സ്വന്തം ലേഖകൻ
കോഴിക്കോട്: ചുമതലയേറ്റ് അഞ്ചു മാസത്തിനകം സിറ്റി പോലീസ് കമ്മീഷണർ ജെ.ജയനാഥിന് മിന്നൽ സ്ഥാനചലനം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണവുമായി ബന്ധപ്പെട്ട് നേതാക്കൾ ഇടഞ്ഞതും, കാരന്തൂർ മർക്കസിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് സ്ഥാപന മേധാവിക്കെതിരെ കേസെടുത്തതുമാണത്രെ മാറ്റത്തിനു കാരണം. 2005ൽ ജമ്മു കാഷ്മീർ കാഡറിൽ നിയമിതനായ തമിഴ്നാട് സ്വദേശി എസ്. കാളിരാജ് മഹേഷ്കുമാറാണ് പുതിയ കമ്മീഷണർ.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനും, ജില്ലാ സെക്രട്ടറിക്കും നേരെ വെള്ളിയാഴ്ച പുലർച്ചെ 1.10 നോടെ ബോംബാക്രമണം നടന്നിട്ടും കമ്മീഷണർ സ്ഥലത്ത് “കുതിച്ചെത്താ’തിരുന്നതും, ചൂണ്ടിക്കാണിച്ചവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്താത്തതും കമ്മീഷണർക്കു വിനയായെന്നാണ് പോലീസിലെ ഉപശാലാ സംസാരം. ആക്രമണം നടന്ന് നാലുദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ടുള്ള ദിവസം തന്നെ കമ്മീഷണറെ മാറ്റണമെന്ന് ചിലർ കടുംപിടുത്തം പിടിച്ചതായും പറയുന്നു.
ബോംബാക്രമണം നടന്നയുടൻ കമ്മീഷണറെ വിവരമറിയിച്ചെങ്കിലും ഉടനടി അദ്ദേഹം സ്ഥലത്തെത്തുകയുണ്ടായില്ല. പകരം ഡെപ്യൂട്ടി കമ്മീഷണർ പി.ബി.രാജീവിനെയാണ് അയച്ചത്. കൂടുതൽ പോലീസിനെ സ്ഥലത്ത് നിയോഗിക്കാത്തതിന്റെ പേരിൽ പോലീസുകാരുടെ മുന്നിൽവച്ച് ഒരു നേതാവ് ഡെപ്യൂട്ടി കമ്മീഷണറോട് തട്ടിക്കയറിയതായും പോലീസുകാർ പറയുന്നു. പരസ്യമായി ശകാരിച്ചിട്ടും ഡെപ്യൂട്ടി കമ്മീഷണർ അനങ്ങാതിരുന്നത് പോലീസിൽ ചർച്ചയായിട്ടുണ്ട്.
അന്വേഷണം ഏതു വഴിക്ക് നീങ്ങണമെന്ന് കമ്മീഷണർക്കു നിർദേശം ഉണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അന്വേഷണത്തിൽ ഇടപെടുന്നതിലെ നീരസം അദ്ദേഹം നേതാവിനെ നേരിട്ടറിയിച്ചതും, ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണം നടത്താത്തതും കമ്മീഷണറെ അനഭിമതനാക്കിയതായും പറയുന്നു. നിർദേശിക്കുന്ന വഴിക്ക് അന്വേഷണം പോകണമെന്ന് തിട്ടൂരമുണ്ടായപ്പോൾ ഒരു ജില്ലാ നേതാവ്, ജില്ലയിലെ ഒരു ആർഎസ്എസ് നേതാവുമായി ഉറ്റ ചങ്ങാത്തം പുലർത്തുന്നതിനെക്കുറിച്ച് കമ്മീഷണർ ചിലരോട് വിവരം ആരാഞ്ഞതായും സൂചനയുണ്ട്.
മർക്കസ് സമരത്തോടനുബന്ധിച്ച് സ്ഥാപന മേധാവിക്കെതിരെ വിദ്യാർഥികളുടെ പരാതിയിൽ കേസെടുത്തിരുന്നു. എല്ലാം ഒരുമിച്ചു വന്നതോടെയാണ് കമ്മീഷണറുടെ “ചീട്ടു കീറിയതെന്നും’ പറയുന്നു. ആലപ്പുഴ സ്വദേശിയായ ജെ.ജയനാഥ് ജനുവരി ഏഴിനാണ് സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്. രാഷ്ടീയക്കാരെ ഓഫീസിലേക്ക് ഓഫീസിലേക്ക് അടുപ്പിക്കാത്ത ജയനാഥ് അക്രമികളോടും മാഫിയകളോടും കർശന നിലപാടാണ് സ്വീകരിച്ചു പോന്നത്.
ട്രാഫിക് സുഗമമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ പരസ്യബോർഡുകൾ കമ്മീഷണറുടെ നിർദേശപ്രകാരം പോലീസ് എടുത്തുമാറ്റിയിരുന്നു. ഇതിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയുണ്ടായി. 2005ലെ ജമ്മു-കാഷ്മീർ കേഡർ ഐപിഎസുകാരനായ കാളിരാജിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2014 ലാണ് കേരള കേഡറിലേക്കു മാറ്റിയത്. ആന്വൽ ഇമ്മൂവബിൾ പ്രോപ്പർട്ടി റിട്ടേൺ സമർപ്പിക്കാത്തതിന്റെ പേരിൽ കാളീരാജടക്കം ജമ്മു-കാഷ്മീരിലെ 42 പോലീസ് ഓഫീസർമാരെ ഡിഫാൾട്ട്
ഓഫീസേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായും , ആരോഗ്യപരമായ കാരണങ്ങളാൽ അഭ്യർഥനപ്രകാരം കേരളത്തിലേക്ക് മാറ്റിയെന്നും രേഖകൾ പറയുന്നു. നിലവിൽ തിരുവനന്തപുരത്ത് റെയിൽവേ എസ്പിയാണ്. പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ എസ്പിയായാണ് ജെ.ജയനാഥിന്റെ മാറ്റം.
അതേസമയം, ഡിഐജിയാകാൻ വെറും ആറുമാസം മാത്രമുള്ള കാളിരാജ് ഇതുവരെ ലോക്കൽ പോലീസിൽ ജോലിചെയ്യാത്തതിനാൽ ജയനാഥിന്റെ അറിവോടെ മാറ്റിയെന്നാണ് പോലീസ് അസോസിയേഷൻ നേതാക്കളുടെ ഭാഷ്യം. പരസ്പരമോ അല്ലാതെയോ മാറ്റാൻ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും, സർക്കാർ നിശ്ചയിക്കുന്നിടത്ത് ജോലി ചെയ്യാൻ സന്നദ്ധനായ തനിക്ക് നിയമവും ദൈവവും അല്ലാതെ മറ്റൊരു തന്പുരാനില്ലെന്നും ജെ.ജയനാഥ് പ്രതികരിച്ചു.