സീമ മോഹന്ലാല്
കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന് സെല്വൻ-2 (പിഎസ്-2) ഇന്ന് തിയറ്ററുകളില് എത്തുകയാണ്. ആദ്യ ഭാഗത്ത് ബാക്കിവച്ച ചോദ്യങ്ങള്ക്ക് ഉത്തരങ്ങളുമായിട്ടാണ് മണിരത്നം ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.
500 കോടി രൂപ കളക്ഷന് നേടിയ പൊന്നിയിന് സെല്വന് ഒന്നിലൂടെ പ്രേക്ഷകമനസില് ഇടം നേടിയ പൊന്നിയിന് സെല്വനായ അരുണ്മൊഴി വര്മ്മന് എന്തു സംഭവിച്ചു എന്ന ജിജ്ഞാസ പ്രേക്ഷകര്ക്കിടയിലുണ്ട്. പിഎസ് 2 ല് അരുണ്മൊഴി വര്മന്റെ തിരിച്ചുവരവാണ്.
ഏതൊരു നടനും ചെയ്യാന് കൊതിക്കുന്ന കഥാപാത്രമാണ് പൊന്നിയിന് സെല്വന്. മുതിര്ന്ന ഫിലിം എഡിറ്റര് എ. മോഹന്റെ മകനായ രവി എന്ന ജയം രവിയാണ് പൊന്നിയിന് സെല്വനായി വെള്ളിത്തിരയില് നിറഞ്ഞുനില്ക്കുന്നത്.
അച്ഛന് നിര്മിച്ച ബാവ ബാവമരിദി എന്ന തെലുങ്ക് ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയില് അരങ്ങേറ്റം കുറിച്ച രവി തന്റെ 20 വര്ഷത്തെ സിനിമാ ജീവിതത്തിലെ മഹാഭാഗ്യമായിട്ടാണ് പൊന്നിയിന് സെല്വനിലെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും അഭിനയിക്കാന് കഴിഞ്ഞതിനെ വിശേഷിപ്പിക്കുന്നത്.
സൂപ്പര് ഹിറ്റ് ചിത്രമായ ജയം രവിയിലെ അഭിനയത്തിനു ശേഷമാണ് രവി, ജയം രവി എന്ന പേരില് അറിയപ്പെട്ടു തുടങ്ങിയത്.പൊന്നിയിന് സെല്വൻ ജീവന് പകര്ന്ന തമിഴിലെ മിന്നുംതാരമായ ജയം രവി കൊച്ചിയിലെ ക്രൗണ് പ്ലാസ ഹോട്ടലിലിരുന്ന് കഥാപാത്രത്തിലേക്കുള്ള ആ യാത്രയെക്കുറിച്ച് മനസ് തുറന്നു. ആ ജൈത്രയാത്ര വായിക്കാം…
പിഎസ്-2നെക്കുറിച്ചുള്ള പ്രതീക്ഷ
പൊന്നിയിന് സെല്വന്റെ ആദ്യ ഭാഗത്തില് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മണിരത്നം സര് ചെയ്തത്. എന്നാല് പിഎസ് -2 ലാണ് കഥ പറയുന്നത്. ഒട്ടേറെ ചോദ്യങ്ങള്ക്ക് ഉത്തരം നല്കി കഥ പൂര്ണതയിലെത്തിക്കുകയാണ് രണ്ടാം ഭാഗത്തില് ചെയ്തിരിക്കുന്നത്.
തുടക്കം മുതല് ഒരു ക്ലൈമാക്സ് മൂഡ് പ്രേക്ഷകര്ക്ക് ഉണ്ടാകും. ഓരോ സീക്വന്സും അത്രയധികം രസകരമായിരിക്കും. വൈകാരികവും അതിലുപരി സംഘര്ഷാത്മകവുമായ മുഹൂര്ത്തങ്ങളിലൂടെയാണ് പിഎസ് -2ന്റെ പ്രയാണം.
ആദ്യ ഭാഗത്തില് അരുള്മൊഴി വര്മ്മന് കടലില് മുങ്ങി മരിച്ച രീതിയിലാണ് കൊണ്ടുനിര്ത്തുന്നത്. എന്നാല് പില്ക്കാലത്ത് പൊന്നിയിന് സെല്വനാണ് ചോളരാജാവാകുന്നതെന്ന് കല്ക്കിയുടെ നോവല് വായിച്ചവര്ക്ക് കഥയറിയാം. അതുകൊണ്ടുതന്നെയാണ് ട്രെയിലറില് സസ്പെന്സ് വയ്ക്കാതിരുന്നത്.
