ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചത് ഒന്നിലധികം അവയവങ്ങൾ തകരാറിലായ നിലയിലാണെന്ന് ലണ്ടനിൽ നിന്നുള്ള ഡോക്ടർ റിച്ചാർഡ് ബെലേ. പ്രമേഹം കൂടുതലായിരുന്നതിനാൽ അസുഖങ്ങൾ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല.
അതിനാലാണ് നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തത്. ഒദ്യോഗിക കാര്യങ്ങളിൽ ചിലതിന് വിരലടയാളം പതിപ്പിച്ചപ്പോൾ താനും ഒപ്പമുണ്ടായിരുന്നു. നല്ല ബോധത്തോടെയാണ് അവർ വിരലടയാളം പതിപ്പിച്ചത്. ജയലളിതയുടെ മൃതദേഹം എംബാം ചെയ്തിരുന്നുവെന്നും ഡോക്ടർ റിച്ചാർഡ് ബെലേ പറഞ്ഞു.
ജയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും നടി ഗൗതമി ഉൾപ്പടെയുള്ളവർ ആവശ്യമുന്നയിച്ചതിനിടെയാണ് ഡോക്ടറുടെ അഭിപ്രായം. ദീർഘകാലമായി പ്രമേഹ ബാധിതയായിരുന്ന ജയലളിതയെ അവസാന കാലത്ത് വൃക്കരോഗവും അലട്ടിയിരുന്നു.