കൊല്ലം: കുരീപ്പള്ളിയില്‍ പതിനാല് വയസുകാരന് കൊലപ്പെട്ട കേസില്‍ ജിത്തുവിന്റെ പിതാവിനേയും സഹോദരിയേയും പോലീസ് ചോദ്യം ചെയ്തുവരുന്നു. കുടുംബാഗങ്ങളെ ചോദ്യം ചെയ്ത അന്വേഷണസംഘം വീടുമായി ബന്ധപ്പെട്ടവരെയാണ് വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യുക. ജയയ്ക്ക് മാനസിക പ്രശ്നം ഉണ്ടെന്നാണ് ഇവർ മൊഴി നൽകിയത്.
കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അമ്മ ജയ ജോബിന്റെ മാനസിക നില പോലീസ് വീണ്ടും പരിശോധിക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനും മാനസിക നില പരിശോധിക്കുന്നതിനുമായി ജയയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം ഇന്ന് പരവൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും.
എന്നാൽ ജയയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുന്‍പ് ഇവരുടെ മാനസിക നില പരിശോധിച്ച് കുഴപ്പങ്ങള്‍ ഇല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മകള്‍ നല്കിയ മൊഴിയെ തുടര്‍ന്നാണ് വീണ്ടും പരിശോധന വേണമെന്ന തീരുമാനത്തിലെത്തിയത്. അച്ഛന്റെ വീട്ടില്‍ പോകരുതെന്ന് ജിത്തുവിനെ അമ്മ വിലക്കിയിരുന്നു. ഇത് വകവെക്കാതെ അവിടെ പോകുന്നത് ജിത്തുവിന്റെ പതിവായിരുന്നു.
അച്ഛന്റെ വീട്ടില്‍ പോയിട്ട് വരുമ്പോള്‍ അമ്മയെ കുറ്റപെടുത്തി സംസാരിക്കാനും ദേഷ്യം പിടിപ്പിക്കാനും ജിത്തു ശ്രമിച്ചിരുന്നു. ഇത് കേള്‍ക്കുമ്പോള്‍ ജയ അസാധാരണമായാണ് പ്രതികരിച്ചിരുന്നത്. എന്നാല്‍ അല്‍പ്പ സമയം കഴിയുമ്പോള്‍ സാധാരണ നിലയിലായി ഇരുവരും സ്നേഹത്തോടെ സംസാരിക്കും.
ജിത്തുവിന്റെ സ്നേഹം നഷ്ടമാകുമെന്ന് ജയ ഭയപ്പെട്ടിരുന്നു. മറ്റ് സമയങ്ങളില്‍ ജയ അസാധാരണമായി പ്രതികരിക്കാത്തതിനാല്‍ ചികിത്സ തേടിയിട്ടില്ല എന്നാണ് ജിത്തുവിന്റെ സഹോദരി മൊഴി നല്‍കിയത്. ജയയുടെ ഭര്‍ത്താവ് ജോബിനെ ചോദ്യം ചെയ്തപ്പോഴും സമാനമായ മൊഴികളാണ് ലഭിച്ചത്.
അന്ധവിശ്വാസത്തിന് അടിമയായിരുന്നു ജയമോളെന്നു ചോദ്യം ചെയ്യലില്‍ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതി ജയ സാത്താന് വിശ്വാസത്തെക്കുറിച്ചുള്ള ചിന്തകളും വിഷാദരോഗവും ഉണ്ടായിരുന്നതായും ചിലര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. പെട്ടെന്നു കോപിക്കുന്ന സ്വഭാവമായിരുന്നു ജയമോള്‍ക്ക്.
വീട്ടിലെ ലാന്ഡ്ഫോണില് നിന്നുള്ള ഫോണ്‍വിളികളുടെ വിശദ വിവരം ബിഎസ്എന്‍എല്ലില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ഡിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ജിത്തുവിന്റെ വീടും മൃതശരീരം കണ്ടെത്തിയ സ്ഥലവും അദ്ദേഹം സന്ദര്‍ശിച്ചു.