പൊന്നിയിന് സെല്വനായുള്ളതയാറെടുപ്പുകള്
ഷൂട്ടിംഗ് തുടങ്ങുന്നതിന് ആറു മാസം മുന്പ് മുതല് പൊന്നിയിന് സെല്വനായി ജീവിക്കാനാണ് മണിരത്നം സര് എന്നോട് പറഞ്ഞത്. ഒരു ദിവസംകൊണ്ട് പൊന്നിയിന് സെല്വന് ആകാന് സാധിക്കില്ലെന്ന മുന്നറിയിപ്പ് തന്നു.
വീട്ടില് എല്ലാവരോടും ഇടപഴകുമ്പോള് അരുള്മൊഴി വര്മ്മനെ പോലെ ബിഹേവ് ചെയ്ത് ശീലിക്കാനും അദ്ദേഹം പറഞ്ഞിരുന്നു. അത് ഈ സിനിമയ്ക്ക് മാത്രമല്ല എന്റെ കരിയറിനുതന്നെ വളരെയധികം ഗുണം ചെയ്യുന്ന ഒരു ട്രെയിനിംഗ് ആയിരുന്നു.
താമസിയാതെ ഞാന് രാജ രാജ ചോളന് എന്നറിയപ്പെട്ടിരുന്ന പൊന്നിയിന് സെല്വനിലേക്ക് എത്തുകയായിരുന്നു. കഥാപാത്രത്തിനായി കുതിര സവാരി, വാള് പയറ്റ്, കളരി പയറ്റ് ഇതൊക്കെ ചെയ്തത് വലിയൊരു അനുഭവം ആയിരുന്നു. ജീവിതത്തില് അത്യാവശ്യം പഠിക്കേണ്ട ഒരു ട്രെയിനിംഗ് ആയിട്ടാണ് ഞാന് അതിനെ കാണുന്നത്.
വ്യക്തിപരമായും നല്ല അനുഭവം
പിഎസ്-2 ലെ എക്സ്പീരിയന്സ് എന്റെ കരിയറിലും വളരെ വലുതുതന്നെയാണ്. 155 ദിവസത്തെ ഷൂട്ടിംഗ്, അതൊരു അണ്ബിലീവബിള് എക്സ്പീരിയന്സ് ആയിരുന്നു എനിക്ക്. വിക്രം, ഐശ്വര്യ റായ്, കാര്ത്തി, ജയറാം, ലാല്, റഹ്മാന്, പ്രകാശ് രാജ്, ഐശ്വര്യ ലക്ഷ്മി തുടങ്ങി 35ലധികം വലിയ താരങ്ങള്. നൂറിലധികം അഭിനേതാക്കള്, എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു.
ഞാനും പ്രകാശ് സാറും ഒരുമിച്ച് ഏഴു പടങ്ങള് ചെയ്തിട്ടുണ്ട്. പലതിലും അച്ഛനും മകനുമായി അഭിനയിച്ചിട്ടുമുണ്ട്. എന്നാല്, ഈ ചിത്രത്തിലെ അച്ഛനും മകനും അതില് നിന്നെല്ലാം വ്യത്യസ്തമായ ഒരു ഫീലായിരുന്നു തന്നത്.
മണിരത്നം സാറിനൊപ്പം വീണ്ടും ഒത്തുചേരാനായത് വളരെയധികം സന്തോഷം നല്കി. ഞാന് ഐശ്വര്യ റായ് ഫാന് ആണ്. അവര്ക്കൊപ്പം പ്രവര്ത്തിക്കുന്നത് ആദ്യമായിട്ടാണ്. എ.ആര്. റഹ്മാനൊപ്പവും ആദ്യമായിട്ടാണ് വര്ക്ക് ചെയ്യുന്നത്. അതൊക്കെ വ്യത്യസ്തമായ അനുഭവം ആയിരുന്നു. ജയറാം ആയിരുന്നു സെറ്റിലെ ഗുരു.
