വിശാലമായൊരു വേദിയിൽ ഒരേകാന്തപഥികനെപ്പോലെ പി. ജയചന്ദ്രൻ പാടുന്നു. ഇടത്തേ കൈ പാന്റ്സിന്റെ പോക്കറ്റിലിട്ട്, ഇതൊക്കെയെന്തനായാസം എന്ന മട്ടിൽ അലസം. ചിലയിടങ്ങളിൽ ചില വാക്കുകൾക്ക് അല്പമൊരു ഘനംകൊടുത്തിട്ടുണ്ട് എന്നതൊഴിച്ചാൽ പഴയ അതേ സ്വരം, അതേ ഭാവം- മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു… അതാ, അവിടമാകമാനം ചന്ദ്രികയുദിക്കുന്നു…
പതിറ്റാണ്ടുകൾ പിന്നിലേക്കു നടന്നാൽ മദ്രാസിൽ ദേവരാജൻ മാസ്റ്ററുടെ താമസസ്ഥലത്തെത്തും. സംഗീതം ശാസ്ത്രീയമായി പഠിക്കാത്തവരെക്കൊണ്ട് ഞാൻ പാടിക്കാറില്ല എന്നു കട്ടായം പറഞ്ഞെങ്കിലും ഒന്നു പരീക്ഷിച്ചുനോക്കാം എന്ന മാസ്റ്ററുടെ അലിവിനു പാത്രമായി അദ്ദേഹത്തിനുമുന്നിൽ ഭവ്യതയോടെ നിൽക്കുകയാണ് ജയചന്ദ്രൻ എന്ന യുവാവ്. ആർ.കെ. ശേഖറിന്റെ ഹാർമോണിയ നാദത്തിനൊപ്പം മാസ്റ്റർ ജയചന്ദ്രനെ പാട്ടുപഠിപ്പിക്കുന്നു- താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ… എഴുതിയെടുക്കുക, പഠിക്കുക, പിറ്റേന്നുവന്ന് പാടിക്കേൾപ്പിക്കുക, തിരുത്തലുകൾ വീണ്ടും പഠിക്കുക, പിന്നെയും പാടുക… മാസ്റ്ററുടെ പതിവുശൈലി തുടർന്നു. കളിത്തോഴൻ (1966) എന്ന ചിത്രത്തിനുവേണ്ടിയാണ് പാട്ട്.
രണ്ടാമതൊരു പാട്ടുകൂടി മാസ്റ്റർ പഠിപ്പിച്ചു. സിനിമയിൽ യേശുദാസ് പാടാൻ പോകുന്ന പാട്ടാണെന്നും, ഒരു പരിശീലനത്തിനുവേണ്ടി മാത്രം പാടിപ്പഠിച്ചാൽ മതിയെന്നും മുൻകൂട്ടി പറഞ്ഞിരുന്നു. വരികൾ വായിച്ചുപഠിക്കുംതോറും ആ പാട്ട് ജയചന്ദ്രന്റെ മനസിൽ കൂടുകൂട്ടി. രാവും പകലുമെന്നില്ലാതെ ആ വരികൾ ഉള്ളിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്; ഇഷ്ടം കൂടിക്കൂടി വന്നുവെന്നും.
താരുണ്യം തന്നുടെ എന്ന പാട്ട് റിക്കാർഡ് ചെയ്തശേഷം കുറേക്കഴിഞ്ഞ് മാസ്റ്റർ ആ ഇഷ്ടഗാനംകൂടി മൈക്കിൽ പാടാൻ ആവശ്യപ്പെട്ടു. യേശുദാസ് പാടേണ്ട പാട്ട് എന്തിനാണാവോ തന്നെക്കൊണ്ടു പാടിക്കുന്നത് എന്ന സംശയം ഉള്ളിലുണ്ടായിരുന്നെങ്കിലും ജയചന്ദ്രൻ പാടി. അദ്ദേഹത്തിന്റെതന്നെ വാക്കുകൾ: “”എന്റെ മനസ് നിലാവിലൂടെ ഒഴുകിപ്പോവുന്നതുപോലെ തോന്നി. ഞാനൊന്നും കണ്ടില്ല. താളവും ശ്രുതിയും വരികൾക്കിടയിലെ ബീജിഎമ്മും ശ്രദ്ധിച്ചിരുന്നെങ്കിലും ഒട്ടും ശങ്കിക്കാതെ സുഖമായാണ് ഞാൻ പാടിയത്. പാട്ടു കഴിഞ്ഞു. മാസ്റ്റർ ഒന്നും പറഞ്ഞില്ല. ഒന്നു മൂളി എന്നുതോന്നുന്നു..”
