സീമ മോഹൻലാൽ
കൊച്ചി : ‘നാലു ദിവസം മുമ്പ് മാഷിനെ കണ്ട് തിരിച്ചു പോന്നതാണ്. കൊറോണയുടെ ഭാഗമായുള്ള പോലീസ് സുരക്ഷാപരിശോധനയുള്ളതിനാല് എന്നും പോകാന്‍ കഴിഞ്ഞിരുന്നില്ല. അവസാനം ഒരു വാക്കുപോലും പറയാതെ മാഷ് പോയി.’-
സംഗീത കുലപതി എം.കെ അര്‍ജുനന്റെ ചേതനയറ്റ ശരീരത്തെ നോക്കി ഇതുപറയുമ്പോള്‍ ഇടക്കൊച്ചി പഷ്ണിത്തോട് ശ്രീവത്സത്തില്‍ ജയകുമാറിന്റെ കണ്ഠമിടറി. കഴിഞ്ഞ മുപ്പതുവര്‍ഷമായി അര്ജുനന് മാഷിന്റെ സന്തത സഹചാരിയായിരുന്നു ജയകുമാര്‍.
‘ജയാ…’ എന്നു മാഷ് നീട്ടി വിളിക്കുന്ന ജയകുമാര്‍ ബിസിനസുകാരനാണ്. 200 സിനിമയിലായി ആയിരത്തിലധികം സംഗീതം പകര്‍ന്ന അര്ജുനന് മാഷിന്റെ ഓരോ ഗാനങ്ങളും ജയനു ഹൃദസ്ഥമാണ്. ‘കുട്ടിക്കാലം മുതല്‍ മാഷിന്റെ കുടുംബവുമായി ഞങ്ങളുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്.
പഴനിയിലെ ജീവകാരുണ്യ ആനന്ദാശ്രമത്തിലേക്ക് അര്ജുനന് മാഷിനെക്കൊണ്ടുപോയത് എന്റെ വല്യച്ചന് രാമന് വൈദ്യരാണ്. പഴനിയില്‍ നിന്ന് മാഷ് വീട്ടില്‍ വരുമ്പോള്‍ അദ്ദേഹത്തെ ഞങ്ങളുടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരാന്‍ വല്യച്ചന് എന്നെ വിടും. അന്ന് ഞാന്‍ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്.
അന്നും വിനയത്തിന്റെ തമ്പുരാനായിരുന്നു മാഷ്. വീട്ടിലേക്ക് വരുമ്പോഴൊക്കെ അകത്തേക്ക് കയറിയിരിക്കാന്‍ വല്യച്ചന് പറയും. പക്ഷേ അദ്ദേഹം തലകുമ്പിട്ട് കൈകള്‍ കെട്ടി മുറ്റത്തെ മാവിന് ചുവട്ടില്‍ നില്ക്കും. സംഗീതലോകത്ത് തിളങ്ങുമ്പോഴും അദ്ദേഹം ആ വിനയം കാത്തുസൂക്ഷിച്ചു.’-ജയകുമാര്‍ തുടർന്നു.
‘എവിടെ പോകണമെങ്കിലും ഞാന്‍ അദ്ദേഹത്തിന്റെ കൂടെ വേണം. ഏതു സംഗീതപരിപാടി വന്നാലും ആദ്യം എന്നെ വിളിക്കും. മോനെ ഒരു പരിപാടി വന്നിട്ടുണ്ട്. നമുക്ക് പോകാന്‍ കഴിയുമോയെന്ന് ചോദിക്കും. ഒരു പ്രശ്നവുമില്ല നമുക്ക് പോകാമെന്ന് ഞാന്‍ പറയും. എന്റെ കാറില്‍ തന്നെയായിരുന്നു യാത്ര.
ദൂരയാത്ര വരുമ്പോള്‍ മാത്രം വണ്ടി വിളിച്ചുപോകും. ഇത്രയും കാലം ഞാന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഒരു മകന്റെ സ്ഥാനമാണ് എനിക്കു തന്നിരുന്നത്. എന്നും ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെല്ലുമായിരുന്നു.
ഇപ്പോഴത്തെ സ്ഥിതിയില്‍ ദിവസവും വരാന്‍ പറ്റാത്തകാര്യം ഞാന്‍ പറഞ്ഞപ്പോള്‍ അത് സാരമില്ല, സ്ഥിതി അതാണെന്നും പറഞ്ഞാണ് അന്ന് വിട്ടത്’. ‘വലിയ ആഘോഷമല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ പിറന്നാള്‍ ഗംഭീരമായി തന്നെ ആഘോഷിച്ചു. ഒരുപാട് ആരാധകർ അന്നു വന്നു. വളരെ സന്തോഷത്തോടെയാണ് അദ്ദേഹം എല്ലാവരെയും സ്വീകരിച്ചത്.
പദ്മഭൂഷണ്‍ കിട്ടാതിരുന്നതിനെക്കുറിച്ച് ഞാന്‍ ഇടയ്ക്ക് പറയുമായിരുന്നു. ദക്ഷിണാമൂര്‍ത്തി സ്വാമിക്കുപോലും അത് കിട്ടിയില്ലെന്നായിരുന്നു മാഷിന്റെ മറുപടി. അദ്ദേഹത്തിന് ആരോടും പരാതിയും പരിഭവവും ഇല്ലായിരുന്നു. പുതിയ ചിത്രങ്ങളൊക്കെ വരുമ്പോള്‍ എടുക്കണോയെന്ന് ചോദിക്കും.
എടുക്കണമെന്നു ഞങ്ങള്‍ നിര്‍ബന്ധിക്കും. ഏത് വര്‍ക്കായാലും അത് പെട്ടെന്ന് ചെയ്തു തീര്‍ക്കുന്ന സ്വഭാവമാണ് മാഷിന്. കുളിച്ചുവന്നിരുന്നാല് പെട്ടെന്ന് ഈണമാകും. ഇത്രയും കാലം ഒപ്പമുണ്ടായിരുന്ന ആള് ഇനി ഇല്ലെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല- നിറകണ്ണുകള് തുടച്ച് ജയകുമാര്‍ പറഞ്ഞു.