മുൻ ചലച്ചിത്രതാരവും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ കഥ പറയുന്ന തലൈവി എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ടീസർ പുറത്തിറങ്ങിയതിനു പിന്നാലെ ചിത്രത്തിൽ ജലയലളിതയുടെ വേഷം ചെയ്യുന്ന ബോളിവുഡ് നടി കങ്കണ റണൗത്തിനെ ട്രോളുകയാണ് സൈബർലോകം.
കങ്കണയുടെ മേക്കപ്പിനെ ലാക്കാക്കിയാണ് പരിഹാസം മുഴുവൻ. ജയലളിതയുമായി സാമ്യമില്ലെന്നും കണ്ടാൽ സ്മൃതി ഇറാനിയെപ്പോലുണ്ട് എന്നും ചിലർ അഭിപ്രായപ്പെട്ടു. ബൊമ്മയെപ്പോലുണ്ട് എന്നാണ് മറ്റു ചിലരുടെ കമന്റ്. കങ്കണയുടെ മേക്കപ്പിനെ ദുരന്തം എന്നാണ് സോഷ്യൽ മീഡിയയിൽ മറ്റു ചിലർ അഭിപ്രായപ്പെട്ടത്.
ജയലളിതയായുള്ള രൂപമാറ്റത്തിന് പ്രോസ്തെറ്റിക് മേക്കപ്പാണ് ഉപയോഗിച്ചത്.
വിജയ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് വിഷ്ണുവർധൻ ഇന്ദുരിയും ശൈലേഷ് ആർ സിംഗും ചേർന്നാണ്. അരവിന്ദ് സ്വാമിയാണ് തലൈവിയിൽ എംജിആർ ആകുന്നത്.
ഹിന്ദിയിലും തെലുങ്കിലും തമിഴിലുമാണ് ചിത്രം റിലീസ് ചെയ്യുക. തിരക്കഥ രചിച്ചിരിക്കുന്നത് കെ.ആർ വിജയേന്ദ്രപ്രസാദ് ആണ്. വിശാൽ വിത്തൽ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രം അടുത്തവർഷം ജൂണിൽ റിലീസ് ചെയ്യും.