സ്റ്റുഡിയോയിൽ അന്നു സിനിമയുടെ സംവിധായകൻ എം. കൃഷ്ണൻനായരുണ്ട്. അദ്ദേഹം പാട്ടു നന്നായി എന്നു ജയചന്ദ്രനോടു പറഞ്ഞു. എപ്പോഴാണ് ദാസേട്ടൻ പാടാൻ വരിക എന്നായിരുന്നു ജയചന്ദ്രന്റെ മറുചോദ്യം. എന്തു പാടാൻ എന്നായി കൃഷ്ണൻനായർ. അല്ല, ഈ പാട്ട് അദ്ദേഹമല്ലേ പാടുന്നതെന്നു ജയചന്ദ്രനു വീണ്ടും സംശയം. “”എടാ, നീ ആ പാട്ട് പാടിക്കഴിഞ്ഞു. നിനക്കുവേണ്ടിത്തന്നെയാ മാസ്റ്റർ ഈ പാട്ട് ചിട്ടപ്പെടുത്തിയത്”- സംവിധായകന്റെ തീർപ്പ്. ഞാനാണോ സിനിമയിൽ ഈ പാട്ട്… അവിശ്വസനീയത സമ്മാനിച്ച ഗദ്ഗദംകൊണ്ട് ജയചന്ദ്രന്റെ വാക്കുകൾ കുരുങ്ങി. അങ്ങനെ ഒറിജിനൽ പാടുകയാണെന്നറിയാതെ ജയചന്ദ്രൻ ആലപിച്ച ആ ഗാനമാണ് “”മഞ്ഞലയിൽ മുങ്ങിത്തോർത്തി…”
താളംതല്ലിയ ഓർമകൾ
പതിഞ്ഞ താളത്തിൽ തുടങ്ങി ഒന്നു രണ്ടായും രണ്ടു നാലായും പെരുകി എണ്ണംതിരിഞ്ഞ് കാതിലെത്തുന്ന തായന്പക. ബാല്യത്തിൽ ചേന്ദമംഗലത്തെ ഉത്സവക്കാലങ്ങളിൽ ചെണ്ടയുടെ നാദവിസ്താരങ്ങളാണ് തന്നിൽ താളത്തിന്റെ പതുക്കവും മുറുക്കവും കണക്കും കാലവും നിറച്ചതെന്നു ജയചന്ദ്രൻ പറഞ്ഞിട്ടുണ്ട്. വെറുതെയിരിക്കുന്പോൾ സ്വയമറിയാതെ തറയിലോ പലകയിലോ കട്ടിലിന്റെമേലോ ഒക്കെ താളംതല്ലിയ ഓർമകൾ.. ഒന്നു പെരുക്കാൻ തരിച്ചുതുടങ്ങിയ കൈവിരലുകൾ… പിന്നീട് വർഷങ്ങളോളം മൃദംഗത്തിൽ പെരുക്കിയതിന്റെ തുടക്കം. മൃദംഗത്തിലെ ഈ തഴക്കമായിരുന്നിരിക്കണം ദേവരാജൻമാസ്റ്റർക്കു മുന്നിൽ പാടാനുള്ള ധൈര്യം നൽകിയതും.
