കുറവിലങ്ങാട്: പാരന്പര്യങ്ങൾ പൂത്തുലഞ്ഞ മണ്ണിൽ ഇന്നലെ കഥകൾ പെയ്തിറങ്ങി. കെ.ആർ. നാരായണനിലൂടെ വിശ്വമാകെ വളർന്ന കുറിച്ചിത്താനം ഗ്രാമം ഇന്നലെ സാക്ഷ്യം വഹിച്ചതു തുള്ളൽ റിക്കാർഡിലാണ്. തലമുറകളുടെ സാക്ഷ്യപത്രവുമായി തുള്ളൽക്കലയിൽ സജീവസാന്നിധ്യമായ കുറിച്ചിത്താനം ജയകുമാറാണ് തുള്ളലിൽ ചരിത്രമെഴുതിയത്. 12 മണിക്കൂറിൽ തുടർച്ചയായി തുള്ളൽ നടത്തി ലിംക ബുക്ക് ഓഫ് റിക്കാർഡ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് എന്നിവയിൽ ഇടംതേടാനായിരുന്നു ജയകുമാറിന്റെ ശ്രമം.
നാടിന്റെ ചരിത്രത്തിലാദ്യമുള്ള കലാനുഭവം റിക്കാർഡിലേക്കും തുള്ളിക്കടന്നുവെന്നതാണ് ആവേശം ഇരട്ടിപ്പിച്ചത്. പുലർച്ചെ അഞ്ചിന് ആരംഭിച്ച തുള്ളൽ രാത്രി 7.15ന് സമാപിച്ചപ്പോൾ 12 മണിക്കൂർ തുള്ളൽ നടത്തിയ അനുഗൃഹീത കലാകാരനെന്ന റിക്കാർഡ് ജയകുമാറിന്റെ പേരിൽ എഴുതപ്പെട്ടു. 10 കഥകളാണ് ജയകുമാർ വിളന്പി നൽകിയത്. കല്യാണസൗഗന്ധികം, രുക്മിണീ സ്വയംവരം, സന്താനഗോപാലം തുടങ്ങിയ കഥകൾ കലാപ്രേമികൾ നന്നായി ആസ്വദിച്ചു.
തുള്ളൽ കലാകാരനും പിതാവുമായ കലാമണ്ഡലം ജനാർദനനിൽനിന്നാണ് ഓട്ടൻതുള്ളലിന്റെ ബാലപാഠങ്ങൾ ജയകുമാറിനു പകർന്നുകിട്ടിയത്. മൂന്ന് പതിറ്റാണ്ടായി ഈ രംഗത്തു സജീവസാന്നിധ്യമാണ്. നൂറുകണക്കിനു വേദികളിൽ കലാവിരുന്നൊരുക്കിയിട്ടുള്ള ജയകുമാറിനു വലിയ ശിഷ്യസന്പത്തുമുണ്ട്. പിതാവ് കലാമണ്ഡലം ജനാർദനൻ വിളക്ക് തെളിച്ചാണ് കലാപ്രകടനത്തിനു തുടക്കമിട്ടത്.
റിക്കാർഡിടാനായി ഒരു വർഷമായി നടത്തിയ പരിശ്രമങ്ങളാണ് പൂവണിഞ്ഞത്. പരിശീലനത്തിന്റ ഭാഗമായി ഓരോ ദിവസവും 20 കിലോമീറ്റർ വരെ നടന്നിരുന്നു. ജയകുമാറിനു പിന്തുണയുമായി കലാപ്രേമികൾ ഒഴുകിയെത്തി. വിവിധ ജില്ലകളിൽനിന്നു നൂറുകണക്കിനു തുള്ളൽ കലാകാരന്മാരും ആസ്വാദകരും സാംസ്കാരിക നേതാക്കളും സാഹിത്യകാരന്മാരും ഉദ്യോഗസ്ഥ പ്രമുഖരും പൊതുപ്രവർത്തകരുമെത്തിയിരുന്നു.