കോട്ടയം: ജയലളിതയുടെ വിയോഗത്തില്‍ കോട്ടയം സ്വദേശിനി ഉമ എസ്. നായരും ദുഃഖത്തിലാണ്. താഹ സംവിധാനം ചെയ്ത കേരള ഹൗസ് ഉടന്‍ വില്പനയ്ക്ക് എന്ന സിനിമയില്‍ ജയലളിതയുടെ അപരയായി അഭിനയിച്ചത് ഉമ എസ്. നായരാണ്. സ്കൂള്‍ യുവജനോത്സവത്തില്‍ ജയലളിതയുടെ വേഷം കെട്ടി പ്രഛന്നവേഷ മത്സരത്തിന് ഒന്നാംസ്ഥാനം നേടിയ ഉമയെ കുറിച്ചു തമിഴ് പത്രങ്ങളിലും ചാനലുകളിലും വാര്‍ത്ത വന്നിരുന്നു.
പിന്നീട് ജയ ടിവിയിലൂടെ ഉമയെക്കുറിച്ച് അറിഞ്ഞ ജയലളിത ഉമയെ കാണാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. തുടര്‍ന്ന് ജയലളിതയുടെ പ്രൈവറ്റ് സെക്രട്ടറി ഉമയുമായി ഫോണില്‍ ബന്ധപ്പെടുകയും കാണാനുള്ള തീയതി നല്‍കുകയും ചെയ്തു. ആ ദിവസം ഉമയ്ക്ക് ജയലളിതയെ കാണാന്‍ കഴിയാതെ വന്നു. പിന്നീട് മറ്റൊരു അവസരത്തില്‍ ചെന്നൈയിലുള്ള വസതിയിലെത്തി ജയലളിതയെ കണ്ടിരുന്നു.
ജയലളിതയുടെ അനുഗ്രഹം വാങ്ങിയതിനുശേഷമാണ് ഉമ മടങ്ങിയത്. കോട്ടയം സെന്റ് ജോസഫ് കോണ്‍വെന്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നപ്പോള്‍ ഉമയെ കുട്ടിതലൈവിയാക്കി വേഷം കെട്ടിച്ച് ഇറക്കി ആണ്ടിപ്പെട്ടിയില്‍ വോട്ടുതേടാന്‍ എഐഡിഎംകെ നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. അതിനുശേഷം ആണ്ടിപ്പെട്ടിയിലെ പ്രചാരണത്തിന് ക്ഷണമുണ്ടായെങ്കിലും വര്‍ഷാവസാന പരീക്ഷയുടെ സമയമായതിനാല്‍ താല്പര്യമില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ചതോടെയാണ് ആണ്ടിപ്പെട്ടിയില്‍ ജയലളിതയുടെ അപരയായി വോട്ടുപിടിക്കാനുള്ള അവസരം ഇല്ലാതായത്. ഉമ കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ തിരുനക്കര വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.