വെള്ളമുണ്ട: രണ്ടു കുരുന്നുകളുടെ ജീവൻ രക്ഷപ്പെടുത്തിയ ഒന്പതാം ക്ലാസുകാരന് അളവില്ലാത്ത സ്നേഹവും കൈനിറയെ സമ്മാനങ്ങളും നൽകി തരുവണയിൽ പൗരാവലിയുടെ സ്വീകരണം. എടവക പാതിരിച്ചാലിൽ പ്രവർത്തനം നിലച്ച ക്വാറിയിലെ വെള്ളക്കെട്ടിൽ കുടുങ്ങിയ മൂന്നു കുട്ടികളിൽ രണ്ടു പേരെ സാഹസികമായി രക്ഷപ്പെടുത്തിയ കല്ലോടി ഹൈസ്കൂൾ ഒന്പതാം ക്ലാസ് വിദ്യാർഥി എടവക പാതിരിച്ചാൽ എരണക്കൊല്ലി ജയകൃഷ്ണനാണ് പൗരസമിതി വേറിട്ട സ്വീകരണം നൽകിയത്.
അന്പതോളം സമ്മാനപ്പൊതികൾ, സ്വർണപ്പതക്കം,സൈക്കിൾ, കന്പ്യൂട്ടർ ടേബിൾ, കാഷ് പ്രൈസ്, മെമെന്േറാ തുടങ്ങിയവ പൗരാവലി ജയകൃഷ്ണനു കൈമാറി. സ്വീകരണകേന്ദ്രത്തിൽനിന്നു അന്പതോളം വാഹനങ്ങളുടെ അകന്പടിയോടെയാണ് ജനാവലി ജയകൃഷ്ണനെയും കുടുംബത്തെയും തിരികെ വീട്ടിലെത്തിച്ചത്.
കഴിഞ്ഞ 29 ന് പാതിരിച്ചാൽ ക്വാറിയിലെ വെള്ളക്കെട്ടിൽ ആന്പൽ പറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട തരുവണ സ്വദേശികളായ കാട്ടുമഠത്തിൽ അമീൻ, സഫ്വാൻ എന്നീ കുട്ടികളെയാണ് ജയകൃഷ്ണൻ രക്ഷിച്ചത്. അപകടത്തിൽ പതിമൂന്നു വയസുള്ള ഷാമിൽ മരണമടഞ്ഞിരുന്നു.
സ്വീകരണം ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. തങ്കമണി, ഉഷ വിജയൻ, വാർഡംഗങ്ങളായ കാഞ്ഞായി ഇബ്രാഹിം ഹാജി, എ. ജോണി, മനുകുഴിവേലി, കന്പ അബ്ദുല്ല ഹാജി എന്നിവർ പ്രസംഗിച്ചു. പി.സി. ഇബ്രാഹിം ഹാജി, കെ.സി. കെ നജ്മുദ്ദീൻ, അബ്ദുല്ല പള്ളിയാൽ എന്നിവർ നേതൃത്വം നൽകി.