കൊല്ലം: രാജ്യത്ത് വർധിച്ച് വരുന്ന വർഗീയ ശക്തികൾക്കെതിരെ യുവാക്കൾ പ്രതിരോധത്തിന്റെ ശബ്ദമായി മാറണമെന്ന് ജി എസ് ജയലാൽ എംഎൽഎ. ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും പേര് പറഞ്ഞ് നാട്ടിൽ കലാപം സൃഷ്ട്ടിക്കാൻ ശ്രമിക്കുന്ന ഛിദ്ര ശക്തികൾ കലാലയങ്ങളിൽ പോലും രക്തം വീഴ്ത്തുകയാണ്.
വർഗീയ ശക്തികളെ ചെറുത്ത് തോല്‍പ്പിച്ച് രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ വിദ്യാർത്ഥികളും യുവാക്കളും കൂടുതൽ കരുത്തുറ്റ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖത്തല ചാണിക്കലിൽ എഐവൈഎഫ് എഐഎസ്എഫ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ മുഖത്തല മണ്ഡലം സെക്രട്ടറി സി പി പ്രദീപ് പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ഗിരീഷ്, ജില്ലാ പ്രസിഡന്റ് സുരാജ് എസ് പിള്ള, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ റ്റി വിജയകുമാർ, എ ഇബ്രാഹിംകുട്ടി, തൃക്കോവിൽവട്ടം ലോക്കൽ സെക്രട്ടറി അഡ്വ.കെ മനോജ് കുമാർ, എം രാധാകൃഷ്ണപിള്ള, എസ് രവീന്ദ്രൻ, ബേബിജോയ്, ശ്രീജിത്ത് സുദർശൻ, സുബിൻ ബി പിള്ള എന്നിവർ പ്രസംഗിച്ചു.