അതൊരു നീണ്ടകാലമായിരുന്നു ജയലളിതയുടെ ജീവിതത്തില്‍. മരണത്തിനു തൊട്ടുമുമ്പുള്ള 75 ദിവസങ്ങള്‍ അശുപത്രിയിലെ ആ മുറിയില്‍ അവര്‍ ഒതുങ്ങി. ആരോടും പരിഭവമില്ലാതെ ജീവിതത്തെ അതിയായി സ്‌നേഹിച്ച്. ചിലപ്പോള്‍ പൊട്ടിച്ചിരിച്ചും, നേഴ്‌സമാരെ ഉപദേശിച്ചും ചിലപ്പോള്‍ പരിചരിക്കുന്നവരുടെ വാക്കുകളെ ഭയന്നും. ജയലളിതയുടെ മരണശേഷം തലൈവിയെ അനുസ്മരിക്കാന്‍ അപ്പോളോ ആശുപത്രിയില്‍ സ്റ്റാഫുകളുടെ മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. ആ മീറ്റിംഗിലാണ് പുറമേ കാണുന്നതിനപ്പുറമുള്ള ജയയെക്കുറിച്ചുള്ള ഓര്‍മകള്‍ നേഴ്‌സുമാര്‍ പങ്കുവച്ചത്.
ആദ്യ ദിവസം ആശുപത്രിയിലെത്തിയപ്പോള്‍ ജയ പൂര്‍ണ ക്ഷീണിതയായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ ആരോഗ്യം വീണ്ടെടുത്തു. തന്നെ പരിചരിക്കാന്‍ വരുന്ന നേഴ്‌സുമാരെ പലപ്പോഴും ജയയ്ക്ക് ഭയമായിരുന്നു. കാരണം, അവര്‍ നിര്‍ബന്ധപൂര്‍വം ഭക്ഷണം കഴിപ്പിക്കുന്നതുതന്നെ. കിംഗ് കോംഗെന്നായിരുന്നു മൂന്നു നേഴ്‌സുമാരെ ജയ വിശേഷിപ്പിച്ചിരുന്നത്. സാധാരണജീവിതത്തിലേക്ക് മടങ്ങിവരണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ പറയുന്നതൊക്കെ അനുസരിക്കാറുണ്ടായിരുന്നെന്നു നേഴ്‌സുമാര്‍ പറയുന്നു. നേഴ്‌സുമാരുമായി വല്ലാത്തൊരു ഹൃദയബന്ധം ഉണ്ടാക്കിയെടുത്ത ജയ അവര്‍ക്ക് ഇടയ്ക്ക് സൗന്ദര്യ സംരക്ഷണ ടിപ്‌സ് പറഞ്ഞുനല്കിയിരുന്നു. ചില സമയങ്ങളിലെങ്കിലും നേഴ്‌സുമാരോട് അവരുടെ ഹൈയര്‍ സ്‌റ്റൈലുകള്‍ മാറ്റണമെന്നാവശ്യപ്പെടുമായിരുന്നെന്നും ആശുപത്രിയിലെ ഒരു നേഴ്‌സ് പറഞ്ഞു.
ആശുപത്രി വാസത്തോട് ജയയ്ക്ക് വലിയ പരാതിയില്ലായിരുന്നുവെങ്കിലും അവിടെ കിട്ടുന്ന ചായയെക്കുറിച്ച് വലിയ പരാതിയുണ്ടായിരുന്നു. ചായ കൊണ്ടു വന്നു നല്‍കുന്ന നേഴ്‌സിനോട് ഒരിക്കല്‍ തന്റെ ഒപ്പം വീട്ടിലേക്കു വരണമെന്ന് അവര്‍ പറഞ്ഞിരുന്നു. കൊടൈക്കനാലിലെ തന്റെ വീട്ടില്‍ വരുമ്പോള്‍ നല്ല ചായ ഉണ്ടാക്കി നല്കാമെന്നും അവര്‍ പറഞ്ഞിരുന്നു. ആശുപത്രി വാസത്തിലെ അമ്മയുടെ പ്രധാന പരിപാടികളിലൊന്ന് ടിവി വാര്‍ത്തകള്‍ കാണുകയായിരുന്നു. പല വാര്‍ത്തയും കണ്ട് തനിയെ ഇരുന്ന് ചിരിക്കുമായിരുന്നത്രേ. പോയസ് ഗാര്‍ഡനില്‍ ഭക്ഷണം പാചകം ചെയ്തു നല്‍കുന്ന സ്ത്രീ തന്നെയാണ് ജയ ആശുപത്രിയില്‍ കഴിഞ്ഞപ്പോഴും ഭക്ഷണം ഉണ്ടാക്കിയിരുന്നത്. എല്ലാവര്‍ക്കും വലിയ ഓര്‍മകള്‍ സമ്മാനിച്ച തലൈവിയെക്കുറിച്ച് നേഴ്‌സുമാര്‍ പലരും കണ്ണീര്‍ പൊഴിക്കുകയും ചെയ്തിരുന്നു.