സ്വന്തം ലേഖകൻ
തൃശൂർ: ഇന്നലെ നടന്ന എൽഡിഎഫ് കണ്‍വൻഷനിൽ സി.എൻ.ജയദേവൻ എംപിയുടെ പേര് പ്രാസംഗികരുടെ പട്ടികയിൽ നിന്നും വെട്ടിയത് എൽഡിഎഫ് നിശ്ചയപ്രകാരമെന്ന് സിപിഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജ്. ജയദേവന്റെ പേര് പ്രാസംഗികരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും എംപിക്ക് അക്കാര്യം അറിയാമായിരുന്നുവെന്നും കെ.കെ.വത്സരാജ് വ്യക്തമാക്കി.
സ്വാഗത പ്രസംഗത്തിൽ താൻ പ്രസംഗിക്കുന്നവരുടെ പേരു മാത്രമേ പരാമർശിച്ചിട്ടുള്ളുവെന്നും പ്രാസംഗികൻ അല്ലാത്തതുകൊണ്ടാണ് ജയദേവന്റെ പേര് പറയാതിരുന്നതെന്നും വത്സരാജ് “രാഷ്ട്രദീപികയോട്’ പറഞ്ഞു.ജയദേവൻ യോഗം ബഹിഷ്കരിച്ചിട്ടില്ലെന്നും നന്ദി പ്രകടനത്തിന് ശേഷമാണ് അദ്ദേഹം പോയതെന്നും സെക്രട്ടറി അവകാശപ്പെട്ടു.
സിപിഐയുടെ ഏക എംപിയെ എന്തുകൊണ്ട് പ്രസംഗത്തിൽ നിന്ന് മാറ്റിനിർത്തിയെന്ന് ചോദിച്ചപ്പോൾ മന്ത്രിമാരേയും എംഎൽഎമാരേയും പ്രസംഗിപ്പിച്ചിട്ടില്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.കണ്‍വൻഷനിൽ വേദിയിലുള്ള എല്ലാവരും പ്രസംഗിക്കണമെന്ന് നിർബന്ധമില്ലെന്നും അങ്ങിനെയൊരു കീഴ് വഴക്കം എൽഡിഎഫിൽ ഇല്ലെന്നും ആരെല്ലാം പ്രസംഗിക്കണമെന്നത് എൽഡിഎഫാണ് ചർച്ച ചെയ്ത് നിശ്ചയിച്ചതെന്നും കെ.കെ.വത്സരാജ് പറഞ്ഞു.
താൻ യോഗം കഴിയും വരെ വേദിയിലുണ്ടായിരുന്നുവെന്ന് സി.എൻ.ജയദേവൻ എംപി പ്രതികരിച്ചു. എന്തുകൊണ്ടാണ് സ്വാഗതപ്രസംഗത്തിലും മറ്റും പേരു പരാമർശിക്കാതിരുന്നതെന്ന് ചോദിച്ചപ്പോൾ അതെക്കുറിച്ച് ജില്ല സെക്രട്ടറിയോട് ചോദിക്കൂവെന്ന് പറഞ്ഞ് ജയദേവൻ ഒഴിഞ്ഞു മാറി.ഒൗദ്യോഗികമായി ജില്ല സെക്രട്ടറിയാണ് മറുപടി നൽകേണ്ടതെന്നുള്ളതിനലാണ് എംപി അങ്ങിനെ പ്രതികരിച്ചതെന്ന് വത്സരാജും പറഞ്ഞു.