ചേന്ദമംഗലത്തുനിന്ന് ഇരിങ്ങാലക്കുടയിലെ പാലിയത്തു വീട്ടിലേക്കു കുടുംബം മാറിയതോടെ ജയചന്ദ്രന്റെ ലോകവും മാറി. പഠനവും കൊട്ടകകളിൽ പോയി സിനിമകൾ കാണലും ഇരിങ്ങാലക്കുടയിലും മാറിയില്ല. അന്നത്തെ പയനിയർ തിയറ്ററിൽ കണ്ട സിനിമകളിലെ പാട്ടുകൾ വർഷങ്ങൾക്കിപ്പുറവും ചുണ്ടിൽനിന്നു പോയിട്ടില്ലെന്നു പറയുമായിരുന്നു ജയചന്ദ്രൻ.
പിന്നീട് ഇടക്കാലത്ത് ആലുവയിൽ പെരിയാറിന്റെ തീരത്തെ വീട്ടിലേക്കും താമസംമാറി. ആലുവയിൽവച്ചാണ് മൃദംഗപഠനത്തിനു തുടക്കമിട്ടത്. രാമസുബ്ബയ്യനെന്ന അധ്യാപകൻ ക്ഷമയും സ്നേഹവുമുള്ളയാളായിരുന്നു. തന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്ന താളപ്രമാണങ്ങളെയും കണക്കുകളെയും ചിറകടിച്ചുപൊങ്ങുന്ന പരശതം പക്ഷികളായി പറത്തിവിട്ടതു ഗുരുനാഥനാണെന്നു ജയചന്ദ്രൻ ഓർമിച്ചിട്ടുണ്ട്.
ചുവരിലെഴുതി പഠനം
സംഗീതം ഉള്ളിൽ നിറച്ചു നടന്ന ജ്ഞാനിയായ അച്ഛൻ തൃപ്പൂണിത്തുറ കോവിലകത്ത് രവിവർമ കൊച്ചനിയൻ തന്പുരാൻ മകനിൽ പാട്ടു കണ്ടെത്തിയിരുന്നു. കർണാടകസംഗീത പാണ്ഡിത്യമുള്ള അദ്ദേഹത്തിനു സിനിമാപ്പാട്ടുകളും ഒരുപാടിഷ്ടം. പ്രത്യേകിച്ച് ബാബുരാജിന്റെ പാട്ടുകൾ. ദക്ഷിണാമൂർത്തി സ്വാമിയോടും ആദരം. പ്രിയഗാനങ്ങൾ മകനെക്കൊണ്ടു പാടിക്കുകയും വരികൾ മറക്കാതിരിക്കാൻ ചുവരിൽ കരിക്കട്ടകൊണ്ട് എഴുതിവയ്ക്കുകയും ചെയ്തിരുന്നു അദ്ദേഹം.
ഇരിങ്ങാലക്കുടയിൽ തനിക്കു രണ്ടു ദേവാലയങ്ങളാണ് ഉണ്ടായിരുന്നതെന്നു ഓർമിക്കാറുണ്ട് ജയചന്ദ്രൻ. കൂടൽമാണിക്യം ക്ഷേത്രവും നാഷണൽ ഹൈസ്കൂളും. എട്ടിലെ സാഹിത്യസമാജത്തിൽ പാടിയ പാട്ടുകേട്ടാണ് പ്രിയപ്പെട്ട രാമനാഥൻമാസ്റ്റർ അരികിൽവിളിച്ചു പറയുന്നത്: ജയൻകുട്ടാ.., അസലായിരുന്നു പാട്ട്. നീ ഒന്നു സ്റ്റാഫ്റൂമിലേക്കു വരണംട്ടോ.. അവിടെച്ചെന്നതും മാഷ് എല്ലാവരോടുമായി പ്രഖ്യാപിച്ചത് ഇങ്ങനെ: നമുക്കൊരു ഗായകനെ കിട്ടിയിരിക്കുന്നു!
