ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച ജെ.കൃഷ്ണമൂർത്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ട്രിച്ചി ബസ് സ്റ്റാൻഡിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു നടപടി.
കൃഷ്ണമൂർത്തിയെ അറസ്റ്റ് ചെയ്യാൻ മാർച്ച് 27ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ വിവിധ സ്ഥലങ്ങളിലേക്ക് മാറി മാറി യാത്ര ചെയ്യുകയായിരുന്നു ഇയാൾ. ജയലളിതയുടെയും തെലുങ്ക് സിനിമ താരം ശോഭൻ ബാബുവിന്റെയും മകനെന്ന് അവകാശപ്പെട്ടാണ് കൃഷ്ണമൂർത്തി കോടതിയെ സമീപിച്ചത്. ഇതിനായി ചില തെളിവുകളും ഇയാൾ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ പോലീസിന്റെ പരിശോധനയിൽ തെളിവുകൾ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കൃഷ്ണമൂർത്തിയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്.