ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിനു മുൻപുള്ള ശബ്ദരേഖകൾ പുറത്ത്. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഏകാംഗ കമ്മീഷൻ ജസ്റ്റിസ് അറുമുഖസ്വാമിയാണ് ശബ്ദരേഖകൾ മാധ്യമങ്ങൾക്ക് കൈമാറിയത്. 2016ൽ അവസാനമായി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴുള്ള ശബ്ദരേഖയാണ് പുറത്തുവിട്ടത്.
ശ്വാസമെടുക്കാൻ ബുദ്ധിമുട്ടാണ്, ശ്വാസമെടുക്കുന്പോൾ എന്റെ ചെവിയിൽ ഒരുതരം ശബ്ദം കേൾക്കുന്നുണ്ട്. തിയറ്ററുകളിൽ കാഴ്ചക്കാർ വിസിലടിക്കുന്നതു പോലുള്ള ശബ്ദമാണതെന്നും ജയലളിത പറയുന്നു. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ചു മരണശേഷവും തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് റെക്കോർഡ് ചെയ്തുവച്ചിരുന്ന ശബ്ദരേഖകൾ പുറത്തുവിട്ടിരിക്കുന്നത്.
ആശുപത്രിയിൽ ജയലളിതയുടെ ഡോക്ടറായിരുന്ന കെ.എസ്. ശിവകുമാറാണു കമ്മിഷനു ശബ്ദരേഖകൾ കൈമാറിയത്. ആശുപത്രിയിലെ ജയലളിതയുടെ സംഭാഷണങ്ങളെല്ലാം ശബ്ദരേഖയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാനം ആർകെ നഗറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയുള്ള ജയലളിതയുടെ ദൃശ്യങ്ങള്‍ ടി.ടി.വി. ദിനകരന് വിഭാഗം പുറത്തുവിട്ടിരുന്നു.