ആക്ഷന് സീനുകളെല്ലാം വളരെയധികം സേഫായി പൂര്ത്തിയാക്കാനായി. ടീം മൊത്തത്തില് വളരെയധികം ഹാര്ഡ് വര്ക്കാണ് ചെയ്തത്. അതിന്റെ റിസൾട്ട് ഉണ്ടാകും.
വിക്രം എന്ന മഹാത്ഭുതം
പിഎസ്-2 ല് ആദിത്യ കരികാലനായി വിക്രമിന്റെ അഭിനയം ഞാന് നേരില് കണ്ടതാണ്. മായാമന്ത്രം എന്നു പറയും പോലെയാണ് അദ്ദേഹത്തിന്റെ അഭിനയം.
നമ്മളെ വല്ലാതെ അതിശയപ്പെടുത്തും. അദ്ദേഹത്തിന് ഒരു എക്സ്ട്രാ ഓര്ഡിനറി സ്പാര്ക്ക് ഉണ്ട്. താരജാഡകളൊന്നും ഇല്ലാതെ വളരെ സിംപിളായിട്ടാണ് ഇടപെട്ടിരുന്നത്.
വന് വിജയമാകും
പിഎസ്-2 വന് വിജയമാകുമെന്നാണ് ഞങ്ങള് പ്രതീക്ഷിക്കുന്നത്. സിനിമയില് അണിനിരന്ന ഓരോരുത്തരും ചിത്രത്തിനായി വളരെയധികം കഷ്ടപ്പെട്ടു.
കാസ്റ്റ് ആന്ഡ് ക്രൂ എല്ലാവരും ചേര്ന്നാണ് ഈ സിനിമയുടെ വിജയത്തിനായി പ്രവര്ത്തിച്ചിരിക്കുന്നത്. വികാരങ്ങളും ത്രില്ലും ഗാംഭീര്യവുമൊക്കെയുള്ള ഒരു ചിത്രമാണിത്. ആദ്യ ഭാഗത്തെക്കാള് വന് വിജയമാണ് ടീം പ്രതീക്ഷിക്കുന്നത്.
ഷൂട്ടിംഗ് ഉള്ള ദിവസങ്ങളില് എല്ലാവരും പുലര്ച്ചെ മൂന്നിന് എഴുന്നേല്ക്കും. മേക്കപ്പിട്ട് ഒന്നിനു പുറകെ ഒന്നായി വാഹനങ്ങളില് സെറ്റിലേക്കു പോകും. സംഘട്ടന രംഗങ്ങള് ഏറെയുള്ളതിനാല് ആര്ക്കെങ്കിലും
പരിക്കു പറ്റിയാല് ഉടന് ആശുപത്രിയിലെത്തിക്കാന് 24 മണിക്കൂറും അവിടെ ആംബുലന്സ് ഉണ്ടായിരുന്നു. മൃഗങ്ങള്ക്കായി മറ്റൊരു ആംബുലന്സും സജ്ജമായിരുന്നു.
മലയാളത്തില് പ്രതീക്ഷിക്കാമോ?
മലയാള സിനിമയില്നിന്ന് നിരവധിത്തവണ ഓഫറുകള് വന്നിരുന്നു. കൂടുതലും ഗസ്റ്റ് റോളുകളായിരുന്നു. എനിക്ക് മലയാളം സംസാരിക്കാന് അറിയില്ല. മലയാളം പറയുന്നത് 95 ശതമാനവും മനസിലാകും.
ഇപ്പോള് മലയാളം സംസാരിക്കാന് പഠിച്ചുവരുകയാണ്. മറ്റൊരാളെക്കൊണ്ട് മലയാളത്തില് ഡബ് ചെയ്യിക്കുന്നതിനോട് അത്ര താല്പ്പര്യമില്ല. ആ കഥാപാത്രത്തിന് അത്ര ഫീല് കിട്ടില്ല.
മലയാളം സംസാരിക്കാന് പഠിച്ചു കഴിഞ്ഞാല് ഞാന് ഉറപ്പായും മലയാളത്തില് അഭിനയിക്കും. അതിനായുള്ള കാത്തിരിപ്പിലാണ്. മലയാളം ഇന്ഡസ്ട്രിയോട് വളരെയധികം ഇഷ്ടമുണ്ട്.
