മെൽബണ്‍: ശ്രീലങ്കൻ ഇതിഹാസ താരം സനത് ജയസൂര്യ ഇനി ക്രിക്കറ്റ് കോച്ചിംഗിലേക്ക്. മെൽബണ്‍ കേന്ദ്രമായ മുൾഗ്രേവ് ക്ലബിന്റെ പരിശീലകനായി ജയസൂര്യ ചുമതലയേറ്റു. ഒരു വർഷത്തേക്കാണ് നിയമനം.
ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിന് രണ്ടു വർഷത്തെ വിലക്ക് ജയസൂര്യയ്ക്കുണ്ടായിരുന്നു. 2019 ഫെബ്രുവരിയിൽ ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് മുൻതാരം പരിശീലകന്റെ റോളിലേക്ക് തിരിഞ്ഞത്.
ശ്രീലങ്കൻ ദേശീയ ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്ന ജയസൂര്യയ്ക്കെതിരേ അഴിമതിയാരോപണം ഉയർന്നതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്വേഷണവുമായി താരം സഹകരിക്കാതെ വന്നതോടെയാണ് രണ്ടു വർഷത്തെ വിലക്ക് നേരിടേണ്ടി വന്നത്.
22 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ ലങ്കയ്ക്കായി 110 ടെസ്റ്റിലും 445 ഏകദിനങ്ങളിലും ജയസൂര്യ പാഡണിഞ്ഞു.