സിനിമാക്കഥയെ വെല്ലുന്നതായിരുന്നു പുരട്ചിതലൈവി ജയലളിതയുടെ രാഷ്ട്രീയജീവിതം.
ജയലളിതയുടെ ബയോപിക്ക് ‘തലൈവി’ സിനിമ പുറത്തിറങ്ങിയിട്ടു ഒരാഴ്ച കഴിഞ്ഞെങ്കിലും ജയലളിതയുടെ രാഷ്ട്രീയ, സിനിമാ ജീവിതം സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
അഭ്രപാളിയില്‍ ജയലളിത കഥാപാത്രമാകുന്ന ആദ്യസിനിമയല്ല തലൈവി.
മോഹന്‍ലാല്‍ എംജിആറായി തിളങ്ങിയ മണിരത്നത്തിന്റെ ഇരുവറില്‍ ജയലളിതയെ അനുസ്മരിപ്പിക്കുന്ന കല്പനയെന്ന സാങ്കല്പികകഥാപാത്രമായി അഭിനയിച്ചത് ഐശ്വര്യ റായ് ആയിരുന്നു.
അതിനുശേഷം ഗൗതംമേനോന്റെ വെബ്സീരിസായ ക്വീനില്‍ ജയലളിതയായി പുനര്‍ജനിച്ചത് രമ്യാകൃഷ്ണന്‍.
എ.എല്‍.വിജയ് സംവിധാനം ചെയ്ത തലൈവിയില്‍ ബോളിവുഡ് താരം കങ്കണ റണാവതാണ് ജയലളിതയെ വെള്ളിത്തിരയില്‍ എത്തിച്ചത്.
മൂവരും ജയലളിതയുടെ രാഷ്ട്രീയസിനിമാ, ജീവിതം പകര്‍ന്നാടാന്‍ മത്സരിച്ചഭിനയിച്ചു.
ജയലളിതയായി മികച്ച പ്രകടനം കാഴ്ചവച്ചതാരെന്ന ചര്‍ച്ച നടക്കുകയാണെങ്കിലും തന്റെ വേഷം ചെയ്തുകാണാൻ ജയലളിതക്ക് ആഗ്രഹം ഐശ്വര്യ റായി ആയിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
ടിവി അവതാരകയായ സിമി അഗര്‍വാള്‍ ആണ് തലൈവി കണ്ട ശേഷം ഇക്കാര്യം ട്വീറ്റ് ചെയ്തത്.
സംഭവബഹുലമായ ജീവിതം നയിച്ച ജയലളിതയെക്കുറിച്ച് വേറെയും സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു.
മിഷ്കിന്റെ സംവിധാനസഹായി പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന നിത്യാമേനോന് ജയലളിതയായുള്ള സിനിമ “ദ അയണ്‍ ലേഡി’, നിര്‍മ്മാതാവ് ആദിത്യ ഭരദ്വാജിന്റെ ജയലളിത ബയോപിക്,
ഭാരതിരാജ സംവിധാനം ചെയ്യുന്ന തായ് പുരട്ചി തലൈവി, ജയലളിത പ്രധാനകഥാപാത്രമാകുന്ന രാംഗോപാല്‍ വര്‍മ പ്രഖ്യാപിച്ച ശശികല എന്ന സിനിമ എന്നിവയെല്ലാം കേട്ടെങ്കിലും പിന്നീട് പുതിയ വിവരങ്ങളൊന്നുമുണ്ടായില്ല.
ജയലളിത ബയോപിക് പ്രഖ്യാപിച്ചപ്പോള്‍ തൃഷ, നയന്‍താര, വിദ്യാബാലന്, അനുഷ്ക ഷെട്ടി എന്നിവരുടെ പേരുകളാണ് തുടക്കത്തില്‍ ഉയര്‍ന്നു കേട്ടത്.
സോഷ്യല്‍ മീഡിയകളില്‍ ഇതുസംബന്ധിച്ച വോട്ടെടുപ്പും നടന്നു. തൃഷയാകട്ടെ ഞാന്‍ റെഡിയാണെന്നു പറഞ്ഞു ത്രില്ലടിച്ചു പ്രസ്താവനയുമായി മുന്നോട്ടുവരികയും ചെയ്തു.
തിയറ്ററില്‍ കൂടാതെ ഒടിടിയിലും റിലീസ് ആകുന്ന തലൈവി ജയലളിതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.
സംഭവബഹുലമായ ജീവിതത്തില്‍ ഇനിയും കഥകളേറെ പറയാന്‍ ബാക്കിയുള്ളതിനാല്‍ ‘ജയലളിതസിനിമകള്’ ഇനിയും പ്രതീക്ഷിക്കാം.
തലൈവി – കങ്കണ റണാവത്ത്
ആരനൂറ്റാണ്ടുകാലത്തെ ജയലളിതയുടെ ജീവിതമാണ് തലൈവിയില്‍ അവതരിപ്പിക്കുന്നത്. കുട്ടിക്കാലം മുതല്‍ അധികാരത്തിലേറുന്ന കാലം വരെയുള്ള കാലമാണ് സ്ക്രീനില്‍ തെളിയുന്നത്.
ശശികലയായി മലയാളി താരം ഷംന കാസിം അഭിനയിച്ചിരിക്കുന്നു. കരുണാനിധിയായി നാസറും വേഷമിട്ടു.
സമുദ്രക്കനി, തമ്പി രാമയ്യ, ഭാഗ്യശ്രീ എന്നിവരും അഭിനേതാക്കളാണ്. 28 എംജിആര്‍-ജയലളിത സിനിമകളിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ പുനര്അവതരിപ്പിച്ചിരിക്കുന്നതും സിനിമയുടെ പ്രത്യേകതയാണ്.