പ്രതിഭാധനരായ ഒത്തിരി നടീനടന്മാര് മലയാളത്തിലുണ്ട്. അവരുടെയൊക്കെ അഭിനയ മികവ് അതിശയിപ്പിക്കുന്നതാണ്. കോമഡി കഥാപാത്രങ്ങളായാലും സീരിയസ് റോളായാലും വളരെ ഭംഗിയായി അഭിനയിച്ച് പ്രേക്ഷകരെ കൈയിലെടുക്കുന്ന താരങ്ങളാണ് മലയാളത്തിലുള്ളത്. എല്ലാ മലയാളം സിനിമകളും ഞാന് കാണാറുണ്ട്. മിന്നല് മുരളിയിലെ ടൊവിനോയുടെ അഭിനയം വളരെയധികം ഇഷ്ടപ്പെട്ടു.
മലയാളി ഫാന്സും
പൊന്നിയിന് സെല്വന്റെ ഒന്നാം ഭാഗത്തിന്റെ പ്രൊമോഷന് വര്ക്കിനായി കേരളത്തില് വന്നപ്പോള് മലയാളി ആരാധകര് നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.
ഇപ്പോള് പിഎസ് -2 ന്റെ പ്രൊമോഷന് വര്ക്കിനെത്തിയപ്പോഴും ആ സ്നേഹം തന്നെയാണ് ഇവിടെ കാണാന് കഴിഞ്ഞത്. ചെണ്ടമേളത്തോടെയാണ് കൊച്ചി വെല്ക്കം ചെയ്തത്.
ഇതൊക്കെ കാണുമ്പോള് ഇടയ്ക്കിടയ്ക്ക് കൊച്ചിയിലേക്ക് വരണമെന്നു തോന്നും. ഒത്തിരി സന്തോഷമുണ്ട്. മലയാളി ആരാധകര് വലിയ സപ്പോര്ട്ട് എനിക്ക് തരുന്നുണ്ട്. കേരളത്തില് എനിക്ക് ഫാന്സ് ക്ലബ് ഉണ്ട്. ഇവിടെ വരുമ്പോഴൊക്കെ അവരെ കാണാറുമുണ്ട്.
ഞാന് ശബരിമലയില് പോകുമ്പോള് കേരളീയര് ഓടിയെത്തും. സംസാരിക്കും. കൂടെനിന്ന് ഫോട്ടോയെടുക്കും. അവരുമായി സംസാരിക്കുമ്പോഴൊക്കെ അവര് എത്രമാത്രം എന്നെ സ്നേഹിക്കുന്നുണ്ടെന്ന് മനസിലാകും.
ഇഷ്ടം പുട്ടുംകരിമീന് പൊള്ളിച്ചതും
കേരള വിഭവങ്ങളില് എനിക്കിഷ്ടം കരിമീന് പൊള്ളിച്ചതാണ്. ഹാ, സൂപ്പര് ടേസ്റ്റാണതിന്. എത്ര കഴിച്ചാലും മതിയാവില്ല. ഹൗസ് ബോട്ടിലൊക്കെ പോകുമ്പോള് പ്രിഫര് ചെയ്യുന്നത് കരിമീന് പൊളളിച്ചതാണ്. പിന്നെ, നടന് ദിലീപിന്റെ ദേ പുട്ടിലെ വെറൈറ്റി പുട്ടിനോടും പ്രിയം ഏറെയാണ്. അവിടെയെത്തിയാല് മൂന്നു മണിക്കൂറെങ്കിലും ചെലവിടും.
പുതിയ പ്രോജക്ടുകള്
അഹ്മദ് സംവിധാനം ചെയ്യുന്ന ഡ്രാമ മൂവിയായ ഇറയ്വന് ജൂണില് റിലീസാകും. നയന്താരയാണ് നായിക. ഇത്തരത്തിലുള്ള ഒരു കഥാപാത്രം ഞാന് മുമ്പ് ചയ്തിട്ടില്ല.
പ്രിയങ്ക മോഹന്, ഭൂമിക എന്നിവര് നായികമാരായെത്തുന്ന രാജേഷ് ചിത്രമാണ് മറ്റൊന്ന്. കീര്ത്തി സുരേഷ്, അനുപമ പരമേശ്വരന് എന്നിവര്ക്കൊപ്പമുള്ള സൈറണ് എന്ന ചിത്രം ഈ വര്ഷം അവസാനത്തോടെ ഉണ്ടാകും.