കൊച്ചി: ആത്മാവില്ലാത്ത വികസനമാണ് രാജ്യത്തോടു കാണിച്ച ഏറ്റവും വലിയ അപരാധമെന്ന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഗാന്ധിജിയുടെ പ്രസക്തി എന്ന വിഷയത്തിൽ കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) സംഘടിപ്പിച്ച പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെ ജീവിതത്തിലേക്ക് കൊണ്ടുവന്നാൽ കായലോരത്ത് തന്നെ കിടന്നാലേ ഉറക്കം വരൂ എന്ന ചിന്ത ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയെ മറന്നുള്ള പ്രവർത്തനങ്ങളുടെ ഫലമാണു മരടിലും പ്ലാച്ചിമടയിലുമൊക്കെ അനുഭവിക്കുന്നത്. കോടിപതി ആവുക എന്നതാണു പലരുടെയും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം. ഗാന്ധിജിയെ സ്വീകരിച്ചാൽ ലാളിത്യം ജീവിതത്തിന്റെ ഭാഗമായി മാറും.
രാജ്യം നേരിടുന്ന പല സമീപകാല വെല്ലുവിളികൾക്കുമുള്ള ഉത്തരം ഗാന്ധിജിയാണെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറയ്ക്ക് ഗാന്ധിയെക്കുറിച്ച് ഏറെ തെറ്റിദ്ധാരണകളുണ്ട്. പ്രശ്നങ്ങളുടെ നടുവിലാണ് ഇന്ന് രാജ്യം. അക്രമങ്ങളും കലാപവും വർധിച്ചുവരുന്നു. ധാർമികത പൊതുജീവിതത്തിന്റെ ഭാഗമല്ലാതായി.
സമകാലീന പ്രശ്നങ്ങളെക്കുറിച്ച് നമുക്ക് നല്ല ബോധമുണ്ട്, പക്ഷെ പലതിനും ഉത്തരം ലഭിക്കുന്നില്ല. ഇവയ്ക്കെല്ലാമുള്ള ഏക പരിഹാരമാണു ഗാന്ധിയെ അറിയുക എന്നത്. സമൂഹത്തെ വിഴുങ്ങുന്ന വലിയ പ്രശ്നങ്ങൾക്കുള്ള ലളിതമായ പരിഹാരമാണു ഗാന്ധിയെന്നും ജയകുമാർ പറഞ്ഞു.
കെഎംഎ പ്രസിഡന്റ് ജിബു പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഓണററി സെക്രട്ടറി ബിബു പുന്നൂരാൻ, എസ്. രാജ്മോഹൻ നായർ എന്നിവർ പങ്കെടുത്തു.