1958ൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ജയചന്ദ്രൻ മൃദംഗത്തിനും ലളിതഗാനത്തിനും പങ്കെടുത്തു. മൃദംഗത്തിൽ ഒന്നാമത്. ലളിതഗാനത്തിൽ രണ്ടാംസ്ഥാനം. ഒന്നാമതെത്തിയത് മറ്റാരുമല്ല, യേശുദാസ്! ആദ്യ യുവജനോത്സവത്തിൽ ക്ലാസിക്കൽ മ്യൂസിക്കിൽ ഒന്നാംസ്ഥാനം നേടിയ യേശുദാസിനുവേണ്ടി മൃദംഗത്തിൽ ഒന്നാമതെത്തിയ ജയചന്ദ്രൻ മൃദംഗം വായിച്ചു.
ക്രൈസ്റ്റ് കോളജിലായിരുന്നു ബിഎസ്സി സുവോളജി പഠനം. ക്രിക്കറ്റ് കളിയും കൂട്ടുകാരും പാട്ടുമായി ഒരു കാലം. തുടർന്ന് മദ്രാസിൽ പ്യാരി ആൻഡ് കന്പനിയിൽ കെമിസ്റ്റായി ജോലി. സിനിമയുടെയും പാട്ടുകളുടെയും മറ്റൊരു ലോകം അങ്ങനെ ഉദിച്ചു. അന്നു സിനിമയിൽ പാടുന്പോൾ 50 രൂപയായിരുന്നു പ്രതിഫലം. പി. ജയചന്ദ്രൻ എന്ന ശബ്ദം മലയാളസിനിമാരംഗത്തു കേട്ടുതുടങ്ങി. അതു മെല്ലെ ദക്ഷിണേന്ത്യ മുഴുവനും, പിന്നെ ഹിന്ദിയിലും കേട്ടു. ഇന്നു ലോകമെങ്ങുമുള്ള ആരാധകർ പ്രിയപ്പെട്ട ജയേട്ടനെ അനുനിമിഷം കേൾക്കുന്നു. ഇനിയും കേട്ടുകൊണ്ടേയിരിക്കും.
വി. ആർ. ഹരിപ്രസാദ്
…………………………………………………………………………………………………………………………………………………………………………………………………………………………………………….
നാട്യങ്ങളും കെട്ടുകാഴ്ചകളുമില്ലാതെ
തൃശൂരിലെ പൂങ്കുന്നം ശിവക്ഷേത്രത്തിനുമുന്നിൽ പച്ചക്കറി വിൽക്കുന്ന ഉന്തുവണ്ടിക്കരികിൽ വൈകുന്നേരം സഞ്ചിയുമായി കാത്തുനിൽക്കുന്ന ജയചന്ദ്രനെ സങ്കൽപ്പിച്ചുനോക്കൂ. തിരക്കൊന്നുമില്ലാതെ, ആദ്യമെത്തിയവരുടെ ഊഴം കഴിയുന്നതുവരെ കാത്തുനിൽക്കുന്ന പി. ജയചന്ദ്രൻ എന്ന ഗായകൻ അദ്ഭുതംതന്നെയായിരുന്നു. നാട്യങ്ങളും കെട്ടുകാഴ്ചകളുമില്ലാത്ത സാധാരണക്കാരൻ. പറയാനുള്ളതു മുഖത്തുനോക്കിപ്പറഞ്ഞു. പാടാനുള്ളതു ഭാവങ്ങളുൾക്കൊണ്ടു പാടി.
