തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നു കാണാതായ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ മുൻ ഗണ്മാൻ ജയഘോഷ് വീട്ടിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ജയഘോഷ് തുന്പ കരിമണലിലെ വീട്ടിൽ മടങ്ങിയെത്തിയത്. പളനിയിൽ തീർത്ഥയാത്രയ്ക്ക് പോയിരുന്നുവെന്നാണ് അദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞത്.
ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് ജയഘോഷിനെ കാണാതായത്. അദ്ദേഹത്തിന്റെ ഇരുചക്രവാഹനവും മൊബൈൽ ഫോണും നേമം പോലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചനിലയിലായിരുന്നു. വാഹനത്തിൽ നിന്ന് ഒരു കത്തും കണ്ടെടുത്തിരുന്നു.
ആത്മഹത്യ ചെയ്യില്ലെന്നും മനസിന് സുഖമില്ലാത്തതിനാൽ കുറച്ച് ദിവസത്തേക്ക് വിനോദയാത്രയ്ക്ക് പോകുകയാണെന്നുമായിരുന്നു ഉള്ളടക്കം. ജയഘോഷിന്റെ ഭാര്യയുടെ പരാതിയെത്തുടർന്ന് മാൻ മിസിംഗിന് തുന്പ പോലീസ് കേസെടുത്തിരുന്നു.
ജയഘോഷ് വീട്ടിൽ മടങ്ങിയെത്തിയ സാഹചര്യത്തിൽ അദ്ദേഹം എവിടെ പോയിരുന്നുവെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.സ്വർണകടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റംസും എൻഐഎയും ജയഘോഷിനെ ചോദ്യം ചെയ്തിരുന്നു.
വിവാദമായ സ്വർണക്കടത്ത് കേസിനിടെ ജൂലായ് 16ന് ജയഘോഷിനെ കാണാതായിരുന്നു. അടുത്ത ദിവസം കൈയിൽ മുറിവേറ്റ നിലയിൽ അവശനിലയിലാണ് ജയഘോഷിനെ കണ്ടെത്തിയത്.