തൃശൂർ: ഗീത ഗോപി എംഎൽഎയുടെ മകളുടെ ആഡംബര വിവാഹം സംബന്ധിച്ച വിശദീകരണം ചർച്ച ചെയ്യാൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് 15ന് ചേരും. പരിപ്പുവടക്കാലം കഴിഞ്ഞെന്ന സി.എൻ.ജയദേവൻ എംപിയുടെ പരാമർശവും ചർച്ച ചെയ്യുമെന്നാണ് സൂചന. ഗീതഗോപിയെ തള്ളിപ്പറയാതെ പരോക്ഷമായി അവരെ പിന്തുണക്കുന്ന പരാമർശമാണ് കഴിഞ്ഞ ദിവസം ജയദേവൻ നടത്തിയതെന്ന ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യവും ജില്ലാ എക്സിക്യൂട്ടീവ് ചർച്ച ചെയ്യാനൊരുങ്ങുന്നത്.
സ്റ്റേറ്റ് എക്സിക്യൂട്ടീവിലുള്ള ജയദേവനും കെ.പി.രാജേന്ദ്രനും മന്ത്രി വി.എസ്.സുനിൽകുമാറും കെ.രാജൻ എംഎൽഎയും ജില്ലാ എക്സിക്യൂട്ടീവിൽ പങ്കെടുക്കുമെന്നറിയുന്നു. ആകെ 75 പവൻ സ്വർണമാണ് മകൾക്ക് നൽകിയതെന്നും ഇതിൽ 25 പവൻ ബന്ധുക്കൾ നൽകിയതാണെന്നും ഗീത ഗോപി എംഎൽഎ വിശദീകരണം നൽകിയിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ സി.എൻ.ജയദേവൻ പരിപ്പുവട പരാമർശം നടത്തിയത്. കമ്മ്യൂണിസ്റ്റുകാർ എല്ലാകാലവും പരിപ്പുവടയും കട്ടൻചായയും കഴിച്ചു പാർട്ടി പ്രവർത്തനം നടത്തണമെന്നു പറയുന്നതിൽ അർഥമില്ലെന്നായിരുന്നു ജയദേവന്റെ പരാമർശം.