ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങുന്ന ലക്ഷണമില്ല. അപ്പോളോ ആശുപത്രിയില്‍ ചികിത്സക്കായെത്തിയപ്പോഴേ ജയലളിത മരിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രിയിലെ മുന്‍ ഡോക്ടറാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. സംഭവദിവസം അത്യാഹിത വിഭാഗത്തില്‍ ജോലി നോക്കുകയായിരുന്ന ഡോ. രാമസീതയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചെന്നൈയിലെ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവേയാണ് ഡോക്ടര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ നാഡിമിഡിപ്പുകള്‍ നിലച്ചിരുന്നു. എങ്കിലും ആശുപത്രി അധികൃതര്‍ അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും അവര്‍ തുറന്നടിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനിടയില്‍ അസുഖത്തിന് ശമനമുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതൊന്നുമായിരുന്നില്ല സത്യമെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മൂന്നാഴ്ച്ചയ്ക്കകം ചെന്നൈയിലെ മറീന ബീച്ചില്‍ എംജിആറിന്റെ സമാധിക്കടുത്ത് മരണാനന്തര ചടങ്ങുകള്‍ക്കായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും ആരംഭിച്ചിരുന്നതായും ഡോക്ടര്‍ വെളിപ്പെടുത്തി.