തിരുവനന്തപുരം: വിദ്യാർഥികളെ അധ്യാപകൻ ചുറ്റികകൊണ്ട് അടിച്ചതായി പരാതി. കിള്ളിപ്പാലം ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളെയാണ് അധ്യാപകൻ ചുറ്റികയും പൈപ്പും ഉപയോഗിച്ചു മർദിച്ചതായി പരാതി ഉയർന്നത്.
സംഭവത്തെത്തുടർന്ന് അധ്യാപകനായ മലയിൻകീഴ് ഗോവിന്ദമംഗലം ഹരിനടനം വീട്ടിൽ വിജയകുമാറി (50) നെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെയായിരുന്നു സംഭവം. വിദ്യാർഥികൾ ക്ലാസിൽ ബഹളം വച്ചതിനെത്തുടർന്ന് അധ്യാപകൻ കുട്ടികളെ മർദിക്കുകയായിരുന്നു. ഇതേത്തുടർന്നു കുട്ടികൾ സംഘടിച്ചു ബഹളം വച്ചതോടെ സ്കൂളിൽ നേരിയ സംഘർഷാവസ്ഥയുണ്ടായി. പ്രിൻസിപ്പൽ വിവരമറിയിച്ചതിനെത്തുടർന്നു ഫോർട്ട് പോലീസ് സ്ഥലതെത്തി അധ്യാപകനെ കസ്റ്റഡിയിൽ എടുത്തു.
ഏഴാം ക്ലാസിലെ മൂന്നു വിദ്യാർഥികൾക്കാണു മർദനമേറ്റതെന്നാണു പരാതി. ഇതിൽ ഒരു കുട്ടിയുടെ ചെകിട്ടത്ത് കൈകൊണ്ട് അടിച്ചതിന്റെ പാടുള്ളതായി ഫോർട്ട് പോലീസ് പറഞ്ഞു. മറ്റു രണ്ടു പേർക്കും തുടയിലും കൈയിലുമാണ് അടികിട്ടിയ പാടുള്ളത്. ചുറ്റിക കൊണ്ടു മർദിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
എന്നാൽ, ചുറ്റിക ഉപയോഗിച്ചു കവിളിൽ മർദിച്ചതായി അടി കൊണ്ട വിദ്യാർഥി മൊഴി നൽകി. മറ്റു രണ്ടു വിദ്യാർഥികൾ പെപ്പ് ഉപയോഗിച്ച് കൈയിലും തുടയിലും മർദിച്ചതായാണു പോലീസിനോടു പറഞ്ഞത്.
ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തതെന്നു പോലീസ് പറഞ്ഞു.