അഞ്ജലി അനിൽകുമാർ
അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന് ഇനി അവകാശികൾ ആര് എന്ന ചോദ്യത്തിന് അവസാനമായി. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിയമപരമായ പിന്തുടർച്ചാവകാശികളെ പ്രഖ്യാപിച്ചു.
ജയലളിതയുടെ അനന്തരവൾ ജെ. ദീപയും അനന്തരവൻ ജെ. ദീപക്കുമായിരിക്കും ഇനി സ്വത്തിന് അവകാശികൾ. ജസ്റ്റിസുമാരായ എൻ. കിറുഭാകരൻ, അബ്ദുൾ ഖുദ്ദൂസ് എന്നിവരടങ്ങിയ ബഞ്ചാണ് ദീപയേയും ദീപക്കിനേയും രണ്ടാം നിര (ക്ലാസ് 2) പിന്തുടർച്ചക്കാരായി പ്രഖ്യാപിച്ചുകൊണ്ട് വിധി പറഞ്ഞത്. 913,42,68,179 രൂപയാണ് സ്വത്തുക്കളുടെ മൂല്യമായി കണക്കാക്കിയിരിക്കുന്നത്.
നാലുവർഷം നീണ്ട ആശങ്കയ്ക്ക് അവസാനം
തന്റെ സ്വത്തുക്കളുടെ പിന്തുടർച്ചാവകാശം ആർക്കെന്നുള്ള വിൽപത്രം എഴുതാതെ ജയലളിത മരിച്ചതോടെ ആയിരം കോടിക്ക് ആരുണ്ടിനി എന്നായിരുന്നു എല്ലാവരുടേയും ആശങ്ക.
നേരിട്ടുള്ള അവകാശികൾ ഇല്ലാത്തതിനാൽ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം രണ്ടാം നിര അവകാശികളായ തങ്ങൾക്ക് സ്വത്തിന്റെ അവകാശമെന്നു കാണിച്ച് ദീപക്കും ദീപയും കോടതിയെ സമീപിച്ചു. അതേസമയം എഐഎഡിഎംകെ ഭാരവാഹികൾ അവകാശത്തിനായി നൽകിയ അപേക്ഷ കോടതി തള്ളി.
വേദനിലയം ഇനി ഒൗദ്യോഗിക വസതി
ചെന്നൈയിൽ ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാർഡനിലെ വേദനിലയം അമ്മ സ്മാരകമാക്കുന്നത് പുനഃപരിശോധിക്കണമെന്ന് കോടതി ഉത്തരവിട്ടു. മുപ്പതുവർഷത്തോളം തമിഴകത്തിന്റെ അമ്മ ജീവിച്ചിരുന്ന ഇടമാണ് അടുത്തിടെ തർക്കത്തിൽപ്പെട്ട വേദനിലയം.
1967ൽ 1.32 ലക്ഷം രൂപയ്ക്കു വാങ്ങിയ വേദനിലയത്തിന് 2016ൽ സർക്കാർ വിലകണക്കാക്കിയത് 46 കോടി രൂപയാണ്. 2017ലാണ് വേദനിലയം അമ്മ സ്മാരകമാക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ചത്. മേയിൽ തമിഴ്നാട് സർക്കാർ ഇതുസംബന്ധിച്ച ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു.
24,000 ചതുരശ്ര അടിയുള്ള വേദനിലയം മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയാക്കുന്നതു പരിഗണിക്കണമെന്നു നിർദേശിച്ചു. അതേസമയം വേദനിലയത്തിന്റെ പത്തിൽ ഒരു ഭാഗം സ്മാരകമാക്കുന്നതിൽ എതിർപ്പില്ലെന്നും വിധിയിൽ പറയുന്നു.
സ്വകാര്യ കെട്ടിടങ്ങൾ വലിയ വില നൽകി ഏറ്റെടുക്കുന്നതിനേക്കാൾ ഉചിതം അവ ജനോപകാര പദ്ധതികൾക്കായി പ്രയോജനപ്പെടുത്തുകയാണെന്നും കോടതി നിർദേശിച്ചു.
ആഡംബരത്തിന്റെയും പ്രൗഡിയുടേയും പട്ടിക
വേദനിലയം പോലെ തന്നെ ഏറെ ചർച്ചചെയ്യപ്പെട്ടതാണ് ജയലളിതയുടെ മറ്റ് സ്വത്തുക്കളും. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ 14.50 ഏക്കറും തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് 3.43 ഏക്കർ കൃഷിഭൂമി ജയലളിതയ്ക്കു സ്വന്തമായുണ്ട്.
900 ഏക്കറുള്ള കോടനാട് എസ്റ്റേറ്റ്, സിർത്താവൂർ ബംഗ്ലാവ്, ആന്ധ്രയിൽ രണ്ട് ഫാം ഹൗസുകൾ, പയ്യാനൂർ ബംഗ്ലാവ്, ചെന്നൈ, ഹൈദരബാദ് എന്നീ നഗരങ്ങളിലുൾപ്പെടെ നാലു വ്യാവസായിക കെട്ടിടങ്ങൾ ജയലളിതയ്ക്കുണ്ട്.
വാഹനങ്ങളാണ് സ്വത്തുക്കളുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ള മറ്റൊരു പ്രമാണി. ടൊയോട്ട പ്രാഡോ, അംബാസഡർ, കോണ്ടസ എന്നിങ്ങനെ നിരവധി വാഹനങ്ങളാണ് ജയലളിതയ്ക്കുള്ളത്. 21.3 കിലോഗ്രാം സ്വർണവും 1,250 കിലോഗ്രാം വെള്ളിയും സ്വത്തിന്റെ പട്ടികയിൽപ്പെടുന്നു.
ഇതിനു പുറമേ മുന്നൂറോളം സാരികൾ, 700ൽപരം ചെരുപ്പുകൾ, തൊണ്ണൂറോളം ആഡംബര വാച്ചുകൾ എന്നിവയും തലൈവിയുടെ സ്വത്തുവിവരപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കണക്കുകൾ പ്രകാരം വലിയ പുസ്തക പ്രേമിയായ തലൈവിയുടെ പക്കൽ നാൽപതു ലക്ഷത്തോളം വില വരുന്ന പുസ്തകങ്ങളുണ്ട്.
ജയലളിതയുടെ പേരിൽ ട്രസ്റ്റ്
ജയലളിതയുടെ പേരിൽ സേവനപ്രവർത്തനങ്ങൾ നടത്തുന്നതിനായി ട്രസ്റ്റ് രൂപീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദീപക് സമർപ്പിച്ച ഹർജി കോടതി അംഗീകരിച്ചിട്ടുണ്ട്.