കൊല്ലം : ജയലാൽ എംഎൽഎ കോടികൾ മുടക്കി സ്വകാര്യ ആശുപത്രി വിലയ്ക്ക് വാങ്ങുന്ന അഴിമതി പാർട്ടി നടപടിയിലൂടെ ഒതുക്കി തീർക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുളള സൂത്രപ്പണിയാണെന്ന് യുഡിഎഫ് ചെയർമാൻ കെ.സി. രാജനും, കണ്‍വീനർ അഡ്വ: ഫിലിപ്പ്.കെ. തോമസും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
എംഎൽഎ ആയ ജയലാൽചുരുങ്ങിയ കാലയളവ് കൊണ്ട് കോടികളുടെ സന്പാദ്യം ഉണ്ടാക്കിയ വഴികണ്ടെ ത്തുകയാണ് അനിവാര്യം. ജനപ്രതിനിധിയായ ജയലാലിന്റെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ ഉൾപ്പെട്ട അഴിമതിയാണിത്. ജയലാലിന്റെ അശുപത്രി കച്ചവടവും പാരിപ്പളളി മെഡിക്കൽ കോളേജിന്റെ പ്രവർത്തനവും അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുളള ആരോപണം ഗുരുതരമാണ്.
ആശുപത്രി കച്ചവടത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് പാരിപ്പളളി മെഡിക്കൽ കോളേജിലെ തക്കോൽ സ്ഥാനത്തു നിന്നും രാജിവച്ച ഡോക്ടറെ അതിനേക്കാൾ ഉയർന്ന പദവിയിൽ നിയമിക്കാനുളള നീക്കവും ദുരൂഹമാണ്. പാരിപ്പളളി മെഡിക്കൽ കോളേജിലെ സർക്കാർ ജീവനക്കാർ ഉൾപ്പെട്ടുവരുന്ന ആശുപത്രി കച്ചവടത്തിലെ അഴിമതി പുറത്തു വരണമെങ്കിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും കെ.സി. രാജനും അഡ്വ: ഫിലിപ്പ്.കെ. തോമസും പറഞ്ഞു.