ചെന്നൈ: ജയലളിതയെ കൊന്നതാണെന്ന ആരോപണം തമിഴ്നാടിനെ ഇളക്കി മറിക്കുകയാണ്. ജയലളിതയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രി പദത്തിലെത്താന്‍ കാത്തിരിക്കുന്ന ശശികലയുടെ വീര്യം ചോര്‍ത്തുന്നതാണ് ഈ ആരോപണങ്ങള്‍. തന്നെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നിര്‍ബന്ധിപ്പിച്ച് രാജിവയ്പ്പിച്ചതാണെന്ന് പറഞ്ഞ് പനീര്‍ ശെല്‍വം രംഗത്തെത്തിയതും ശശികലയ്ക്കു ക്ഷീണമായി. എങ്കിലും എംഎല്‍എമാരെ കൂടെ നിര്‍ത്തി ശശികല ഈ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിച്ചു.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍ തനിക്കറിയാമെന്നു പനീര്‍ശെല്‍വം പറയുമ്പോള്‍ സ്വസ്ഥതയോടെ ഇരിക്കാന്‍ ശശികലയ്ക്ക് ആവില്ലെന്നുറപ്പ്. ഇതിനിടയ്ക്ക് ജയയെ കൊന്നതാണെന്ന ആരോപണങ്ങളുമായി അനന്തിരവള്‍ ദീപയും രംഗത്തെത്തി. ഡോക്ടര്‍മാര്‍ നല്കുന്ന വിശദീകരണത്തില്‍ വിശ്വാസമില്ലെന്നും ജയയുടെ കുടുംബം വ്യക്തമാക്കി. പോയിസ് ഗാര്‍ഡനില്‍ വയ്ച്ച് ജയലളിതയെ തള്ളി ഒരാള്‍ നിലത്തിട്ടെന്നും ജയയുടെ മരണത്തിലേക്ക് നയിച്ചത് അതാണെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന് വെളിപ്പെടുത്തിയിരുന്നു. ഈ കൃത്യം ചെയ്തത് ശശികലയാണെന്നാണ് വിവരം. ജയ അപ്പോള്‍ തന്നെ അബോധാവസ്ഥയിലായെന്ന വിവരം ജയയുടെ പേഴ്സണല്‍ സ്റ്റാഫുകളില്‍ നിന്നും ചോരുകയും ചെയ്തു. അന്നേരം തന്നെ മസ്തിഷ്ക മരണം സംഭവിച്ച ജയയെ മറ്റുള്ളവരെ കബളിപ്പിക്കാന്‍ വേണ്ടി ആശുപത്രിയിലാക്കുകയായിരുന്നെന്നും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ പറയുന്നു.