തമിഴ്നാട് മുന്മുഖ്യമന്ത്രിയും ചലച്ചിത്ര താരവുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി എന്ന ചിത്രത്തിൽ ജയലളിതയുടെ വേഷത്തിൽ അഭിനയിക്കുന്നത് ബോളിവുഡ് താരം കങ്കണ റണൗത്ത് ആണ്.
ചിത്രത്തിൽ എം.ജി.ആറിന്റെ വേഷത്തിലെത്തുന്നത് അരവിന്ദ് സ്വാമിയാണ്.
ചിത്രീകരണം ആരംഭിച്ചപ്പോൾ തന്നെ തലൈവി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കങ്കണയുടെ മേക്കപ്പിനെ ചൊല്ലിയായിരുന്നു ആദ്യവിവാദങ്ങൾ.
ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകളിലെ ചിത്രം കണ്ടിട്ട് ഇത് ജയലളിതയാണോ സ്മൃതി ഇറാനിയാണോ എന്നൊക്കെയുള്ള കമന്റുകൾ സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു.
ഇപ്പോൾ കങ്കണ ജയലളിതയെപ്പറ്റി പറഞ്ഞ ഒരു പരാമർശം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ജയലളിത തന്നെപ്പോലെ ഒരു അഭിനേത്രിയായിരുന്നില്ലെന്നും ഐശ്വര്യ റായിയെപ്പോലെ ഒരു ഗ്ലാമർ താരമായിരുന്നുവെന്നുമാണ് കങ്കണ പറഞ്ഞത്.
ജയലളിതയുടെ വേഷം ചെയ്യുന്നത് ഒരു വെല്ലുവിളിയാണെന്നും കങ്കണ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം ജലളിത തന്നെപ്പോലെ എല്ലാത്തിനോടും വിമുഖത കാട്ടിയിരുന്നുവെന്നും കങ്കണ പറഞ്ഞു.