ചെന്നൈ: അണ്ണാ ഡിഎംകെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശശികല പ്രവര്‍ത്തകന്റെ മകള്‍ക്കു ‘ജയലളിത’എന്നു പേരിട്ടതായി വിവരം. മക്കള്‍ക്കു പേരിടാന്‍ നേതാക്കളെ സമീപിക്കുന്നതു ദ്രാവിഡ പാര്‍ട്ടിയില്‍ പതിവാണ്. തേനി സ്വദേശിയായ ഓട്ടോഡ്രൈവര്‍ സെന്തിലിന്റെയും ഗായത്രിയുടെയും കുട്ടിയ്ക്കാണ് ശശികല ജയലളിത എന്നു പേരിട്ടത്. പോയസ് ഗാര്‍ഡനിലെ വസതിയിലായിരുന്നു പേരിടല്‍. ഇതൊക്കെ ശശികലയുടെ മുഖ്യമന്ത്രി പദത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അണ്ണാ ഡിഎംകെ പോഷക സംഘടനയായ ജയലളിത പേരവൈ ശശികല മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കിയിട്ടുണ്ട്്. ജയയുടെ മണ്ഡലമായിരുന്ന ആര്‍കെ നഗറില്‍നിന്ന് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം റവന്യു മന്ത്രിയും പേരവൈ സംസ്ഥാന സെക്രട്ടറിയുമായ ആര്.ബി.ഉദയകുമാര്‍ പോയസ് ഗാര്‍ഡനില്‍ പോയി ശശികലയ്ക്കു കൈമാറി.
ചെന്നൈ മറീനയിലുളള ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലത്തു ചേര്‍ന്ന യോഗത്തിലാണു പ്രമേയം പാസാക്കിയത്. പാര്‍ട്ടി പ്രസീഡിയം ചെയര്മാന് ഇ.മധുസൂദനന്, മന്ത്രിമാരായ കാടാമ്പൂര്‍ രാജു, സേവൂര്‍ എസ്.രാമചന്ദ്രന് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ശശികലയോട് പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചവരില്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ലോക്സഭാ ഡപ്യൂട്ടി സ്പീക്കര്‍ എം.തമ്പിദുരൈ തുടങ്ങിയവരും ഉള്‍പ്പെടുന്നു. മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ജയലളിത തന്നെയാണു വഹിച്ചിരുന്നത്. എംജിആറിന്റെ കാലത്തും ഇങ്ങനെ തന്നെയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ശശികലയുടെ മനസിലും ആ ലക്ഷ്യമായിരിക്കും എന്നു കരുതേണ്ടിയിരിക്കുന്നു.