ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തിൽ അന്വേഷണം നടത്തുന്നതിനായി സംസ്ഥാന സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചു. റിട്ടയഡ് ജഡ്ജി അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സർക്കാർ നിയമിച്ചിട്ടുള്ളത്. ജയലളിതയുടെ മരണത്തിൽ പ്രത്യേക സംഘത്തെ അന്വേഷണ കമ്മിഷനായി നിയമിക്കുമെന്ന് മുഖ്യമന്ത്രി കെ.പളനിസ്വാമി കഴിഞ്ഞമാസം അറിയിച്ചിരുന്നു.
അപ്പോളോ ആശുപത്രിയിൽ ജയലളിത ചികിത്സയിലിരുന്നപ്പോൾ പറഞ്ഞ കള്ളങ്ങൾക്കെല്ലാം പരസ്യമായി മാപ്പ് ചോദിച്ച് തമിഴ്നാട് വനം മന്ത്രി സി ശ്രീനിവാസൻ രംഗത്തെത്തിയതിനു പിന്നാലെയാണ് സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചിട്ടുള്ളത്.
ആശുപത്രിയിൽ ജയലളിത ഇഡലി കഴിച്ചെന്നും അവരെ സന്ദർശിച്ചെന്നും പറഞ്ഞതു കളവാണെന്നായിരുന്നു ശ്രീനിവാസന്റെ വെളിപ്പെടുത്തൽ. ജയലളിതയുടെ ദീർഘകാല തോഴിയായിരുന്ന ശശികലയ്ക്കു മാത്രമേ ജയലളിതയെ മുറിയിൽ പോയി കാണാൻ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 75 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഡിസംബർ 5ന് ജയലളിത മരിച്ചു.