, സീമ, മാലാ പാർവതി, ആൻസജീവ്, വർഷ, ഉമാ നായർ, ശില്പ, ധനിഷ, മാസ്റ്റർ ആദിഷ് തുടങ്ങിയവർക്കൊപ്പം ഏകദേശം നാല്പതിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഇനിയൊരു ലോകമഹായുദ്ധമുണ്ടാകുകയാണെങ്കിൽ അത് ജലത്തിനു വേണ്ടിയുള്ളതായിരിക്കും. ഇത് ഓർമപ്പെടുത്താനും ഈ ദുരന്തത്തെ മറികടക്കാനും മനുഷ്യ മനഃസാക്ഷിയെ ഉണർത്തുകയെന്നതാണ് കിണർ എന്ന ചിത്രം ലക്ഷ്യമാക്കുന്നത്- സംവിധായകൻ നിഷാദ് പറഞ്ഞു.