ജയലളിതയും കോടനാട് എസ്‌റ്റേറ്റും എന്നും വിവാദ വിഷയങ്ങളാണ്. ജയയുടെ മരണശേഷവും കോടനാട് എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ലായിരുന്നു താനും. ഇപ്പോഴിതാ വീണ്ടും നിഗൂഡതകള്‍ നിറഞ്ഞ ആ എസ്‌റ്റേറ്റ് വാര്‍ത്തകളില്‍ നിറയുകയാണ്. ബ്രിട്ടീഷ് വംശജന്‍ പീറ്റര്‍ കാള്‍ എഡ്വേര്‍ഡ് ക്രെയ്ഗ് ജോണ്‍സാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. തന്റെ കൈയില്‍നിന്നും ജയയും ശശികലയും എസ്റ്റേറ്റ് തട്ടിയെടുക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. നിലവില്‍ എസ്‌റ്റേറ്റിന്റെ മതിപ്പു വില ഏകദേശം 1,115 കോടി രൂപ വരും. തന്റെ പിതാവ് വില്യം ജോണ്‍സ് 1975ലാണു കൊടനാട് എസ്‌റ്റേറ്റ് വാങ്ങിയതെന്നു ക്രെയ്ഗ് പറയുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലം തേയിലത്തോട്ടമായി വികസിപ്പിക്കുകയായിരുന്നു.
മികച്ച വരുമാനം ലഭിച്ചുതുടങ്ങിയതോടെ കോടനാട് ടീ എസ്‌റ്റേറ്റ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. പിന്നീട് കമ്പനി വളര്‍ന്നു പന്തലിക്കുകയായിരുന്നു. പിതാവ്, മാതാവ്, നാലു സഹോദരിമാര്‍, താന്‍ എന്നിവരായിരുന്നു ഉടമസ്ഥര്‍. ജയലളിതയ്ക്ക് എസ്‌റ്റേറ്റ് വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് 1992ല്‍ ചിലര്‍ അറിയിച്ചു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാനുണ്ടായിരുന്നതിനാല്‍ ഒരു ഭാഗം വില്‍ക്കാന്‍ തങ്ങള്‍ക്കും സമ്മതമായിരുന്നു. എന്നാല്‍, രണ്ടു വര്‍ഷത്തിനു ശേഷം 906 ഏക്കര്‍ എസ്‌റ്റേറ്റ് മൊത്തമായി 7.6 കോടി രൂപയ്ക്കു വില്‍ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും ക്രെയഗ് പറയുന്നു.
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ കൊടനാട് വ്യൂ പോയിന്റ് റോഡില്‍ കോട്ടഗിരിയില്‍നിന്ന് പത്തു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോടനാട് എസ്‌റ്റേറ്റിന്റെ തുടക്കമായി. ഏഴു മലകള്‍ ഉള്‍പ്പെട്ട 862 ഏക്കര്‍ തേയിലത്തോട്ടമാണിത്. തോട്ടത്തിനു നടുവിലായി ചെറിയൊരു കുന്നിനു കളിലാണ് ജയലളിതയുടെ അവധിക്കാല വസതിയായ ബംഗ്ലാവ്. ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗം കോയമ്പത്തൂരിലെത്തുന്ന ജയലളിത ഹെലികോപ്റ്ററിലാണ് എസ്‌റ്റേറ്റിലെത്തിയിരുന്നത്. അവസാനമായി അവര്‍ ഇവിടെയെത്തിയത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പാണ്.
എസ്റ്റേറ്റ് വില്പനയ്ക്കായി പലതവണ ജയയുടെ ഗുണ്ടകള്‍ തങ്ങളെ സമീപിച്ചിരുന്നു. എന്നാല്‍ എസ്‌റ്റേറ്റ് മൊത്തമായി വില്‍ക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നപ്പോള്‍ രാത്രി നമ്പര്‍ പ്ലേറ്റ് മറച്ച കാറുകളില്‍ നൂറ്റിയന്‍പതിലേറെ ഗുണ്ടകള്‍ വന്ന് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിതാവിന്റെ സുഹൃത്തായിരുന്ന അന്നത്തെ ഗവര്‍ണര്‍ എം. ചന്ന റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം പോലീസില്‍ പരാതി നല്‍കി. എന്നാല്‍, എസ്‌റ്റേറ്റില്‍നിന്ന് എത്രയും പെട്ടെന്നു രക്ഷപ്പെടാനായിരുന്നു പോലീസിന്റെ ഉപദേശം. 7.6 കോടി ഡിമാന്‍ഡ് ഡ്രാഫ്റ്റായാണു നല്‍കിയത്. നാലു കോടി രൂപ കൂടി പണമായി നല്‍കാമെന്നു പറഞ്ഞിരുന്നെങ്കിലും ലഭിച്ചില്ലെന്നും അദേഹം പറയുന്നു.