നല്ല പച്ചക്കറി കിട്ടുമെന്നതുകൊണ്ടു പൂങ്കുന്നത്തെത്തുന്ന ഉന്തുവണ്ടിക്കരികിൽ സാധാരണക്കാരിൽ സാധാരണക്കാരനായി ജയചന്ദ്രൻ നിൽക്കുന്നത് എത്രയോവട്ടം കണ്ടിട്ടുണ്ട്. മലയാളവും തമിഴും കന്നഡയുമടക്കം ദക്ഷിണേന്ത്യ ആരാധിക്കുന്ന ശബ്ദത്തിന്റെ ഉടമയെന്ന ഭാവമില്ലാതെ, ജയചന്ദ്രൻ മണ്ണിലുറച്ചുനിന്നു. പച്ചക്കറി വാങ്ങി സഞ്ചിയുംതൂക്കി നടന്നുപോയശേഷമാണ് മറ്റ് ആളുകൾ സംശയത്തോടെ ‘ഇതു ജയചന്ദ്രനല്ലേ’- എന്നു വില്പനക്കാരനോടു ചോദിക്കാറ്. ‘ഗായകൻ ജയചന്ദ്രനല്ലേ’?- എന്നു നേരിട്ടു ചോദിച്ചാൽ എന്താകും പ്രതികരണമെന്ന് അറിയാവുന്നതുകൊണ്ടു പലരും ചോദിക്കാറില്ല.
ഒരിക്കൽ മീശ പിരിച്ചുവച്ചതുകണ്ട ആരാധകൻ ‘മീശ ഇങ്ങനെ പിരിച്ചുവച്ചതു ഭംഗിയായില്ല’ എന്നു പറഞ്ഞയുടൻ മറുപടിവന്നു -‘എന്റെ മീശ എന്റെ മുഖത്തല്ലേ? തന്റെ മുഖത്തല്ലല്ലോ’! മീശയെക്കുറിച്ചു പറഞ്ഞയാൾ ഒന്നുംമിണ്ടാതെ മടങ്ങിയെന്നാണു കഥ. ഇതു കഥയല്ല, നടന്ന സംഭവമാണെന്നു ജയചന്ദ്രന്റെ സുഹൃത്തുക്കളിൽ പലരും പറഞ്ഞിട്ടുണ്ട്.
പ്രണയാർദ്രമായി പാടാൻ കഴിയാതിരുന്ന ജയചന്ദ്രനോടു ‘പോയി പ്രണയിച്ചിട്ടു വാടാ’- എന്നു ദേവരാജൻമാസ്റ്റർ ചൂടായ കഥയും കേട്ടിട്ടുണ്ട്. അന്നു പാടാൻ കഴിയാതിരുന്ന ജയചന്ദ്രനാണ് അനുരാഗം തുളുന്പുന്ന ഗാനങ്ങൾകൊണ്ടു നിരവധി പ്രണയാർദ്രമനസുകളെ വശീകരിച്ചെടുത്തത്. സർവകലകളോടും കന്പമുണ്ടായിരുന്നെങ്കിലും സംസാരപ്രിയനായിരുന്നില്ല ജയചന്ദ്രനെന്നു പലരും പറയാറുണ്ട്.
വിസ്തരിച്ചുപാടുന്പോഴും സംസാരം ആറ്റിക്കുറുക്കി. കോവിഡ് ലോക്ഡൗണ് കാലത്ത് ‘ജയേട്ടാ, എന്തു ചെയ്യുന്നു’ എന്ന ചോദ്യത്തിന്, ‘നിങ്ങളൊക്കെ പുറത്തിറങ്ങി നടക്കുകയാണോ’ എന്നായിരുന്നു മറുചോദ്യം. ഞാനിവിടെ പാട്ടുംപാടി വെറുതേയിരിക്കുന്നു എന്ന് അനുപല്ലവി! ലോക്ഡൗണിന്റെ മടുപ്പിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്നു ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നുപറഞ്ഞു സംസാരം അവസാനിപ്പിച്ചയാളാണു ജയചന്ദ്രൻ. എന്നാൽ, പ്രിയപ്പെട്ടവരുടെ അരികിലെത്തുന്പോൾ ജയചന്ദ്രൻ മറ്റൊരാളായി മാറി.
ഋഷി
……………………………………………………………………………………………………………………………………………………………………………………………………………………………………………………….
