തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സൽ ജനറലിന്റെ മുൻഗണ്മാനായിരുന്ന ജയഘോഷിനെ കാണാതായ സംഭവത്തിൽ തുന്പ പോലീസ് മാൻ മിസിംഗിന് കേസെടുത്തു.
ജയഘോഷിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജയഘോഷിന്റെ സുഹൃത്തുക്കളുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് അന്വേഷണം നടത്തി. ഇന്ന് രാവിലെ വരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
തുന്പ കരിമണൽ സ്വദേശിയായ ജയഘോഷിനെ ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. ജയഘോഷിന്റെ ഇരുചക്രവാഹനവും മൊബൈൽ ഫോണും നേമം പോലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചനിലയിലായിരുന്നു. വാഹനത്തിൽ നിന്നും ഒരു കത്തും കണ്ടെടുത്തിരുന്നു.
മനസിന് സുഖമില്ലാത്തതിനാൽ കുറച്ച് ദിവസത്തേക്ക് വിനോദയാത്രക്ക് പോകുകയാണെന്നായിരുന്നു കത്തിലെ ഉള്ളടക്കമെന്ന് പോലീസ് പറഞ്ഞു.ഇത് രണ്ടാം തവണയാണ് ജയഘോഷിനെ കാണാതാകുന്നത്.
നേരത്തെയും ജയഘോഷിനെ കാണാതായിട്ടുണ്ട്. വിവാദമായ സ്വർണക്കടത്ത് കേസിനിടെ ജൂലായ് 16ന് ജയഘോഷിനെ കാണാതായിരുന്നു. അടുത്ത ദിവസം കൈയിൽ മുറിവേറ്റ നിലയിൽ അവശനിലയിലാണ് ജയഘോഷിനെ കണ്ടെത്തിയത്. ജയഘോഷിനെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തിയിരുന്നു.