അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന് ജയകുമാറിന്റെ മരണത്തിലും ദുരൂഹതയെന്ന് ആരോപണമുയരുന്നു.
ജയകുമാറിന്റെ മകള്‍ ദീപ തമിഴ് വാര്‍ത്താചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അച്ഛന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചത്.
ജയലളിതയുടെ ഏകസഹോദരനായിരുന്നു ജയകുമാര്‍. ശശികലയുടെ സഹോദരിയുടെ മകന് സുധാകരനെ ജയലളിത വളര്‍ത്തുപുത്രനായി സ്വീകരിച്ചതിനെ ജയകുമാര്‍ എതിര്‍ത്തിരുന്നു.
സുധാകരന്റെ വിവാഹം അത്യാഡംബരപൂര്‍വം ജയലളിതയുടെ നേതൃത്വത്തില്‍ നടത്തി അധികം കഴിയുംമുമ്പായിരുന്നു ജയകുമാറിന്റെ മരണം.
തടിച്ച ശരീരപ്രകൃതമായിരുന്നെങ്കിലും വലിയ ആരോഗ്യപ്രശ്നം ഉണ്ടായിരുന്നില്ല. പെട്ടെന്ന് മരണം സംഭവിച്ചതിനാല്‍ അന്നുതന്നെ സംശയം തോന്നിയിരുന്നെന്നും ദീപ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഒരുങ്ങിയിരുന്നെങ്കിലും ഒരു ഉയര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന് ഇടപെട്ട് അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നായിരുന്നു ജയലളിതയുടെ നിര്‍ദേശമെങ്കിലും വേറെ ചിലരുടെ ഇടപെടല്‍ ഈ തീരുമാനം അട്ടിമറിച്ചെന്ന് ദീപ ആരോപിച്ചു.
ശശികലയാണ് ഇതിനുപിന്നിലെന്ന് ദീപ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. ജയലളിതയെയും തങ്ങളുടെ കുടുംബത്തെയും തമ്മില്‍ അകറ്റിയത് ശശികലയാണെന്നും ദീപ കുറ്റപ്പെടുത്തി.
ജയലളിതയുടെ മരണത്തില്‍ ശശികലയെ പ്രതിയാക്കി അന്വേഷണം നടത്തണമെന്ന ജസ്റ്റിസ് ആറുമുഖസാമി കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ജയകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ദീപയുടെ ആരോപണം.
ജയലളിതയുടെ മരണത്തില്‍ സി.ബി.ഐ. അന്വേഷണവും ദീപ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം ഇതിനോടകം തമിഴ്നാട്ടില്‍ ചൂടുപിടിച്ച ചര്‍ച്ചയായിട്ടുണ്ട്.