തിരുവനന്തപുരം : കരമനയിലെ ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് സംഘം നീങ്ങുന്നു. കാര്യസ്ഥൻ രവീന്ദ്രൻ പറഞ്ഞ കാര്യങ്ങൾ പലതും കളവായിരുന്നുവെന്നാണ് ഇപ്പോൾ അനേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
വിൽപത്രം ജയമാധവൻ നായർ രവീന്ദ്രന്റെ പേരിൽ തയാറാക്കിയെന്ന മൊഴി കളവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നൂറു കോടി രൂപയുടെ സ്വത്തു തട്ടിയെടുക്കാൻ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
രവീന്ദ്രന്റെ കൈവശമുള്ള സ്വത്തു വകകൾ വില്പന നടത്താതെ ശ്രദ്ധിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ല ക്രൈം ബ്രാഞ്ച് കോർപ്പറേഷൻ അധികൃതർക്കും റവന്യൂ രജിസ്ട്രേഷൻ അധികൃതർക്കും കത്ത് നൽകിയിട്ടുണ്ട്.
ജയമാധവൻ നായരുടെ മരണത്തിൽ കൂടുതൽ തെളിവുകളും അനേഷണവും പുരോഗമിക്കുകയാണ്.പല കാലങ്ങളായി ഒരു കുടുംബത്തിലെ അഞ്ചു പേരാണ് തിരുവനന്തപുരം കരമനയിലെ ഉമാമന്ദിരം എന്ന വീട്ടില്‍ അസ്വാഭാവിക സാഹചര്യങ്ങളിൽ മരിച്ചത്.
ജയമാധവൻ നായരാണ് ഏറ്റവും ഒടുവിൽ മരിച്ചത്. നൂറു കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ കാര്യസ്ഥനായ രവീന്ദ്രന്‍നായരും അകന്ന ബന്ധുക്കളും ചേര്‍ന്ന് പങ്കിട്ടെടുത്തതോടെയാണ് സംശയങ്ങളും ഉയർന്നത്.
അബോധാവസ്ഥയില്‍ വീട്ടിൽ കണ്ട ജയമാധവൻ നായരെ ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചുവെന്നായിരുന്നു കാര്യസ്ഥൻ മൊഴി നൽകിയിരുന്നത്.