പാട്ടിന്റെ വസന്തം
അനവധി അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീര്ത്ത മലയാളത്തിന്റെ ഭാവഗായകന് ആണു യാത്രയായത്. സിനിമാഗാനങ്ങള്ക്കൊപ്പം ലളിതഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും മലയാളത്തിലെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ ശബ്ദസാഗരം. അഞ്ച് പതിറ്റാണ്ടിനിടെ മലയാളത്തിൽ മാത്രം 15,000ഓളം ലളിതസുന്ദരഗാനങ്ങള് പാടിത്തീര്ത്തു.
മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും കൂട്ടായി ആ ഭാവഗായകന്റെ ശബ്ദസൗഭഗമുണ്ടായിരുന്നു. കളിത്തോഴന് എന്ന സിനിമയിലെ മഞ്ഞലയില് മുങ്ങിത്തോര്ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ആ ഗാനം പുറത്തു വന്നശേഷം ജയചന്ദ്രന് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അതിനുശേഷം ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളില് കുടിയേറിയ ജയചന്ദ്രനെ മലയാളികള് ഭാവഗായകനായി ഹൃദയത്തില് ഏറ്റെടുത്തു.
ഒട്ടേറെ മധുരസുന്ദരഗാനത്തിലൂടെ മലയാളക്കര കീഴടക്കിയ ജയചന്ദ്രന് രാസാത്തി ഉന്നൈ കാണാതെ നെഞ്ചം എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീഴടക്കി. ജയചന്ദ്രനോളം തമിഴില് ശോഭിച്ച മറ്റൊരു മലയാളി ഗായകന് പിന്നീട് ഇങ്ങോട്ട് ഉണ്ടായിട്ടുണ്ടോ എന്നു സംശയം. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും ആ സ്വരം ഭാഷാതിര്ത്തികള് ലംഘിച്ച് ആരാധകരെ സൃഷ്ടിച്ചു.
ചിദംബരനാഥില് തുടങ്ങി പി. ഭാസ്കരൻ, ശ്രീകുമാരന് തമ്പി, വയലാർ എന്നിവരിലൂടെ പുതിയതലമുറയിലെ ബി. കെ ഹരിനാരായണന് വരെയുള്ള കവികളുടെ വരികള്ക്ക് ആ ശബ്ദത്തിലൂടെ ജീവന്തുടിച്ചു.
വരികളിലെ ഭാവം ആലാപനത്തിലും കൊണ്ടുവരാന് കഴിഞ്ഞ മലയാളം ഗായകന് വേറെയുണ്ടോ എന്നു സംശയം. ഉദ്യോഗസ്ഥയിലെ അനുരാഗഗാനം പോലെ, സിഐഡി നസീറിലെ നിന് മണിയറയിലെ, പ്രേതങ്ങളുടെ താഴ് വരയിലെ മലയാള ഭാഷതന് മാദകഭംഗി, ഉമ്മാച്ചുവിലെ ഏകാന്ത പഥികന് ഞാന്, മായയിലെ സന്ധ്യക്കെന്തിന് സിന്തൂരം, ശാസ്ത്രം ജയിച്ചു മനുഷ്യന് തോറ്റു എന്ന ചിത്രത്തിലെ ചന്ദനത്തില് കടഞ്ഞെടുത്തൊരു അങ്ങനെ മലയാളികള് ഒരിക്കലും മറക്കാത്ത പറഞ്ഞാല് തീരാത്ത ഗാനങ്ങള് ജയചന്ദ്രന്റെ സ്വരമാധുരിയില് പുറത്തുവന്നു. ഭാഷാഭേദമില്ലാതെ ആറു പതിറ്റാണ്ട് മലയാളികള് നെഞ്ചോട് ചേര്ത്ത ജയചന്ദ്രന് യേശുദാസിന്റെയും എസ്. ജാനകിയുടെയും പി. ലീലയുടേയും വാണി ജയറാമിന്റെയും ശബ്ദങ്ങള്ക്കൊപ്പം പാട്ടിലെ ഭാവങ്ങള് കൃത്യമായി ഒപ്പിയെടുത്ത് അവര്ക്കൊപ്പം തലയെടുപ്പോടെ നിന്നു.
പ്രദീപ് ഗോപി