മരിച്ചിട്ടും വിവാദങ്ങളിലൂടെ ജീവിക്കുന്ന നിരവധിയാളുകളില്‍ ഓരാളാണ് അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ജയലളിതയെ ജയിലിലാക്കിയ പഴയ പോയസ് ഗാര്‍ഡന്‍ റെയ്ഡിനെ അനുസ്മരിച്ച് വീണ്ടും റെയ്ഡ്. ജയലളിതയുടെ ഔദ്യോഗിക വസതിയായിരുന്ന പോയസ് ഗാര്‍ഡനില്‍ ആദായനികുതി വകുപ്പാണ് റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച രാത്രി ഏറെ വൈകിയാണ് പോയസ് ഗാര്‍ഡനിലുള്ളിലെ വേദനിലയത്തിലും പരിശോധനയുമായി ഉദ്യോഗസ്ഥര്‍ എത്തിയത്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ്. നിര്‍ണ്ണായകമായ പല തെളിവുകളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ലാപ്ടോപ്പ്, കംപ്യൂട്ടര്‍, മറ്റു സ്റ്റോര്‍ സ്പേയ്സുകള്‍ അടക്കം നിരവധി ഇലക്ട്രോണിക്ക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവം പുറം ലോകം അറിഞ്ഞതോടെ ദിനകരപക്ഷം പ്രവര്‍ത്തകര്‍ എത്തി സംഘര്‍ഷാന്തരീക്ഷം ഉണ്ടാക്കുകയും ചെയ്തു. ബന്ധുക്കളായ ദിവാകരനും ജയാ ടി വി സിഇഒ വിവേക് ജയരാമനും എത്തിയെങ്കിലും പോലീസ് അവരെ വീട്ടിലേക്ക് കടത്തിവിട്ടില്ല. തുടര്‍ന്ന് ഇവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിരോധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കഴിഞ്ഞ ദിവസങ്ങളില്‍ എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികലയുടെ വസതിയിലും ബന്ധുക്കളുടേയും വീടുകളിലും പരിശോധന നടത്തിയിരുന്നു.
187 സ്ഥലങ്ങളിലാണ് അന്ന് റെയ്ഡ് നടന്നത്. പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പുങ്കണ്ടറന്റെ മുറിയിലും പരിശോധനനടത്തിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ജയലളിതയുടെ വസതിയില്‍ റെയ്ഡ് നടത്തുന്നത്. നേരത്തെ 1996ല്‍ കരുണാനിധി സര്‍ക്കാരിന്റെ കാലത്താണ് പരിശോധനയുണ്ടായത്. അന്നാണ് ജയലളിതയുടെ എണ്ണിയാല്‍ ഒടുങ്ങാത്ത സാരികളും ആഭരണങ്ങളും കണ്ടെത്തിയത്. ഇതാണ് ജയലളിതയുടേയും പിന്നീട് ഇപ്പോള്‍ ശശികലയുടെയും ജയില്‍ വാസത്തിലേക്കും നയിച്ചത്.