ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ചികിൽസയിൽ കഴിയവെ ആശുപത്രിയിലെ സിസിടിവികളെല്ലാം ഓഫ് ചെയ്യപ്പെട്ടിരുന്നതായി ജയലളിതയെ ചികിൽസിച്ചിരുന്ന അപ്പോളോ ആശുപത്രി അധികൃതർ. ആശുപത്രി ചെയർമാൻ ഡോ. പ്രതാപ് സി.റെഡ്ഡിയുടേതാണു നിർണായക വെളിപ്പെടുത്തൽ. ജയയുടെ മരണം സംബന്ധിച്ചു വി.കെ.ശശികലയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് അപ്പോളോ ആശുപത്രി ചെയർമാന്റെ പരാമർശം പുറത്തുവന്നിരിക്കുന്നത്.
ജയലളിതയെ ചികിത്സിച്ചിരുന്ന ഐസിയുവിൽ അവർ മാത്രമാണ് ഉണ്ടായിരുന്നത്. ജയ പ്രവേശിക്കപ്പെട്ടതു മുതൽ സിസിടിവികളെല്ലാം ഓഫ് ചെയ്യപ്പെട്ടു. 75 ദിവസവും സിസിടിവി ഓഫ് ചെയ്തിരിക്കുകയായിരുന്നു. ഐസിയുവിലേക്കുള്ള പ്രവേശനം നിരോധിച്ചു. മുഖ്യമന്ത്രിയെ കാണാൻ സന്ദർശകരെ അനുവദിച്ചില്ല.
ഐസിയുവിലേക്ക് ആരെയും കടത്തിവിട്ടില്ല- പ്രതാപ് റെഡ്ഡി പറഞ്ഞു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷൽ കമ്മീഷനു മുൻപാകെ ആശപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ നൽകുമോയെന്നു മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് കാമറകൾ ഓഫ് ചെയ്തിരുന്നതായി പ്രതാപ് റെഡ്ഡി വെളിപ്പെടുത്തിയത്.
ചെന്നൈ പോയസ് ഗാർഡനിലെ വസതിയിലെ ശുചിമുറിയിൽ വീണ ജയലളിത ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചയായി തോഴി ശശികല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അനധികൃത സ്വത്ത് സന്പാദന കേസിൽ ബംഗളൂരുവിലെ വിചാരണ കോടതി 2014 സെപ്റ്റംബറിൽ കുറ്റക്കാരിയാണെന്നു വിധിച്ചതിനുപിന്നാലെയാണു ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതെന്ന് ശശികല പറയുന്നു.
2014 നവംബറിനും 2016 സെപ്റ്റംബറിനും ഇടയിൽ 20 ഡോക്ടർമാരുടെ കീഴിൽ ജയലളിത ചികിത്സ തേടിയിട്ടുണ്ടെന്നും ജസ്റ്റീസ് അറുമുഖസ്വാമി കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ശശികല വ്യക്തമാക്കിയിട്ടുണ്ട്.
രോഗാവസ്ഥയിൽ ആരും കാണാൻ വരുന്നത് ജയലളിത ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അനുവാദം നൽകുന്നവരെ മാത്രമാണ് സന്ദർശനത്തിന് കയറ്റിയിരുന്നതെന്നും ശശികല കമ്മീഷനെ അറിയിച്ചിട്ടുണ്ട്. 55 പേജുകളുള്ള വിശദമായ സത്യവാങ്മൂലമാണു ശശികല കമ്മീഷന് സമർപ്പിച്ചിരിക്കുന്നത്.